കൊച്ചി: ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്തിന് കേരള ടീമില്‍ തിരിച്ചുവരാന്‍ അവസരമൊരുങ്ങുന്നു. ഐപിഎല്ലിലെ വാതുവയ്പിനെ തുടര്‍ന്നുള്ള ശ്രീശാന്തിന്റെ വിലക്ക് സെപ്തംബറില്‍ അവസാനിക്കും. വിലക്കിനുശേഷം കായിക ക്ഷമത തെളിയിച്ചാല്‍ ശ്രീശാന്തിനെ രഞ്ജി ട്രോഫിക്കുളള കേരള ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) വെളിപ്പെടുത്തി.
വിലക്ക് അവസാനിച്ചശേഷം ശ്രീശാന്തിനെ കേരള ടീമിലേക്ക് പരിഗണിക്കുമെന്ന് കേരളാ ടീമിന്റെ പുതിയ കോച്ച് ടിനു യോഹന്നാന് പറഞ്ഞു. കായികക്ഷമത തെളിയിച്ചലെ ടീമിലെടുക്കൂ. ഞങ്ങള്‍ എല്ലാവരും ശ്രീശാന്ത് വീണ്ടും കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണന്നും ടിനു കൂട്ടിച്ചേര്‍ത്തു.
ശ്രീശാന്ത് നേരത്തെ തന്നെ കഴിവ് തെളിയിച്ച കളിക്കാരനാണ്. ഗെയിമിലേക്ക് തിരിച്ചുവരാന്‍ എല്ലാ വിധ പിന്തുണയും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി ടിനു വെളിപ്പെടുത്തി.
ഏഴു വര്‍ഷമായി കളിക്കളത്തില്‍ നിന്ന് വിട്ടു നില്ക്കുന്ന താരമാണ് ശ്രീശാന്ത്. ക്രിക്കറ്റിലേക്ക്് തിരിച്ചുവരുന്നതിനായുള്ള പരിശീലനത്തിലാണ് ഈ പേസര്‍.
ഐപിഎല്‍ വാതുവയ്പിനെ തുടര്‍ന്ന് 2013 ആഗസ്തിലാണ് ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയത്. 2015ല്‍ ദല്‍ഹിയിലെ പ്രത്യേക കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. എന്നാല്‍ ബിസിസിഐ വിലക്ക് നീക്കിയില്ല. 2018ല്‍ കേരള ഹൈക്കോടതി വിലക്ക് നീക്കി. പക്ഷെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിലക്ക് നിലനിര്‍ത്തി. ഈ ഉത്തരവിനെതിരെ ശ്രീശാന്ത് സുപ്രീംകോടിതിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശ്രീശാന്തിന്റെ വിലക്കിന്റെ കാലാവധി കുറയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്ന്് ബിസിസിഐ വിലക്ക് ഏഴുവര്‍ഷമായി കുറച്ചു. ഈ സെപ്തംബറില്‍ വിലക്ക് അവസാനിക്കും.
മുപ്പത്തിയേഴുകാരനായ ശ്രീശാന്ത് 27 ടെസ്റ്റും 53 ഏകദിനങ്ങളും പത്ത് ടി 20 മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ 87 വിക്കറ്റും ഏകദിനത്തില്‍ 75 വിക്കറ്റും വീഴ്ത്തി. ടി 20 യില്‍ ഏഴു വിക്കറ്റും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: