ആനന്ദമയകോശവിവരണം തുടരുന്നു.
ശ്ലോകം 208
ആനന്ദമയകോശസ്യ
സുഷുപ്തൗ സ്ഫൂര്ത്തിരുത്കടാ
സ്വപ്നജാഗരയോരീഷദിഷ്ട
സന്ദര്ശനാദിനാ
ആനന്ദമയ കോശം പൂര്‍ണ്ണമായും പ്രകടമാകുന്നത് സുഷുപ്തിയിലാണ്. ജാഗ്രത്തിലും സ്വപ്നത്തിലും അത് ഭാഗികമായേ സ്ഫുരിക്കുകയുള്ളൂ. ഇഷ്ടവസ്തുക്കളുടെ ദര്‍ശനവും മറ്റും ആശ്രയിച്ചാണിത്. ഉറക്കത്തില്‍ ആനന്ദം അധികവും ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും കുറവുമാണ്. താമസരൂപത്തിലുള്ള സുഖാകാരവൃത്തിയാണ് ആനന്ദമയകോശം.
ദുഃഖം അനുഭവപ്പെടാത്തതിനാല്‍ ആനന്ദമയകോശം നന്നായി പ്രകാശിക്കുന്നത് സുഷുപ്തിയിലാണ്. ഉറക്കത്തിലാണ്. നല്ല ഉറക്കത്തിലാവുമ്പോള്‍ പിന്നെ ഒന്നും അറിയില്ല. ആ സമയത്ത് ഒന്നിനെക്കുറിച്ചും ഒരറിവുമുണ്ടാകില്ല. വിഷയങ്ങളെപ്പറ്റിയുള്ളതോ വികാരമോ വിചാരമോ ഒന്നും തന്നെയുണ്ടാകില്ല. എല്ലാറ്റിന്റെയും ഇല്ലായ്മയാണ് അവിടെ. ഈ അഭാവ അനുഭവം അജ്ഞാനം മൂലമാണ് സംഭവിക്കുന്നത്. അജ്ഞാനത്താല്‍ മൂടപ്പെടുന്നതിനാല്‍ ഉറക്കത്തിലെ ആനന്ദം നിത്യാനന്ദമല്ല. വസ്തുക്കളുടെ അഭാവവും അജ്ഞാനവുമാണ് ആനന്ദമയകോശത്തിന്റെ സ്വരൂപം. ഇതു തന്നെയാണ് അവിദ്യ എന്ന് പറയുന്നത്. ജഗത്തിനെക്കുറിച്ചോ അതിന് ആധാരമായ ബ്രഹ്മത്തെക്കുറിച്ചോ അറിയാന്‍ പറ്റാത്ത അവസ്ഥയാണ് സുഷുപ്തി.അതുകൊണ്ട് അത് അത് ശുദ്ധ അജ്ഞാനം തന്നെയാണ്. ആനന്ദമയകോശം ഉറക്കത്തില്‍ പൂര്‍ണ്ണമായിരിക്കുന്നു.
ആനന്ദമയകോശത്തിന്റെ ചെറിയ പ്രകടനം മാത്രമേ ജാഗ്രത്തിലും സ്വപ്നത്തിലും ഉണ്ടാകുന്നുള്ളൂ. ഇഷ്ട വസ്തുക്കള്‍ കാണുമ്പോഴും അനുഭവിക്കുമ്പോഴുമൊക്കെ മാത്രമാണ് അത് സംഭവിക്കുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ നാം അനുഭവിക്കുന്ന ആനന്ദം വിഷയാന്ദമാണ്. ഓരോ ആളിന്റെയും വാസനയ്ക്കനുസരിച്ച് അയാള്‍ക്ക് വിഷയങ്ങളില്‍ നിന്നും മറ്റും കിട്ടുന്ന താല്‍ക്കാലിക ആനന്ദമാണിത്. തനിക്ക് അനുകൂലമായ സാഹചര്യത്തില്‍ ശാരീരികമായും മാനസികമായും ബുദ്ധിപരമായുള്ള ഒരുമയുണ്ടാകുമ്പോള് സുഖം ഉള്ളതായി തോന്നും. പക്ഷേ ഇത് അധികകാലം നീണ്ടു നില്‍ക്കില്ല. ഉള്ളില്‍ ആനന്ദമുണ്ടെങ്കില്‍ മാത്രമാണ് വിഷയാനന്ദത്തെ അനുഭവിക്കാനാവുക.
യഥാര്‍ത്ഥത്തില്‍ ബ്രഹ്മാനന്ദത്തെ അനുഭവിക്കേണ്ടവരാണ് നാം. അതാണെങ്കിലോ സമുദ്രം പോലെയാണ് അതിലെ ആനന്ദത്തുള്ളിയുടെ ചെറുതരി മാത്രമാണ് വിഷയാനന്ദം. ഉറക്കത്തില്‍ ദുഃഖമുണ്ടാക്കുന്ന എല്ലാറ്റിന്റെയും ഇല്ലായ്മ ഒട്ടൊക്കെ സുഖത്തെ അനുഭവിപ്പിക്കും. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നം കാണുമ്പോഴും മറ്റു പല ചിന്തകളോ വൃത്തികളോ സുഖത്തിന് തടസ്സമുണ്ടാക്കും. എന്നാല്‍ ഉറക്കത്തില്‍ മറ്റു വൃത്തികള്‍ ഒന്നുമില്ലാത്തതിനാല്‍ ആനന്ദം കൂടുതലായി അനുഭവപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: