ബെംഗളൂരു: കൊറോണ രോഗവ്യാപനത്തിനെതിരെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വ്യാഴാഴ്ച ‘മാസ്ക് ഡേ’ ആചരിച്ചു. മാസ്കു ധരിക്കേണ്ടതിന്റെയും സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെയും ആവശ്യകത ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ വാര്‍ഡ്, താലൂക്ക്, ജില്ലാതലത്തില്‍ ബോധവത്ക്കരണ കാല്‍നട റാലികള്‍ സംഘടിപ്പിച്ചു. ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ റാലികളില്‍ പങ്കാളികളായി
വിധാന്‍ സൗധയില്‍ നിന്ന് കബന്പാര്ക്കിലേക്ക് നടന്ന റാലിയില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോല, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകര്‍, റവന്യു മന്ത്രി ആര്. അശോക്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം അനില്‍ കുംബ്ലെ, നടന് പുനീത് രാജ്കുമാര് തുടങ്ങിയവര്‍ പങ്കെടുത്തു. മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കല്‍, പതിവായി കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് റാലിയില്‍ പങ്കെടുത്തവര്‍ ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്കി. റോഡരുകില്‍ നിന്നവര്‍ക്ക് മുഖ്യമന്ത്രി മാസ്ക് വിതരണം ചെയ്തു.
ബോധവത്ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൈകിട്ട് വിധാന്‍ സൗധയിലെ അംബേദ്ക്കര്‍ പ്രതിമയ്ക്കു സമീപം ചലച്ചിത്രതാരങ്ങളും കായിക താരങ്ങളും ഒത്തുചേരും.
മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാസ്ക് ഡേ ആചരിക്കുന്ന തീരുമാനം അറിയിച്ചത്. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നൂറു രൂപ മുതല്‍ പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: