പെരിയ: പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനെത്തുന്നവര്‍ക്ക് വാഹനങ്ങളുടെ ടയറുകളില്‍ കാറ്റടിക്കാന്‍ സൗകര്യമില്ലെന്ന് വ്യാപക പരാതി. പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനെത്തുന്നവര്‍ക്ക് ടയറുകളില്‍ വായു നിറക്കാനുള്ള സൗകര്യമൊരുക്കണമെന്നാണ് നിയമം. എന്നാല്‍ ജില്ലയിലെ ബഹുഭൂരിപക്ഷം പമ്പുകളില്‍ ഈ സൗകര്യമില്ലെന്ന് വാഹന ഉടമകള്‍ പരാതിപ്പെടുന്നു. നഗരത്തിലും പരിസര പ്രദേശങ്ങളിലേയും ബങ്കുകളില്‍ എത്തുമ്പോള്‍ എയര്ഫില്ലിങ്ങ് മെഷിന് പ്രവര്‍ത്തന രഹിതമായ നിലയിലാണെന്ന പരാതി വ്യാപകമാണ്. ഇന്ധനം നിറയ്ക്കാനെത്തുന്നവര്‍ക്ക് സൗജന്യമായി ടയറുകളില്‍ കാറ്റ് നിറയ്ക്കാനുള്ള സൗകര്യം അനുവദിച്ചില്ലെങ്കില്‍ 25,000 രൂപ പിഴയാണ്.
കാറ്റ് നിറയ്ക്കാന്‍ പ്രത്യേകം ജീവനക്കാരെ നിയോഗിക്കണമെന്ന് പെട്രോള്‍ ബങ്കിന് അനുമതി നല്കുമ്പോള് വ്യവസ്ഥയുണ്ട്. വൃത്തിയുള്ള ശുചിമുറി, ശുദ്ധമായ കുടിവെള്ളം, ടയറുകളില്‍ കാറ്റ് നിറയ്ക്കാനുള്ള സൗകര്യവും നിര്‍ബന്ധമായും സൗജന്യ സേവനമായി ഉണ്ടാകണമെന്നാണ് മാനദണ്ഡം. പെട്രോള്‍ പമ്പുകളില്‍ പ്രഥമ ശുശ്രൂഷ കിറ്റുകള്‍ മുതല്‍ ഇന്ധനത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതുവരെ 6 സൗജന്യ സേവനങ്ങള്‍ പൊതു ജനങ്ങളുടെ അവകാശമാണ്.
ജില്ലയിലെ പല പമ്പുകളിലും ഈ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പെട്രോള്‍, ഡീസല്‍ ഗുണനിലവാര പരിശോധന ഉറപ്പിക്കാന്‍ ഫില്‍റ്റര്‍ പേപ്പര്‍ ആവശ്യപ്പെടാം. ഇന്ധനത്തിന്റെ അളവില്‍ സംശയമുണ്ടെങ്കില്‍ അളവ് പരിശോധന ആവശ്യപ്പെടാം.
റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ പ്രഥമ ശുശ്രൂഷ നല്കി സഹായിക്കാന്‍ പൂര്‍ണമായ സൗജന്യ പ്രഥമശുശ്രൂഷകള്‍ ഇവിടെ ഉണ്ടാകണമെന്നതാണ് നിയമം. പരിക്കേറ്റവരുടെ ബന്ധുക്കളെ വിളിക്കാന്‍ സൗജന്യ കോള്‍ സെന്ററും ഉണ്ടാവണം. ഈ സൗകര്യങ്ങളുള്ള പമ്പുകള്‍ ജില്ലയില്‍ 15 ശതമാനത്തോളം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: