കാലടി: തളിയല്‍ പ്രദേശത്ത് അതിരൂക്ഷമായ യാത്രാക്ലേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും യാത്രയ്ക്കായി വളരെയധികം ബുദ്ധിമുട്ടുന്നു. കെഎസ്ആര്‍ടിസി തളിയലിനെ കൈയ്യൊഴിഞ്ഞിട്ട് വര്‍ഷങ്ങളായി. പേരിന് ഒന്നോ രണ്ടോ സര്‍വീസുകള്‍ മാത്രമാണ് തളിയല്‍ വഴി ഇപ്പോള്‍ നടത്തുന്നത്. ഇപ്പോള്‍ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. നാല് സ്വകാര്യ ബസ്സുകള്‍ക്കാണ് തളിയല്‍ വഴി സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്.
തമലം- വഴയില റൂട്ടില്‍ രണ്ട് ബസ്സുകള്‍ക്കും മെഡിക്കല്‍ കോളേജ്-കൊഞ്ചിറവിള റൂട്ടില്‍ രണ്ടു ബസ്സുകള്‍ക്കും ആണ് പെര്‍മിറ്റ് ഉള്ളത്. തമലം- വഴയില റൂട്ടില്‍ ഓടുന്ന ബസ്സുകള്‍ക്ക് രാവിലെ 5 മണിക്ക് തുടങ്ങി രാത്രി 9.27 ന് അവസാനിക്കുന്ന എട്ടു ട്രിപ്പുകളും, മെഡിക്കല്‍ കോളേജ്-കൊഞ്ചിറവിള റൂട്ടില്‍ ഓടുന്ന ബസ്സുകള്‍ക്ക് രാവിലെ 5.10 ന് തുടങ്ങി രാത്രി 9ന് അവസാനിക്കുന്ന എട്ടു ട്രിപ്പുകളും ആണ് ഉള്ളത്. നാലു ബസ്സുകള്‍ക്കും കൂടി ഒരു ദിവസം 32 ട്രിപ്പുകള്‍.
എന്നാല്‍ വെറും നാലു തവണ മാത്രമാണ് സ്വകാര്യ ബസ്സുകള്‍ തളിയല്‍ വഴി സര്‍വീസ് നടത്തുന്നത്. മറ്റ് സമയങ്ങളില്‍ തമലം-വഴയില റൂട്ടില്‍ ഓടുന്ന ബസ്സുകള്‍ കാലടിയിലും മെഡിക്കല്‍ കോളേജ്-കൊഞ്ചിറവിള റൂട്ടില്‍ ഓടുന്ന ബസ്സുകള്‍ തമ്പാനൂരിലും എത്തി മടങ്ങിപ്പോകും. ഇത്തരത്തില്‍ പെര്‍മിറ്റ് ലംഘനം നടത്തുന്ന കാര്യം പല തവണ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഫലപ്രദമായ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. യാത്രാക്ലേശത്തിന് ശാശ്വതമായ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് സമരപരിപാടികള്‍ക്ക് രൂപം കൊടുക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: