ബെംഗളൂരു: കന്നഡ മനസ്സിലാക്കാനും സംസാരിക്കാനും അറിയാത്തവര്‍ക്കായി സംസ്ഥാന കന്നഡ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സി.ടി. രവി ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ ആരംഭിച്ചു. മന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ‘കലി കന്നഡ’ എന്ന പേരില്‍ ക്ലാസുകള്‍ ആരംഭിച്ചത്.
കര്‍ണാടക സ്ഥാനത്തേക്ക് വരുന്നവരെ കന്നഡ ഭാഷ പഠിപ്പിക്കേണ്ടത് സംസ്ഥാനത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് മന്ത്രി ട്വിറ്ററിലൂടെ പങ്കു വെച്ചു.
എല്ലാ ദിവസവും കന്നഡ പാഠങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യും. കഴിഞ്ഞ ദിവസം ആദ്യ രണ്ടു പാഠങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവ കന്നഡയിലെ അഭിവാദ്യവും ആമുഖങ്ങളും കന്നഡ സംഭാഷണ ശൈലികളുടെ ഒരു പട്ടികയായിരുന്നു. കൂടാതെ തുടക്കക്കാര്‍ക്കായി കന്നഡ പഠാവലിയും ഉള്‍പ്പെടുത്തി.
രാജ്യത്തെ പ്രാദേശിക ഭാഷകള്‍ പലതും അപകടഭീഷണി നേരിടുന്നതായി മന്ത്രി പറഞ്ഞു. കന്നഡ പഠിക്കാന്‍ ആളുകള്‍ക്കിടയില്‍ താല്‍പര്യം സൃഷ്ടിക്കുന്നതിനാണ് ഈ ശ്രമം. ട്വിറ്റര്‍ ക്ലാസ് ഉപയോഗിച്ച് കന്നട ഭാഷയില്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നവര്‍ക്ക് പിന്നീട് ഓഫ്ലൈന്‍ ആയി കന്നഡ പഠിക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുറഞ്ഞത് 100 ദിവസമെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു. ക്ലാസുകള്‍ക്കായുള്ള പാഠഭാഗങ്ങള്‍ വകുപ്പ് അധികൃതര്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കന്നഡ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ബാങ്കുകളിലെ സേവനങ്ങളുടെ വിവരങ്ങള്‍ കന്നഡയില്‍ ലഭ്യമാക്കണമെന്നും സൈന്‍ബോര്‍ഡുകള്‍ കന്നഡയില്‍ കൂടി തയ്യാറാക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഗ്രാമീണ മേഖലയില്‍ ബാങ്കുകളില്‍ കന്നഡയില്‍ വിവരങ്ങള്‍ നല്‍കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടനുഭവിക്കുന്നതായുള്ള നിരവധി പരാതികള്‍ സര്‍ക്കാരിനു ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: