കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രധാനപ്രതിയായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കീഴടങ്ങി. പോലീസിന്റെ ഒത്താശയോടെ എറണാകുളം സെഷന്‍സ് കോടതിയിലെത്തിയാണ് പനങ്ങാട് സ്വദേശി സഹല്‍ കീഴടങ്ങിയത്. കേസില്‍ പത്താം പ്രതിയാണ് ഇയാള്‍ രണ്ടു വര്‍ഷമായി ഒളിവിലായിരുന്നു.
കൊറോണക്കാലത്ത് എസ്ഡിപിഐ പ്രതിസ്ഥാനത്ത് നില്ക്കുന്ന പ്രധാനപ്പെട്ട രണ്ട് കേസുകളിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങാന്‍ നിയമോപദേശം തേടിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍, ഇതില്‍ തുടര്‍ നടപടി സ്വീകരിക്കാതെ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് പോലീസിന്റെ കണ്മുന്നിലൂടെ എത്തി സഹല്‍ കീഴടങ്ങിയതെന്ന് അരോപണം ഉയര്‍ന്നിട്ടുണ്ട്.
അഭിമന്യുവിനെ കുത്തിയ പ്രതി, തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി എന്നിവര്‍ കീഴടങ്ങുമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ ഒരു നടപടിയും പോലീസ് സ്വീകരിച്ചില്ല. കൊറോണ കാലത്ത് കീഴടങ്ങി കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുളള നീക്കമാണ് പോലീസും പ്രതിയും ചേര്‍ന്ന് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. കൊറോണ റെഡ് സോണിലാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്ന് കോടതിയില്‍ മൊഴി നല്കിയാല് 14 ദിവസം ജയിലിലെ ക്വാറന്റൈന് സെല്ലിലാണ് പാര്‍പ്പിക്കേണ്ടിവരും. ഈ സാഹചര്യമെല്ലാം മുന്‍കൂട്ടികണ്ടാണ് സഹല്‍ ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്.
മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിന് രാത്രിയാണ് മതതീവ്രവാദ സംഘടനയായ എസ്ഡിപിഐ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിക്കുന്നത്. ക്യാംപസിലെ ചുവരെഴുത്തിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ ഇനി ഒരു പ്രതികൂടി കീഴടങ്ങാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: