കൊട്ടാരക്കര: മൂന്ന് വര്‍ഷംകൊണ്ട് ആറ് ലക്ഷം തൈ ഉത്പാദിപ്പിച്ച് സാലി വീട്ടുപരിസരത്ത് ഒരുക്കിയത് വേറിട്ടൊരു ഹരിത വിപ്ളവം! സ്വന്തം വീടിന്റെ ടെറസില്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിച്ചുകൊണ്ട് സാലി തുടങ്ങിയ ഹരിത പ്രവര്‍ത്തനമാണ് ഇന്ന് സംസ്ഥാനമൊട്ടാകെ പ്രസിദ്ധി നേടിയിരിക്കുന്നത്.
കുളക്കട മുഹൂര്‍ത്തിക്കാവ് കാര്‍ത്തികയില്‍ സാലി മനോജിന്റെ(44) കാര്‍ഷിക വിജയത്തിന് കൃഷിവകുപ്പിന്റെ കീഴിലുള്ള പന്തളം ഫാമിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മനോജിന്റെ പ്രോത്സാഹനവുമുണ്ട്. വെണ്ടയും ചീരയും തക്കാളിയും പാവലും പടവലവും കോളി ഫ്ളവറും കാബേജുമടക്കം മിക്ക പച്ചക്കറികളും ഇവരുടെ ടെറസ് നിറയെയുണ്ട്. അടുക്കളയ്ക്ക് വേണ്ടതെടുത്താല് ചില്ലറ വില്പ്പനയ്ക്കുമുണ്ട്.
പുരയിടത്തിലേക്ക് ഹരിതകൂടൊരുക്കി തൈ ഉത്പാദന യൂണിറ്റ് തുടങ്ങി. പച്ചക്കറി ഇനങ്ങളും ഫലവൃക്ഷ തൈകളും കുറ്റികുരുമുളക് തൈകളും ഇവിടെ ഉത്പാദിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആവശ്യക്കാരേറെയുണ്ടായപ്പോള് നഴ്സിംഗ് ജോലി ഉപേക്ഷിച്ച സാലി ഇവിടം പ്രധാന തൊഴിലിടമാക്കി. ഇതിനകം ആറ് ലക്ഷം തൈകള്‍ വിതരണം ചെയ്തുകഴിഞ്ഞു.
സ്കൂളുകളിലെ എന്‍എസ്എസ് യൂണിറ്റുകള്‍ വഴി വിതരണം ചെയ്ത പച്ചക്കറി തൈകളും സാലിയുടെ നഴ്സറിയിലേതാണ്. ഒട്ടുമിക്ക ഗ്രാമപഞ്ചായത്തുകളും ഇവിടെ നിന്നും തൈകള്‍ വാങ്ങുന്നുണ്ട്. ഓര്‍ഡര്‍ നല്കിയാല് എവിടെയും എത്തിച്ച് നല്‍കാനുള്ള സൗകര്യവുമുണ്ട്. നാടാകെ പച്ചപ്പ് പടര്‍ത്താന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സാലി.
സദാനന്തപുരം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും നഴ്സറി മാനേജ്മെന്റിന്റെ പരിശീലനം ലഭിച്ചു. മാവേലിക്കര സ്വദേശിനിയായ കൂട്ടുകാരി ജെയ്സി അച്ചന്‍കുഞ്ഞാണ് വലിയ പ്രോത്സാഹനം നല്‍കിയതെന്നും സാലി പറഞ്ഞു. കുളക്കട ഗ്രാമപഞ്ചായത്തും കൃഷിഭവനും ഇപ്പോള്‍ സഹായങ്ങളെത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: