തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പരസ്യം നല്കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ ഡോം
പ്രമുഖമായ ഇ-കോമേഴ്സ് സൈറ്റുകള്‍ക്ക് സമാനമായ സൈറ്റുകള്‍, കുറഞ്ഞ തുകയ്ക്ക് ബ്രാന്‍ഡഡ് ആയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട്, സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങളായും , വാട്സ്ആപ്പ്, ഇ-മെയില്‍ എന്നിവ വഴി ലഭിക്കുന്ന ലിങ്ക്കുളായും ലഭ്യമാക്കി തട്ടിപ്പുകള്‍ നടത്തുന്നത് കൂടുതലായി കണ്ടുവരുന്നു. ഇത്തരം വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുമെന്ന് കരുതി പണം നല്‍കുന്നവര്‍ക്ക് പണം നഷ്ടപെടുന്നതിനും കാരണമാകുന്നു.
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതലായി ഇ-കോമേഴ്സ് സൈറ്റുകളെ ആശ്രയിക്കുന്ന സാഹചര്യം മുതലാക്കിയാണ് തട്ടിപ്പുകാര്‍ അവസരം മുതലെടുക്കുന്നത്. ഇത്തരം വ്യാജ സൈറ്റുകളെ തിരിച്ചറിയുന്നതിനു അത്തരം സൈറ്റുകളുടെ വെബ്സൈറ്റ് വിലാസം പരിശോധിച്ചാല്‍ സാധിക്കും. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം എന്ന് ലോക്ക്ഡൗണ്ന്റെ ആദ്യകാലങ്ങളില്‍ തന്നെ സൈബര്‍ഡോം ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
ഈ തരത്തിലുള്ള തട്ടിപ്പുകള്‍ കൂടുതലായി കണ്ടു വരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. തട്ടിപ്പുകള്‍ നടത്തുന്ന രീതി ദിനംപ്രതി മാറി വരുന്ന സാഹചര്യത്തില്‍, ഇത്തരം തട്ടിപ്പുകളെ കുറിച്ച് മനസിലാക്കുവാനും, ജാഗ്രത പുലര്‍ത്തുവാനുമായി നിരന്തരമായി കേരള പോലീസ്, സൈബര്‍ഡോം എന്നിവയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടെന്ന് എഡിജിപിയും, സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: