അരൂര്‍: പൊള്ളലേറ്റ് ചികിത്സയ്ക്കായി ആംബുലന്‍സില്‍ പോകവെ യുവതി വാഹനാപകടത്തില്‍ മരിച്ചു. ലോറിക്ക് പിന്നില്‍ ആംബുലന്‍സ് ഇടിച്ചായിരുന്നു അപകടം. രണ്ടുപേര്‍ക്ക് പരിക്ക്. വൈക്കം കുടവെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് പുളിമൂട്ടില്‍ അഹല്യ ദേവി (32)യാണ് മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന അമ്മാവന് ദിലീപ് കുമാര്‍ (42), അച്ഛന് നടരാജന് (60) എന്നിവരെ പരിക്കുകളോടെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആബുംലന്‍സ് ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അമ്മവീട്ടില്‍ കഴിയുകയായിരുന്ന അഹല്യ ദേവി ചൊവ്വാഴ്ച വൈകിട്ട് മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ദേഹത്തും മുഖത്തും കൈകളിലും പൊള്ളലേറ്റ ഇവരെ ഉടന്‍ തന്നെ വീട്ടുകാര്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കൂടുതല്‍ ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടുപോയി. എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രികള്‍ കയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ മാത്രം നല്‍കിയിരുന്നു.
അവരുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ ചികിത്സക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴി ചൊവ്വാഴ്ച രാത്രി അരൂര്‍ ക്ഷേത്രം കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ലോറിയെ മറികടക്കുന്നതിനിടെ വടക്കുനിന്ന് തെക്കോട്ട് വരികയായിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രോഗി സ്ട്രച്ചറില്‍നിന്ന് താഴെ വീണതായി പറയപ്പെടുന്നു. ഉടന്‍ തന്നെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുറച്ചു നാളുകളായി ഭര്‍ത്താവുമായി പിണക്കത്തെത്തുടര്‍ന്ന് അമ്മ വീട്ടില്‍ വന്ന് താമസിക്കുകയായിരുന്നു ഇവര്‍. ഭര്‍ത്താവ് ബിനോയ് ഹൈദരാബാദിലെ ആശുപത്രിയില്‍ മെയില്‍ നഴ്സാണ്. ഏകമകള്‍: ലിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: