തിരുവനന്തപുരം: ഒരുകാലത്ത് കേരളത്തില്‍ നാടകവേദികളില്‍ നിറഞ്ഞുനിന്നിരുന്ന ഹരികുമാറിന് അഭിനയം ജീവനാണ്. കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുന്നതിലും പിന്തുണയക്കുന്നതിലും മുന്നിലാണ്. മോഹന്‍ലാലും കൂട്ടുകാരും എന്ന പേരില്‍ ജന്മഭൂമി ദുബായില്‍ സംഘടിപ്പിച്ച മെഗാഷോയുടെ പ്രധാന സ്പോണ്‍സറാകാന്‍ സന്തോഷത്തോടെ സമ്മതിച്ചതും മനസ്സിലുള്ള അഭിനയ താല്പര്യമാണ്. എന്നാല്‍ ഗള്‍ഫില്‍ വിജയിച്ച ബിസിനസ്സുകാരനായ ഹരികുമാറിന് ജീവിതത്തില്‍ അഭിനയമില്ല. സ്നേഹവും കാരുണ്യവും സേവനവും ഒക്കെ പച്ചയായ യാഥാര്‍ത്ഥ്യം മാത്രം. കോവിഡ് ദുരിതകാലത്തും അത് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ ആര്. ഹരികുമാര്‍ .
തന്റെ കമ്പനി ജീവനക്കാര്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കിയ മലയാളി ബിസിനസുകാരന് ദുരിതകാലത്ത് ഒപ്പം നില്‍ക്കുന്നവരെ എങ്ങനെ തുണയ്ക്കാം എന്ന മാതൃക കാട്ടി. നാട്ടില്‍ പോകാന്‍ ആഗ്രഹിച്ച 120 ജീവനക്കാരെയാണ് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചത്.അതോടൊപ്പം വിമാന ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടിലായ പുറത്തുനിന്നുള്ള അമ്പതോളം പേര്‍ക്കും അവസരം നല്കി, വര്‍ത്തമാനം പറച്ചിലിനപ്പുറം പ്രവര്‍ത്തിയിലാണ് കാര്യമെന്ന് ആലപ്പുഴ അമ്പലപ്പുഴ സ്വദേശിതെളിയിച്ചു.
എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന് കീഴിലുള്ള 12 കമ്പനികളിലെ മലയാളി ജീവനക്കാരാണ് നാട്ടിലെത്തിയത്. ഇവര്‍ക്ക് മാസ്ക്, ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ്, സുരക്ഷാ കവറോള്‍, സാനിറ്റൈസര്‍ എന്നിവയടക്കമുള്ള പിപിഇ കിറ്റുകള്‍ നല്കി. കൂടാതെ, അവരവരുടെ വീടുകളിലേയ്ക്ക് എത്താനുള്ള വാഹന സൗകര്യവും ഏര്‍പ്പെടുത്തി. മൂന്നു മാസത്തെ അവധിക്കാണ് ജീവനക്കാര്‍ പോകുന്നത്. ഒരു മാസത്തെ അവധിക്കാല ശമ്പളവും നല്കി.
കോവിഡ് അകന്ന് സാധാരണ നിലയിലാകുമ്പോള്‍ ഇവരെയെല്ലാം തിരിച്ചുകൊണ്ടുവരുമെന്ന് ഹരികുമാര്‍ ജന്മഭുമിയോട് പറഞ്ഞു. ‘നാട്ടില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജീവനക്കാരെ സഹായിക്കുകയും താത്പര്യമുള്ളവര്‍ക്ക് തന്റെ കോയമ്പത്തൂരിലെ കമ്പനിയില്‍ ജോലി ചെയ്യാന്‍ അവസരം ഒരുക്കുകയും ചെയ്യും. കഴിഞ്ഞ മൂന്ന് മാസമായി അനുഭവിച്ചുവരുന്ന മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് മോചിതരാകാന്‍ ജീവനക്കാര്‍ക്ക് ഇതോടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത്’ ഹരികുമാര്‍ പറഞ്ഞു.
എലൈറ്റ് ഗ്രൂപ്പിന് കീഴില്‍ 12 കമ്പനികളിലായി രണ്ടായിരത്തോളം ജീവനക്കാരാണുള്ളത്. ഇവരില്‍ 900 പേരും മലയാളികളാണ്. കോവിഡിനെ പേടിച്ചുകൊണ്ടിരുന്ന സമയത്ത് ജീവനക്കാര്‍ക്കെല്ലാം ഭക്ഷണം നല്‍കുകയും സുരക്ഷിതരായി താമസിപ്പിക്കുകയും ചെയ്തിരുന്നു.നാട്ടില്‍ പോകാന്‍ ആഗ്രഹിച്ച എല്ലാവരേയും നാട്ടിലേയ്ക്ക് അയയ്ക്കാനും കഴിഞ്ഞു. വാര്‍ത്ത അറിഞ്ഞതൊടെ മറ്റ് സ്ഥാപനങ്ങലില്‍ ജോലി ചെയ്യുന്ന നിരവധി പേര് സഹായം അഭ്യര്‍ത്ഥിച്ച് സമീപിച്ചു. എല്ലാം തന്നെ അര്‍ഹതപ്പെട്ട ആളുകളാണ്. അതിനാല്‍ രണ്ട് ചാര്‍ട്ട വിമാനങ്ങള്‍ കൂടി നാട്ടിലേയ്ക്ക് അയയ്ക്കുന്നത് ആലോചിക്കുകയാണ്’ ഹരികുമാര്‍ പറഞ്ഞു.
ഒരുകാലത്ത് കേരളത്തില്‍ നാടകവേദികളില്‍ നിറഞ്ഞുനിന്നിരുന്ന ഹരികുമാര്‍ ഗള്‍ഫില്‍ ബിസിനസ് രംഗത്ത് ചുവടുറപ്പിക്കുകയുമായിരുന്നു. ഭാര്യ: കലാ ഹരികുമാര്‍. മക്കള്‍: ഡോ.സൗമ്യ ഹരികുമാര്‍, ഡോ.ലക്ഷ്മി ഹരികുമാര്‍. മരുമക്കള്‍:ഡോ.മുരളി രാജ്, ഡോ.രാഹുല്‍ രാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: