ഭാരത സൈന്യം ചരിത്രത്തിന്റെ പാഠങ്ങളില്‍ നിന്ന് പഠിയ്ക്കണം. Indian Army should learn from historical lessons. മൂന്ന് വര്‍ഷം മുന്നേ ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് കണ്ണുരുട്ടിക്കാട്ടിയ വാചകമാണിത്.
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ലോകത്തിനു നല്കിയ മണ്ണില്‍ ചവിട്ടി നിന്നു പറയട്ടെ ചൈനീസ് പട്ടാളക്കാരാ, നാഥുലയിലേക്കു വരൂ. അതിര്‍ത്തിയിലെ ആ വലിയ വാതില്‍ തുറന്ന് പവിത്രമായ ഈ മണ്ണിലേക്കു വരൂ. തണുത്തുറഞ്ഞ, രക്തം മരവിച്ചു പോകുന്ന ഈ പ്രഭാതത്തില്‍ നമുക്ക് പരസ്പരം ഓരോ കപ്പ് ചായ പങ്കു വെക്കാം. താങ്കള്‍ക്ക് തിരികെ പോകാം. അല്ലാതെ ചരിത്രം നല്കുന്ന പാഠം ഓര്‍മ്മിക്കൂ എന്ന് പറയുന്നതില്‍ ഉറച്ചുതന്നെയാണ് നില്ക്കുന്നതെങ്കില് ചരിത്ര പുസ്തകങ്ങളില്‍ പോലും ചൈന അവശേഷിച്ചില്ലെന്ന് വരും.
ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കുന്നത് നന്നാവും. ചരിത്രം ഓര്‍ക്കുന്നത് നന്നാവും എന്നൊക്കെ നമ്മുടെ സഹോദരദേശം ഇടയ്ക്കിടെ പറയാറുണ്ട്. 1962ലെ യുദ്ധത്തെ കുറിച്ചാണ് ചൈന പറഞ്ഞു വരുന്നതെങ്കില്‍ 1962 നു ശേഷമുള്ള കാര്യങ്ങള്‍ ചൈനയും ഓര്‍ക്കുന്നത് നന്നാവും. കാരണം ചരിത്രം എന്നു പറയുന്നത് ഓര്‍മ്മകളുടെ സമരമാണ്. മറവികള്‍ക്ക് മേലുള്ള ഓര്‍മ്മകളുടെ സമരം.
1951 ല്‍, ചൈന ടിബറ്റ് കൈവശപ്പെടുത്തിയപ്പോള്‍ ചൈനീസ് പട്ടാളം പടിഞ്ഞാറന്‍ ടിബറ്റിലെത്തി. സിങ്ക്യാംഗില്‍ നിന്ന് കാരക്കാഫ് നദിയുടെ താഴ്വരകളിലൂടെ ചൈന കണ്ടുപിടിച്ച പുതിയ വഴി ടിബറ്റന്‍ പീഠഭൂമിയിലേക്ക് എളുപ്പമാര്ഗ്ഗമായിരുന്നു. അതിനാല്‍ ചൈനീസ് പട്ടാളം കടന്നു പോയ വഴികളിലൂടെ വാഹന ഗതാഗതത്തിനായി ഒരു പുതിയ പാത നിര്‍മ്മിക്കപ്പെട്ടു. 1951 ലാണ് ഇതിന്റെ ജോലികള്‍ രഹസ്യമായി ആരംഭിച്ചത്. ഈ നിര്‍മ്മാണ പ്രവര്‍ത്തനം ലോകം അറിഞ്ഞത് ഏറെ വൈകി.
1956 ലാണ് ഇന്ത്യ പോലും ഇക്കാര്യം അറിഞ്ഞത്. ഇന്ത്യ-ചൈന ഭായ് ഭായ് മുദ്രാവാക്യം ഉയര്‍ന്നു കേട്ടിരുന്ന നാളുകള്‍. വിദേശ നയങ്ങള്‍ ബ്രിട്ടണിലെ സര്‍വ്വകലാശാലകളില്‍ നിന്ന് അരച്ചുകലക്കി കുടിച്ച മഹാനായ നെഹ്രുവിയന്‍ തന്ത്രങ്ങളുടെ കാലഘട്ടം. ലഡാക്കിലെ ഈ നിര്‍മ്മിതി ചരിത്രം മാറ്റി മറിച്ചു. ടിബറ്റിലെ ആത്മീയ മുന്നേറ്റവും, ആത്മീയാചാര്യന് ദലൈലാമയുടെ ടിബറ്റില്‍ നിന്നുള്ള പലായനവും മക്മഹോന് രേഖയെ തുടര്‍ന്നുള്ള തര്‍ക്കവുമെല്ലാം സ്ഥിതി വഷളാക്കി. 1959 മുതല്‍ പലതവണ ചൈനയും ഭാരതസൈന്യവുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടായി.
1962 ല്‍ ചൈനയുടെ കയ്യേറ്റം ശക്തമായി. സൈന്യം യുദ്ധസജ്ജമല്ലെന്ന് അറിയിച്ചിട്ടും തോല്‍വി മാത്രം മുന്നില്‍ കണ്ട് പ്രതികൂല സാഹചര്യങ്ങളോട് പോരാടേണ്ടി വന്നു നമ്മുടെ സൈന്യത്തിന്. 1962 ല്‍ സൈന്യം നേരിട്ട ഏറ്റവും വലിയ പ്രശ്നം കാലാവസ്ഥയോടുള്ള പൊരുത്തപ്പെടലുകളും ആയുധ ദൗര്‍ലഭ്യവുമായിരുന്നു. ആ 1962 ഓര്‍മ്മിക്കാനാണ് ചൈന പറയുന്നത്.
ആ യുദ്ധത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ ഒരാളെ കുറിച്ച് പറയാതിരിക്കാനാവില്ല. ബാബാ ജസ്വന്ത് സിങ് റാവത്ത്. ഒരു ഇന്‍ഫെന്‍ട്രി ഡിവിഷനെ മുഴുവന്‍ 48 മണിക്കൂര്‍ ഒറ്റയ്ക്കു തടഞ്ഞു നിര്‍ത്തിയ ധീരനായ ഭാരതീയ സൈനികന്. ഘര്വാള് റൈഫിള്‍സിലെ റൈഫിള്‍മാന്‍ ആയിരുന്നു അദ്ദേഹം. ആ പേര് ഒരു ഓര്‍മ്മപ്പെടുത്തലാണ്. ചൈനീസ് പട്ടാളം അദ്ദേഹത്തെ ചതിയില്‍ കീഴ്പ്പെടുത്തി കഴുത്തറുത്ത് കൊല്ലുന്നതിനു മുന്‍പേ ഭാരതത്തിന്റെ അതിര്‍ത്തി ആക്രമിച്ചു കടന്ന മുന്നൂറു ചൈനീസ് സൈനികരെ അദ്ദേഹം കാലപുരിയ്ക്കയച്ചിരുന്നു.
ജസ്വന്ത് സിങ് റാവത് ഇന്ന് ആ അതിര്‍ത്തി സംരക്ഷിയ്ക്കുന്ന ബാബയായിരിക്കുന്നു. അദ്ദേഹത്തിനായി പണിത സ്മൃതിമന്ദിരത്തില്‍ യൂണിഫോമും ബൂട്ടുകളും ആയുധങ്ങളും എന്തിന് വെള്ളവും സോപ്പും പേസ്റ്റും ദിനപ്പത്രവും പോലും അദ്ദേഹത്തിനായി ഒരുക്കി വയ്ക്കും. ഇന്നുവരെ അദ്ദേഹത്തിനായി കൃത്യമായ ശമ്പളവും പ്രമോഷനും നല്കുന്നു. കാലാകാലങ്ങളായി അവധി നല്കുന്നു. അദ്ദേഹം നമ്മോടൊപ്പമുണ്ടായിരുന്നെങ്കില്‍ എങ്ങനേയോ അതുപോലെ ആ ഓര്‍മ്മകള്‍ സംരക്ഷിക്കുന്നു. ഓരോ ഭാരത സൈനികനും ബാബാ ജസ്വന്ത് സിങ് റാവത്ത് ഇന്ന് കാവലാളായിരിക്കുന്നു.
കാലം ഒരു പാട് മുന്നോട്ട് പോയി. ചരിത്രം മറന്നു പോകരുതെന്ന് ഭാരതത്തെ ഓര്മിപ്പിക്കുന്നവര് കണ്ടില്ലെന്ന് നടിക്കുന്നത് ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയായ് ഉയര്‍ന്നു വരുന്ന ഭാരതത്തെയാണ്. കരുക്കള്‍ നീക്കി ചൈനയെ നാലുഭാഗത്തു നിന്നും വരിഞ്ഞുമുറുക്കി മുന്നേറുന്ന നരേന്ദ്ര മോദിയുടെ നയതന്ത്ര യാഗാശ്വത്തെയുമാണ്.
പ്രതിരോധം
പ്രതിരോധമാണ് ഏറ്റവും മികച്ച ആക്രമണമെന്ന് അംഗീകരിച്ചേ മതിയാവൂ. ഭാരതം നമ്മുടെ അതിര്‍ത്തികളില്‍ പ്രതിരോധത്തിനായി കഴിഞ്ഞകാലങ്ങളില്‍ ചെറുതല്ലാത്ത മുതല്‍മുടക്കാണ് നടത്തിയിട്ടുള്ളത്. ഇനിയും ഭായി-ഭായി എന്ന് കരുതിയിരിക്കാന്‍ നമ്മള് മണ്ടന്മാരല്ല. ഐസൊലേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് എന്ന നെപ്പോളിയന്റെസമതല പ്രദേശങ്ങളിലെ യുദ്ധതന്ത്രങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല. സിക്കിമിന്റെ അങ്ങേ അറ്റം വരെ പഴുതടച്ച പ്രതിരോധമാണ് നമുക്കിന്നുള്ളത്. ലുക്രിഫ്, ബങ്കര്‍ (നോര്‍ത്ത് സിക്കിമിലെ ഒരു തന്ത്രപ്രധാനമായ പ്രദേശമാണ്) വരെ നീളുന്ന ഇന്ത്യന്‍ ആര്‍ട്ടിലെറിയുടെ സാന്നിദ്ധ്യം തകര്‍ക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. ശത്രുക്കള്‍ക്കു നേരെ തീതുപ്പാന്‍ സദാ സജ്ജമാണ് ഇന്ന് യുദ്ധത്തിലെ ദൈവം എന്നറിയപ്പെടുന്ന ഇന്ത്യന്‍ ആര്‍ട്ടിലെറി.
അരുണാചല്‍പ്രദേശ്
അരുണാചല്‍ പ്രദേശിന്റെ കാര്യമെടുത്താല്‍ ചൈന നമ്മളോട് ഓര്‍മ്മിക്കാന്‍ ആവശ്യപ്പെടുന്ന ആ പഴയ കാലഘട്ടത്തില്‍ തവാംഗിനപ്പുറത്തു നിന്ന് ഒരു ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ശേഷിയുണ്ടായിരുന്നില്ല നമുക്ക്. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. മന് ചുകിയ, ടുട്ടിംങ്, അലോംങ് തുടങ്ങിയ ഏത് ഓപ്പറേഷണല്‍ ഏരിയകളിലായാലും പ്രതിരോധം തീര്‍ക്കാന്‍ ഒരു ഇന്‍ഫെന്‍ട്രി ഡിവിഷന് തന്നെ സജ്ജമാണ്. അസാധ്യമെന്ന് നാം കരുതിപ്പോന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ ശത്രുക്കളുടെ ഏതു നീക്കത്തെയും പരാജയപ്പെടുത്താന്‍ കരുത്തുണ്ട് നമ്മുടെ സൈന്യത്തിന്. ഇത് കടലാസ്സിലെ കരുത്തല്ല, കരയിലെ കരുത്താണ്. ബ്രഹ്മപുത്രനദിക്കു കുറുകെയുള്ള ദോല സദിയ പാലം ഡിബ്രു ഗഢ് മുതല്‍ അരുണാചല്‍ വരെയുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. സൈനിക വാഹനങ്ങള്‍ക്ക് അരുണാചല്‍ മേഖലയില്‍ ഈ വഴി പെട്ടെന്ന് എത്തിചേരാന്‍ അത് സഹായിക്കും.
ഓര്‍മ്മപ്പെടുത്തലുകള്‍
ചരിത്രം ഓര്‍മ്മകളുടെ സമരമാണ്. മറവിക്കു മേലെയുള്ള ഓര്‍മ്മകളുടെ സമരം. ഇനി ചരിത്രം ഓര്‍മ്മിപ്പിച്ചേ മതിയാവൂ എന്നുണ്ടെങ്കില്‍ നാഥുലാ ചുരത്തിലേയും ചോലാ ചുരത്തിലേയും തിരിച്ചടിയുടെ കഥകള്‍ ചൈന മറന്നു പോയിട്ടുണ്ടാവില്ല. യഥാര്‍ത്ഥത്തില്‍ 1965 നു ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ മനോവീര്യം കുത്തനെ ഉയര്‍ന്നു കഴിഞ്ഞിരുന്നു. പാക്കിസ്ഥാനു മേല്‍ നേടിയ ആധികാരികമായ വിജയം 1962ലെ ചൈനയുടെ കടന്നുകയറ്റത്തിന്റെ ഓര്‍മ്മകളെ മായ്ച്ചു കളഞ്ഞിരുന്നു. 1967ല്‍ നാഥുല ചുരത്തിന്റെ ഭാഗമായ യാക്ക്ലയില്‍ വച്ച് ഒരു പ്രകോപനവും കൂടാതെ ചൈനീസ് ഭടന്മാര് ഭാരതീയ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തു. പക്ഷെ 62 ലെ പാഠം ഉള്‍ക്കൊണ്ട് വിന്യസിച്ചിരുന്ന ഇന്ത്യന്‍ പീരങ്കിപ്പട ചൈനീസ് ബങ്കറുകള്‍ക്കു മേലെ തീമഴ പെയ്യിച്ചു. ചുവന്ന ഡ്രാഗണ്‍മാര്‍ ഇയ്യാം പാറ്റകളായി. ഒരുപാട് ചൈനീസ് ബങ്കറുകള്‍ തകര്‍ക്കപ്പെട്ടു. പിന്നീട് രണ്ടു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഭാരതത്തിനു 70 വീരപുത്രന്മാരെ നഷ്ടമായെങ്കില്‍ ചൈനയ്ക്കു 300 സൈനികരെയാണ് നഷ്ടമായത്.
നാഥുലാ ചുരത്തിലുണ്ടായ അന്നത്തെ നാണക്കേടിനു പകരം ചോദിക്കാന്‍ ആവശ്യമില്ലാത്ത പ്രകോപനങ്ങളുണ്ടാക്കാന്‍ ചൈനീസ് സൈന്യം അന്ന് മുതല്‍ ശ്രമിക്കുന്നു. അതിര്‍ത്തിയിലെ ചോലാ ചുരത്തിലാണ് അടുത്ത സംഭവമുണ്ടായത്. 1967 ഓക്ടോബര്‍ 1ന് ചൈനീസ് പട്ടാള കമാന്‍ഡറും രാഷ്ട്രീയ നേതൃത്വവും 15450മത്തെ ഇന്ത്യന്‍ സെന്‍ട്രി പോസ്റ്റ് അവരുടെ അതിര്‍ത്തിയിലാണെന്ന് അവകാശപ്പെട്ടു. അതിനുമുമ്പ് ഒരു സൈനികനെ അവിടെ വച്ച് ചൈനീസ് പട്ടാളക്കാര്‍ കയ്യേറ്റം ചെയ്തിരുന്നു. ഭാരത സൈന്യം ജാഗരൂകരായി ഇരിക്കുകയായിരുന്നു. പക്ഷേ അന്ന് ഫോര്‍വേഡ് പ്ലാറ്റൂണിന്റെ കമാന്‍ഡര്‍ ആയിരുന്ന നായിബ് സുബേദാര്‍ ഗ്യാന്‍ ബഹദൂര്‍ ലിംബുവിനെ ചൈനീസ് സൈന്യം ബയണറ്റ് കൊണ്ട് ആക്രമിച്ചു. അദ്ദേഹത്തെ അവര്‍ കുത്തി കയ്യില്‍ മുറിവേല്‍പ്പിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച പോരാളികളായി കണക്കാക്കുന്ന ഗൂര്‍ഖാ സൈനികരെയാണ് തങ്ങള്‍ ആക്രമിച്ചതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് അധിക സമയം വേണ്ടി വന്നില്ല. ”ജയ് മഹാകാളി, ആയ്യോ ഗൂര്‍ഖാലി” വിളികള്‍ മുഴങ്ങി. കുത്തിയ ചൈനാക്കാരന്റെ ഇരുകൈകളും ഗൂര്‍ഘാ സൈനികര്‍ ഖുക്രി കൊണ്ട് അരിഞ്ഞുവീഴ്ത്തി. പത്തു ദിവസം നീണ്ടു നിന്ന പോരാട്ടത്തില്‍ നമുക്കും ധീരരായ കുറച്ചു സൈനികരെ നഷ്ടമായി. പക്ഷെ ചോ ലാ ചുരത്തിന്റെ അതിര്‍ത്തി മേഖലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തേക്ക് ചൈനീസ് പട്ടാളത്തെ ആട്ടിയോടിക്കാന്‍ നമുക്കു കഴിഞ്ഞു. റൈഫിള്‍മാന്‍ ദേവി പ്രസാദ് ലിംബുവിനെയും ഹവില്‍ദാര്‍ തിന് ജോംഗ്ലാ ലാമയെയും രാഷ്ട്രം വീര്‍ചക്ര നല്‍കിയാണ് ആദരിച്ചത്. ഒറ്റയ്ക്ക് ഒരു ഹെവി മെഷീന്‍ഗണ്‍ തകര്‍ത്താണ് ഹവില്‍ദാര്‍ തിന് ജോങ്ങ് ലാമ അന്ന് മുന്നേറിയത്. നാനൂറു ചൈനീസ് ഭടന്മാരാണ് അന്ന് ഭാരതത്തിലെ ഗൂര്ഖാവീര്യത്തിനു മുന്നില്‍ യമപുരി പൂകിയത്.
ഇനി ചൈനീസ് ആക്രമണത്തില്‍ പരാജയപ്പെട്ട സമയത്തെ ഭാരതത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി നാം പരിശോധിക്കണം. ചൈനീസ് ആക്രമണത്തെ പരസ്യമായി പിന്തുണച്ച ഒരു പ്രതിപക്ഷം ഇവിടെ ഉണ്ടായിരുന്നു. ചൈനയ്ക്കു വേണ്ടി ബക്കറ്റ് പിരിവ് നടത്തിയ രാജ്യദ്രോഹികളായ കമ്മ്യൂണിസ്റ്റുകള്‍. കൊല്‍ക്കത്തയില്‍ ചൈനക്കു വേണ്ടി ചാരപ്പണി നടത്താന്‍ വയര്‍ലസ് കേന്ദ്രം തുറന്നവര്‍. ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് രാജ്യദ്രോഹികള്‍ മാഞ്ഞു പോയിട്ട് കാലമേറെയായി. 1967 ലെ തിരിച്ചടിക്കു ശേഷം നമ്മുടെ സൈനിക പോസ്റ്റുകള്‍ക്കു നേരെ ചൈന അത്ര പെട്ടെന്ന് വെടിയുതിര്ക്കാറില്ലായിരുന്നു. സിക്കിമിലെ പ്രശ്നബാധിത മേഖലയില്‍ നാം സൈനിക ശക്തി വര്‍ദ്ധിപ്പിച്ചപ്പോള്‍ അവര്‍ തനിയെ പിന്നോട്ട് പോയി. ഇന്ത്യ ചീന ഭായി ഭായി വിളികള്‍ക്കിടയിലൂടെ ചൈനക്കാര്‍ നടത്തിയ ആക്രമണത്തെ ഭാരതം അത്ര പെട്ടെന്ന് മറക്കില്ല. ബാബാ ജസ്വന്ത് സിങിന്റെയും റൈഫിള്‍മാന്‍ ലിംബുവിന്റെയും ഹവില്‍ദാര്‍ തിന് ജോംഗ് ലാമയുടെയും പിന്മുറക്കാര് ഇവിടെയുണ്ട്.
അരുണ്‍ ബാലുശേരി
(മുന്‍ സൈനികനാണ് ലേഖകന്‍).
9995794749
പ്രതികരിക്കാൻ ഇവിടെ എഴുതുക: