കോട്ടയം: അതിര്‍ത്തിയില്‍ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള നീക്കം നടത്തിയാല്‍ സംഘര്‍ഷം ഉണ്ടാക്കുന്നത് ചൈനയുടെ പതിവാണ്. ഇന്ത്യയില്‍ ഏതെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ അത് താറുമാറാക്കാന്‍ കരുതിക്കൂട്ടിയുള്ള അക്രമങ്ങള്‍ ചൈന സൃഷ്ടിക്കും. ഏത് വിധേനയും ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തടയിടുക എന്നതാണ് ചൈനീസ് പട്ടാളത്തിന്റെ ലക്ഷ്യം. അതിന് അതിര്‍ത്തിയില്‍ പതിവായി സംഘര്‍ഷം ഇവര്‍ ഉണ്ടാക്കും. മുന്‍ സൈനിക ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ശരത്ചന്ദ് പറയുന്നു.
2014 ന് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വലിയ മാറ്റങ്ങളാണ് കേന്ദ്രം കൊണ്ടു വന്നിട്ടുള്ളത്. ചൈനീസ് അതിര്‍ത്തിയിലേക്ക് സൈനികരെ വേഗത്തിലെത്തിക്കാന്‍ തന്ത്രപ്രധാന മേഖലകളിലേക്ക് അതിവേഗത്തില്‍ ഇന്ത്യ റോഡു നിര്‍മ്മാണങ്ങള്‍ ആരംഭിച്ചു. അതിര്‍ത്തി മേഖലയിലെ വിമാനത്താവളങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പോര്‍വിമാനങ്ങള്‍ക്ക് താവളമാക്കാനുള്ള സജ്ജീകരങ്ങള്‍ ഇന്ത്യ നടത്തി. ഇതോടെ മറുഭാഗത്ത് ചൈന സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. കടന്നുകയറുന്നത് അടക്കമുള്ള ഗുരുതര നീക്കങ്ങള്‍ ചൈനീസ് പട്ടാളത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടിച്ചതോടെയാണ് ചൈനയുടെ ഉള്ളില്‍ ഭീതി തുടങ്ങിയത്.
ചൈനീസ് അതിര്‍ത്തിയിലേക്കുള്ള ഇന്ത്യയുടെ തുരങ്ക നിര്‍മ്മാണമാണ് 2019ന് ശേഷം ചൈനയെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചത്. ആസാമിലെ തേസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലം വരെയാണ് തുരങ്കം. ബ്രഹ്മപുത്ര നദിയുടെ അടിയിലൂടെയാണിത്. ബ്രഹ്മപുത്ര നദി കടന്നാല്‍ മാത്രമേ സൈനികര്‍ക്ക് ചൈനീസ് അതിര്‍ത്തിയിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. നിലവില്‍ നാലു പാലങ്ങളാണുള്ളത്. യുദ്ധം ഉണ്ടായാല്‍ ചൈന ആദ്യം ലക്ഷ്യം വെയ്ക്കുന്നത് ഈ പാലങ്ങളായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ സൈനിക നീക്കം വരെ പ്രതിസന്ധിയിലാകും. ഈ സാഹചര്യം മറികടക്കാനാണ് തുരങ്ക നിര്‍മ്മാണം. തുരങ്കത്തിലൂടെ സൈന്യത്തെയും ഒപ്പം ആയുധങ്ങളും അതിര്‍ത്തിയില്‍ എത്തിക്കാന്‍ സാധിക്കും. റെയില്‍,റോഡ് എന്നിവ ഒന്നിച്ചാണ് നിര്‍മ്മിക്കുന്നത്. ഇതിന് പുറമെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ തന്ത്രപ്രധാന മേഖലകളില്‍ 44 റോഡുകളുടെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് റോഡ് നിര്‍മ്മാണം. ഇവയെല്ലാം ചൈനക്ക് ഭീതി ജനിപ്പിച്ചിട്ടുണ്ട്.
പ്രകോപനം ഉണ്ടാക്കിയതും ചൈന
അതിര്‍ത്തിയില്‍ ചൈനയാണ് പ്രകോപനം സൃഷ്ടിച്ചത്. ഇങ്ങോട്ട് ആക്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും. അതാണ് ഇന്ത്യയുടെ നയം. ഇപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി എതിരാളിക്ക് മറുപടി കൊടുക്കാനുള്ള അധികാരം സൈന്യത്തിന് നല്‍കിയിരിക്കുകയാണ്. അതിനര്‍ത്ഥം യുദ്ധം എന്നല്ല. ചൈനയുടെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടായാല്‍ പോര് മുഖത്തുള്ള കമാന്‍ഡര്‍ക്ക് ആരുടെയും അനുമതിക്ക് കാത്ത് നില്‍ക്കാതെ തിരിച്ചടിക്കാന്‍ ഉത്തരവിടാം. ഇതാണ് പ്രധാനമന്ത്രി നല്കിയ ഉത്തരവിന് പിന്നിലെന്നും മുന്‍ സൈനിക ഉപമേധാവികൂടിയായ ലഫ്റ്റനന്റ് ജനറല്‍ ശരത്ചന്ദ് പറയുന്നു.
സാനു കെ. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: