മ്യൂണിക്ക്: ജര്‍മന്‍ ഫുട്ബോള്‍ ലീഗായ ബുന്ദസ്ലിഗയില് കരുത്തന്മാരായ ബയണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായി എട്ടാം കിരീടം. ഇന്നലെ പുലര്‍ച്ചെ സമാപിച്ച എവേ മത്സരത്തില്‍ തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള വെര്‍ഡര്‍ ബ്രമനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് അവര്‍ കിരീടം ഉറപ്പിച്ചത്. ലീഗിന്റെ ചരിത്രത്തിലെ 30-ാം കിരീടമാണ് അവര്‍ നേടിയത്. ഇതും റെക്കോഡാണ്.
43-ാം മിനിറ്റില്‍ പോളിഷ് സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയാണ് വിജയഗോള്‍ നേടിയത്. 79-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട കൗമാരതാരം അല്‍ഫോണ്‍സോ ഡേവിസ് പുറത്തുപോയെങ്കിലും 10 പേരുമായി കളിച്ചാണ് ബയേണ്‍ വിജയവും കിരീടവും സ്വന്തമാക്കിയത്. നേരത്തെയുള്ള ഏഴ് കിരീടനേട്ടങ്ങളും ആരാധകര്‍ക്ക് മുമ്പിലായിരുന്നെങ്കിലും ഇത്തവണ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ബയേണ്‍ കിരീടം നേടിയത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏകദേശം മൂന്ന് മാസത്തോളം കളി നിര്‍ത്തിവച്ചിരുന്നു.
ലീഗില്‍ രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് ബയേണിന്റെ കിരീട ധാരണം. 32 കളികളില്‍ നിന്ന് 76 പോയിന്റാണ് ബയേണിനുള്ളത്. രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് 31 കളികളില്‍ നിന്ന് 66 പോയിന്റും.
പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് ബയേണ്‍ തന്നെയായിരുന്നു. തുടക്കം മുതല്‍ എതിര് പ്രതിരോധത്തെ തുടര്‍ച്ചയായി പരീക്ഷിക്കാന്‍ ലെവന്‍ഡോവ്സ്കി, മുള്ളര്‍ കൂട്ടുകെട്ടിനായി. എന്നാല്‍ ആദ്യ ഗോളിനായി 43-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു.
ജെറോം ബോട്ടെങ്ങിന്റെ പാസില്‍നിന്ന് റോബര്‍ട്ട് ലെവന്ഡോവിസ്കിയാണ് ഗോളടിച്ചത്. ലീഗില്‍ സീസണിലെ 31-ാം ഗോളാണ് പോളിഷ് താരം സ്വന്തം പേരില്‍ കുറിച്ചത്. ഇതോടെ, ഒരു സീസണില്‍ ജര്‍മന്‍ ലീഗില്‍ കൂടുതല്‍ ഗോള്‍ നേടുന്ന വിദേശതാരമെന്ന റെക്കോര്‍ഡിനൊപ്പമെത്താനും ലെവന്ഡോവിസ്കിക്കായി. 2016-17 സീസണില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനായി 31 ഗോള്‍ നേടിയ പിയറി
എമറിക് ഔബമെയാങ്ങിന്റെ പേരിലായിരുന്നു ഇതുവരെ റെക്കോര്‍ഡ്. കരിയറില്‍ ഇതാദ്യമായാണ് ബുന്ദസ് ലിഗയുടെ ഒരു സീസണില്‍ ലെവന്‍ഡോവ്സ്കി മുപ്പതിലേറെ ഗോളുകള്‍ അടിക്കുന്നത്.
മറ്റു മല്‍സരങ്ങളില്‍ ബൊറൂസിയ മോകെന്‍ഗ്ലാഡ്ബാച്ച് 3-0ന് വോള്‍ഫ്സ്ബര്‍ഗിനെയും ഫ്രീബര്‍ഗ് 2-1ന് ഹെര്‍ത്താ ബെര്‍ലിനെയും യൂണിയന് ബെര്‍ലിന്‍ 1-0ന് പെഡര്‍ബോണിനെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: