തിരുവനന്തപുരം: 38 ആഴ്ചകള്‍ ഗര്‍ഭിണിയും സൗദി അറേബ്യയില്‍ ആരോഗ്യവകുപ്പിലെ നഴ്സുമായ തന്റെ ഭാര്യക്ക് കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നു നേരിടേണ്ടി വന്ന കടുത്ത അവഗണന വിവരിച്ച് യുവാവ്. വിദേശത്തു നിന്നു വന്നതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കി ചികിത്സ തേടിയ യുവതിക്കാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് അവഗണന നേരിടേണ്ടി വന്നത്. ചികിത്സ നിഷേധം മാത്രമല്ല, ഗവ. ആശുപത്രികളിലെ ദുരവസ്ഥയും ജുബിന്‍ ജേക്കബ് എന്ന യുവാവ് വിശദീകരിക്കുന്നുണ്ട്. മെറ്റേണിറ്റി വാര്‍ഡിന്റെ വരാന്തയില്‍ ഒരു കിടക്കയില്‍ രണ്ടു രോഗികള്‍ വീതം കിടക്കുന്ന, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വെറും പുഴുക്കളെപ്പോലെ ഞെരുങ്ങിക്കിടക്കുന്ന കുറെ മനുഷ്യര്‍. അവരും ഈ രാജ്യത്തെ പൗരന്മാരാണ്.. അവരുടെ നികുതിപ്പണത്തില്‍ നിന്നും ശമ്പളം വാങ്ങിയെടുത്ത് ഭക്ഷണം കഴിച്ച ചോരയോട്ടം കൂടിയിട്ടാണോ ജീവനക്കാര്‍ അവരെ ഇങ്ങനെ നരകിപ്പിക്കുന്നത്? തെരുവുനായെപ്പോലെ ആട്ടിവിടുന്നത്..? ഒന്നു കാണാന്‍ പോലും അവസരം നിഷേധിക്കുന്നത് എന്നും യുവാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
കേരള സംസ്ഥാനത്തെ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പു മന്ത്രി അറിയാന്‍ എഴുതുന്നത്.
ഞാന്‍ ജുബിന്‍ ജേക്കബ്. എന്റെ ഭാര്യ Jincy വറുഗീസ് സൗദി അറേബ്യയില്‍ ആരോഗ്യവകുപ്പിലെ നഴ്സായി സേവനമനുഷ്ഠിച്ചുവരുന്നു.
പ്രസവമടുത്ത സാഹചര്യത്തില്‍ കൊവിഡ് രോഗികളെ ചികില്സിക്കുന്ന ആശുപത്രിയില്‍ നിന്നും ശമ്പളമില്ലാത്ത അവധിയെടുത്ത് ഒട്ടേറെ ദുരിതം സഹിച്ച് കഴിഞ്ഞ മാസം 20ന് നാട്ടിലെത്തിയ അവര്‍ ഇപ്പോള്‍ പൂര്‍ണ്ണഗര്‍ഭിണിയാണ്. 14 ദിന ക്വാറന്റൈന് കഴിഞ്ഞ് പത്തനംതിട്ട തെള്ളിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും റിലീസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ഞങ്ങള്‍ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്കാനിങ്ങിനായി പോയെങ്കിലും അവിടെ 28 ദിവസമാകാത്ത ആളുകള്‍ക്ക് സ്കാനിംഗ് ചെയ്യണമെങ്കില്‍ പോലും 1000രൂപ വിലയുള്ള PPE കിറ്റുകള്‍ വാങ്ങിക്കൊണ്ടു ചെല്ലണമെന്ന് പറഞ്ഞതിനാല്‍ മുന്നോട്ടുള്ള ചികില്‍സ സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയെന്ന് തീരുമാനിച്ചു. ഇന്നലെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ എത്തിയ ഞങ്ങളോട് അവിടെയുള്ള ഗൈനക്കോളജിസ്റ്റ് ‘ഇത് കൊവിഡ് രോഗികള്‍ക്കുള്ള ആശുപത്രിയാണ്, ജില്ലയിലെ മറ്റേതെങ്കിലും ഗവ. ആശുപത്രിയില്‍ പോകൂ’ എന്നും ഞങ്ങളോടാവശ്യപ്പെട്ടു. അതനുസരിച്ച് ഞങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലമെന്ന നിലയില്‍ തിരുവല്ല ഗവണ്മന്റ് ആശുപത്രിയില്‍ ഇന്നു രാവിലെ അവിടുത്തെ കണ്സല്ട്ടിംഗ് ഗൈനക്കോളജിസ്റ്റായ ഡോ. ഗീതാലക്ഷ്മിയെ കാണുവാനായി ഓ.പി ടിക്കറ്റെടുത്തു. ഞങ്ങള്‍ക്കു ലഭിച്ച നമ്പര്‍ 54 ആയിരുന്നു. സമയം 11:30 ആയിട്ടും ആദ്യത്തെയാളെ വിളിച്ചതേയുള്ളൂ എന്ന് മെറ്റേണിറ്റി ബ്ലോക്കില്‍ സെക്യൂരിറ്റി ഡ്യൂട്ടിയിലുള്ള വനിതാ ജീവനക്കാരി പറഞ്ഞു. ഞങ്ങളുടെ കയ്യില്‍ നിന്നും ഒ.പി. ടിക്കറ്റ് വാങ്ങാന്‍ അവര്‍ വിസമ്മതിക്കുകയും ചെയ്തു. മുപ്പത്തിയെട്ട് ആഴ്ച കഴിഞ്ഞ ഗര്‍ഭിണിയായ എന്റെ ഭാര്യയടക്കം ആരോടും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ധാര്‍ഷ്ട്യപൂര്‍വ്വമുള്ള അവരുടെ പെരുമാറ്റം കണ്ടപ്പോള്‍ സര്‍ക്കാരാശുപത്രികള്‍ക്ക് ഇതല്ലാതെ എന്തു മാറ്റമാണുണ്ടായതെന്ന് അറിയാതെ ചിന്തിച്ചുപോയി.
ഈ സമയത്ത് എന്റെ ഭാര്യയ്ക്ക് വിശപ്പും ദാഹവും കലശലായതിനെത്തുടര്‍ന്ന് എന്തെങ്കിലും കഴിക്കാനായി ഞങ്ങള്‍ പുറത്തേക്കു പോയി. തിരികെയെത്തിയപ്പോള്‍ ഡോക്ടര്‍ ഒരു സിസേറിയന് കേസ് എടുക്കാന്‍ പോയിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ 2:30 ആയപ്പോള്‍ ഡോക്ടര്‍ വന്നു. അവിടെയുള്ള സ്റ്റാഫ് നഴ്സ് ഞങ്ങളോട് പറഞ്ഞത് ഇനി വിളിക്കാനുള്ള നാലു പേരും എന്റെ ഭാര്യയും അവിടെ കാത്തിരിക്കാനാണ്. അതനുസരിച്ച് ഞങ്ങള്‍ കാത്തുനിന്നു. മൂന്നുമണിയാകും മുമ്പേ ഡോക്ടര്‍ അവിടെനിന്നും പോയെന്ന് അറിയാനിടയായി. ഇനി എപ്പോള്‍ വരുമെന്ന് ചോദിച്ച ഞങ്ങളോട് ‘അത് ഡോക്ടറോട് ചോദിക്കണം’ എന്ന് വളരെ നിരുത്തരവാദപരമായ മറുപടി. അല്പസമയത്തിനകം ഡോക്ടറുടെ നമ്പറില്‍ മൂന്നു തവണ വിളിച്ചു. അവര്‍ എടുത്തില്ല.
തുടര്‍ന്ന് ഡിഎംഒ ഓഫീസിലേക്കു വിളിച്ച് പരാതി പറഞ്ഞപ്പോള്‍ എംഒയുടെ നമ്പര്‍ തന്നു. അതില്‍ മൂന്നു തവണ വിളിച്ചു. ഉത്തരമില്ല.ഇന്നലെയും ഇന്നുമായി സമയത്ത് ഭക്ഷണം കഴിക്കാന്‍ പോലുമാകാതെ ഞങ്ങള്‍ അലഞ്ഞത് ഒരു സര്‍ക്കാര്‍ ഡോക്ടറുടെ സേവനത്തിനു വേണ്ടിയായിരുന്നു. അതാണിപ്പോള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്.
മുപ്പത്തിയെട്ട് ആഴ്ചയായ ഒരു ഗര്‍ഭിണിക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനം തേടിവന്നതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. അതിന് നിരുപാധികം താങ്കളോടും താങ്കളുടെ വകുപ്പിനോടും മാപ്പുചോദിക്കുന്നു.
ഞങ്ങള്‍ക്കുണ്ടായ ദുരനുഭവത്തിന്റെ പേരില്‍ ആരും ആരെയും ഒന്നും പറയില്ലെന്നറിയാം. ആര്‍ക്കും ഒരു ശിക്ഷയും ലഭിക്കണമെന്ന് ഞങ്ങള്‍ക്കും ആഗ്രഹമില്ല, പക്ഷേ ഒരപേക്ഷയുണ്ട്. ആരോഗ്യകേരളം, കേരളം ഒന്നാമത് എന്നൊക്കെ നാം അഭിമാനപുരസ്സരം വിളിച്ചുപറയുമ്പോള്‍ എന്റെ മനസ്സില്‍ ആത്മനിന്ദ തോന്നിക്കുന്നത് കേവലം ഇന്നത്തെ അനുഭവങ്ങള്‍ മാത്രമല്ല. ഏതാനും കാഴ്ചകളും കൂടിയാണ്. മെറ്റേണിറ്റി വാര്‍ഡിന്റെ വരാന്തയില്‍ ഒരു കിടക്കയില്‍ രണ്ടു രോഗികള്‍ വീതം കിടക്കുന്ന, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വെറും പുഴുക്കളെപ്പോലെ ഞെരുങ്ങിക്കിടക്കുന്ന കുറെ മനുഷ്യര്‍. അവരും ഈ രാജ്യത്തെ പൗരന്മാരാണ്.. അവരുടെ നികുതിപ്പണത്തില്‍ നിന്നും ശമ്പളം വാങ്ങിയെടുത്ത് ഭക്ഷണം കഴിച്ച ചോരയോട്ടം കൂടിയിട്ടാണോ ജീവനക്കാര്‍ അവരെ ഇങ്ങനെ നരകിപ്പിക്കുന്നത്? തെരുവുനായെപ്പോലെ ആട്ടിവിടുന്നത്..? ഒന്നു കാണാന്‍ പോലും അവസരം നിഷേധിക്കുന്നത്?
കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നാം നേടിയ എല്ലാ തിളക്കങ്ങളും, ഈ വകുപ്പിനോടുള്ള ബഹുമാനങ്ങളും കഴിഞ്ഞ രണ്ടുനാള്‍ കൊണ്ടുണ്ടായ നേരനുഭവങ്ങളില്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് അല്പമല്ലാത്ത ദുഃഖത്തോടെ തന്നെ പറഞ്ഞുകൊള്ളട്ടെ…
ആത്യന്തികമായി തെറ്റ് ഞങ്ങളുടെ ഭാഗത്താണ്. ഞങ്ങള്‍ ഒരിക്കലും സര്‍ക്കാര്‍ സംവിധാനത്തെ ആശ്രയിക്കാന്‍ പാടില്ലായിരുന്നു. ഇനിയൊരിക്കലും ഒരു സര്‍ക്കാരാശുപത്രിയുടെ ഏഴയലത്തു പോലും വരാതെ ഞങ്ങള്‍ സൂക്ഷിച്ചുകൊള്ളാം. ഞങ്ങളെപ്പോലെയുള്ളവര്‍ സ്വകാര്യാശുപത്രിയില്‍ അഭയം തേടുമ്പോഴും കേരളം ഒന്നാം സ്ഥാനത്ത് വിളങ്ങിക്കൊള്ളട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: