തിരുവനന്തപുരം: റേഷൻകാർഡില്ലാത്ത കുടുംബങ്ങൾക്ക് അടിയന്തരമായി നൽകുന്ന റേഷൻ കാർഡിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ലഭിക്കാൻ നെട്ടോട്ടമോടണം. ഒറ്റദിവസം കൊണ്ട് റേഷൻകാർഡ് ലഭിക്കും. പക്ഷെ ഒരുമാസം കഴിഞ്ഞാലും റേഷൻ ലഭിക്കാത്ത അവസ്ഥയിലും.
കൊറോണ വ്യാപനത്തിന് പിന്നാലെ ഏപ്രിൽ 30ന് ആണ് 24 മണിക്കൂറിനുള്ളിൽ റേഷൻകാർഡ് നൽകുന്ന സംവിധാനം തുടങ്ങിയത്. ഇതനുസരിച്ച് അപേക്ഷിച്ചവർക്കെല്ലാം റേഷൻ കാർഡുകൾ നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ കാർഡുടമകളുടെ വിവരങ്ങൾ സിവിൽ സപ്ലൈസിന്റെ ഡേറ്റാസെന്ററിലേക്ക് കൈമാറുന്നത് ഒരുമാസം കഴിഞ്ഞ്. ഡേറ്റാസെന്ററിൽ വിവരങ്ങൾ എത്തിയാൽ മാത്രമേ ഇ പോസ് മെഷീൻ സെർവറിലേക്ക് വിവരങ്ങൾ എത്തൂ. വിവരങ്ങൾ എത്താതെ ആധാറുമായി ബന്ധിപ്പിക്കാനുമാകില്ല. ഇതോടെ ഒറ്റദിവസത്തെ റേഷൻകാർഡുമായി റേഷൻകടയിലെത്തിയാൽ വെറും കൈയ്യോടെ മടങ്ങണം.
എല്ലാ മാസവും 20ന് ആണ് നിലവിൽ താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും വിവരങ്ങൾ ഡേറ്റാ സെന്ററിലേക്ക് അയയ്‌ക്കുന്നത്. അതിനാൽ 21ന് റേഷൻ കാർഡ് ലഭിച്ചാലും അയാളുടെ വിവരങ്ങൾ അടുത്തമാസം 20നേ അയയ്‌ക്കൂ. മാത്രമല്ല ഇപോസ് മെഷീൻ പലപ്പോഴും പണിമുടക്കുന്നതിനാൽ ബയോമെട്രിക് വിവരങ്ങൾ ബന്ധിപ്പിക്കാനുമാകില്ല. ഇതോടെ പിന്നെയും ദിവസങ്ങൾ നീളും.
നിലവിലെ സാഹചര്യത്തിൽ റേഷൻ കാർഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിന് ബുദ്ധിമുട്ടായതിനാൽ ഇത് സംബന്ധിച്ച് പൂർണ്ണ ഉത്തരവാദിത്വം അപേക്ഷകനായിരിക്കുമെന്നും തെറ്റായ വിവരങ്ങൾ നൽകിയാൽ ശിക്ഷാ നടപടികൾക്ക് വിധേയരാകുന്നതായിരിക്കും എന്ന സത്യവാങ്മൂലം കൂടി അപേക്ഷയോടൊപ്പം സമർപ്പിച്ചാണ് റേഷൻ കാർഡ് വാങ്ങുന്നത്. ഇത്തരത്തിൽ റേഷൻ കാർഡ് ലഭിച്ചവർക്ക് സർക്കാർ നൽകിയ സൗജന്യ കിറ്റ് മാത്രമാണ് ലഭിച്ചിട്ടുള്ളത്. മെയ് ഒന്നുമുതൽ റേഷൻ കാർഡ് ലഭ്യമായവർക്ക് പോലും ഇതുവരെയും റേഷൻ ലഭിച്ചിട്ടില്ല. അത്യാധുനിക സംവിധാനങ്ങൾ ഒരുക്കാൻ കോടികൾ ചിലവിടുമ്പോഴാണ് ഓരോ ദിവസത്തെയും വിവരങ്ങൾ കൈമാറാൻ പോലുമുള്ള സംവിധാനം ഒരുക്കാൻ സിവൽസപ്ലൈസ് വകുപ്പ് തയ്യാറാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: