തിരുവനന്തപുരം: തലസ്ഥാനം വീണ്ടും കൊറോണ ഭീതിയിൽ. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കും നഗരത്തിലെ മൊബൈൽഷോപ്പ് ഉടമയ്‌ക്കും കൊറോണ.ഡ്രൈവറുമായി അടുത്ത് ഇടപഴകിയ മൂന്ന് ജീവനക്കാർ ഒളുവിൽ. വഞ്ചിയൂരിൽ കഴിഞ്ഞദിവസം മരിച്ച ആളുടെ രോഗ ഉറവിടവും കണ്ടെത്താനായില്ല. രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിൽ തമിഴ്‌നാട്ടിൽ നിന്ന് ആളെ കടത്തി എത്തിച്ചതും ഭീതി വർധിപ്പിക്കുന്നു.
കെഎസ്ആർടിസി ബസ് ഡ്രൈവറായ തൃശൂർ സ്വദേശി 42കാരൻ ജൂൺ 2 ന് ആണ് ബൈക്കിൽ തിരുവനന്തപുരത്ത് എത്തിയത്. റെയിൽവെ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലും തമിഴ്‌നാട് അതിർത്തിയിലും എത്തിച്ച ബസിലെ ഡ്രൈവറായിരുന്നു ഇയാൾ. ഞായറാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഇയാളുമായി അടുത്ത് ഇടപഴകിയവരെ നിരീക്ഷണത്തിലാക്കാനായി പോലീസും ആരോഗ്യ പ്രവർത്തകരും പാപ്പനംകോട് ഡിപ്പോയിലെത്തി. എന്നാൽ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തമ്പൂനൂരിലും പരിസരപ്രദേശങ്ങളിലും പോലീസ് തെരച്ചിൽ നടത്തുകയാണ്.
നഗരത്തിൽ മൊബൈൽ ഷോപ്പ് നടത്തുന്ന 28 വയസുള്ള മലപ്പുറം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. മെയ് 27 ന് മലപ്പുറത്തു നിന്ന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇയാൾ. മണക്കാട് ജംഗ്ഷനിലാണ് ഇയാളുടെ മൊബൈൽ ഷോപ്പ്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഞായറാഴ്ചയാണ് സ്രവ പരിശോധന നടത്തിയത്. ഇയാളുമായി അടുത്ത് ഇടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാളുടെ കടയിൽ എത്തിയവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
തലസ്ഥാനത്ത് ഇന്നലെ രണ്ടുവയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ നാലു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വർക്കല സ്വദേശികളായ 30 വയസ്സുള്ള സ്ത്രീക്കും രണ്ടു വയസുള്ള കുഞ്ഞിനും ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇരുവരും ചെന്നൈയിൽ നിന്ന് ഈ മാസം 14 ന് എത്തിയതാണ്. ജില്ലയിൽ ഇന്നലെ പുതുതായി 929 പേരാണ് നിരീക്ഷണത്തിലായത്. ഇന്നലെ രോഗലക്ഷണങ്ങളുമായി 32 പേരെ പ്രവേശിപ്പിച്ചു. 34 പേർ രോഗമുക്തി നേടി. ജില്ലയിൽ ആശുപത്രികളിൽ 171 പേർ നിരീക്ഷണത്തിൽ ഉണ്ട്.
വഞ്ചിയൂരിൽ മരിച്ചശേഷം രോഗം സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുടെ രോഗഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. ഇയാളുടെ സഞ്ചാരമാർഗമോ ഇയാളുമായി അടുത്ത് ഇടപഴകിയവരെയോ മരണചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെയോ പൂർണമായും തിരിച്ചറിയാനായിട്ടില്ല. ഇതിനിടയിൽ രാമചന്ദ്രൻ ടെക്‌സ്റ്റൈൽസ് സ്ഥാപനത്തിൽ തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച 37 പേരെ പോലീസ് എത്തിയാണ് നിരീക്ഷണത്തിലാക്കിയത്. ഇവരെ നിരീക്ഷണത്തിൽ പോലും പ്രവേശിപ്പിക്കാതെ സ്ഥാപനത്തിൽ ജോലി ചെയ്യിക്കുകയും മറ്റുള്ളവരുമായി ഒരുമിച്ച് ഹോസ്റ്റലിൽ താമസിപ്പിക്കുകയുമായിരുന്നു. നാട്ടുകാർ പരാതിപ്പെട്ടാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇതും പ്രദേശത്ത് ഭീതി പരത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: