വര്‍ക്കല: പൊതുഗതാഗത സൗകര്യങ്ങളില്ലാത്തതുകാരണം വര്‍ക്കലയില്‍നിന്നു തലസ്ഥാനത്തുള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കെത്തേണ്ട ഉദ്യോഗസ്ഥര്‍ വലയുന്നു. തീവണ്ടികളും ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകളുമില്ലാത്തതാണ് ജീവനക്കാരെ നെട്ടോട്ടമോടിക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും പൊതുഗതാഗത സംവിധാനം പഴയപടി ആയിട്ടില്ല. വര്‍ക്കല മേഖലയില്‍നിന്ന് ആയിരത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ദിനവും തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നത്. തീവണ്ടികളെയാണ് അവര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. വര്‍ക്കലയില്‍ സ്റ്റോപ്പുള്ള തീവണ്ടികള്‍ ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. പകരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പേരിനു മാത്രമാണുള്ളത്.
രാവിലെ തിരുവനന്തപുരത്തേക്ക് മൂന്ന് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. രാവിലെ 8 ന് ഒരു ഓര്‍ഡിനറിയും 8.30 ന് ഒരു ഫാസ്റ്റും മാത്രമാണ് തിരുവനന്തപുരത്തേക്കുള്ളത്. നിശ്ചിത യാത്രക്കാരെ മാത്രം കയറ്റുന്നതിനാല്‍ ബസില്‍ കയറിപ്പറ്റാന്‍ വലിയ തിരക്കാണ്. അതിനാല്‍ കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിച്ച് സമയത്ത് ഓഫീസിലെത്താമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഒരുറപ്പുമില്ലാത്ത സ്ഥിതിയാണ്. ലോക്ഡൗണിനു മുമ്പ് രാവിലെ കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ മുതല്‍ ജയന്തി ജനത വരെയുള്ള ആറ് തീവണ്ടികളിലായി തലസ്ഥാനത്തെ ഓഫീസുകളിലെത്തിയിരുന്നവര്ക്കാണ് പകരം രണ്ട് കെഎസ്ആര്‍ടിസി ബസുകളിലായി യാത്ര ചെയ്യേണ്ടിവരുന്നത്.
യാത്രാസൗകര്യമില്ലാതായതോടെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വാഹനം വാടകയ്ക്കെടുത്ത് പോകുകയാണ് ചെയ്യുന്നത്. മിനി ബസ്, ടെമ്പോ ട്രാവലറുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങളിലാണ് യാത്ര. ചില ടെമ്പോ ട്രാവലര്‍ ഉടമകള്‍ മുന്‍കൈയെടുത്തും വാഹനങ്ങള്‍ ഓടിക്കുന്നുണ്ട്. വര്‍ക്കലയില്‍നിന്നു തലസ്ഥാനത്തെ ഓഫീസുകളില്‍ പോയി മടങ്ങിയെത്തുന്നതിന് ദിനവും ഒരാള്‍ക്ക് 200 രൂപയോളം ചെലവാകും. സ്വന്തമായി കാറുള്ളവര് പരിചയക്കാരായ ഉദ്യോഗസ്ഥരെയും കൂട്ടിയാണ് ഓഫീസുകളിലെത്തുന്നത്. ഇവര്‍ക്കും ഇന്ധനത്തിന് ദിവസേന അഞ്ഞൂറോളം രൂപ ചെലവാകും. ദൂരസ്ഥലങ്ങളില്‍നിന്ന് വര്‍ക്കലയില്‍ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരും സമാന ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. സമീപ ജില്ലകളില്‍ നിന്നുള്ള സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ വര്‍ക്കലയിലെ വിവിധ ഓഫീസുകളില്‍ ജോലിചെയ്യുന്നുണ്ട്. തീവണ്ടി, ബസ് സര്‍വീസുകളില്ലാത്തതിനാല്‍ അവര്‍ക്കും ഓഫീസുകളിലെത്താന്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. തീവണ്ടി സൗകര്യമായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വര്‍ക്കലയിലേക്ക് ആകര്‍ഷിച്ചിരുന്നത്. അവ നിലച്ചതോടെ ഉദ്യോഗസ്ഥരുടെ യാത്രയാകെ താളംതെറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: