തിരുവനന്തപുരം: തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ട വധശ്രമക്കേസിലും പോലീസാക്രമണക്കേസിലും കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാതെയും ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയും അസ്സല് തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാതെയുമാണ് കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് എന്നാണ് പോലീസിനെതിരെ ആരോപണമുയരുന്നത്.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെയാണ് പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള കുറ്റപത്രം കന്റോണ്‍മെന്റ് പോലീസ് സമര്‍പ്പിച്ചത്. ജാമ്യമില്ലാ വകുപ്പുകളിട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ പോലീസിന്റെ കണ്ണിന് മുന്നിലൂടെ നഗരത്തില്‍ കറങ്ങിയിട്ടും സ്റ്റേഷന് മുന്നിലെത്തിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനോ യഥാര്‍ത്ഥ തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാനോ പോലീസ് തയാറായില്ല. കൃത്യത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയെന്ന് കാണിച്ചാണ് പ്രതികള്‍ക്ക് സഹായകരമായ കുറ്റപത്രം സമര്‍പ്പിച്ചത് എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രതികളെ ജുലൈ 29 ന് ഹാജരാക്കാന്‍ മജിസ്ട്രേട്ട് എ. അനീസ കന്റോണ്‍മെന്റ് പോലീസിനോട് ഉത്തരവിട്ടു.
എസ്എഫ്ഐ നേതാക്കളായ സര്‍വകലാശാല യൂണിയന് ചെയര്മാന് എ.ആര്. റിയാസ്, യൂണിവേഴ്സിറ്റി കോളേജ് യൂണിയന് ചെയര്മാന് ജോബിന് ജോസ്, എസ്എഫ്ഐ പ്രവര്‍ത്തകരായ ചന്ദു അശോക്, ജെ.ജെ. അഭിജിത്, കാര്‍ത്തിക്, വിനേഷ് ഷാജി, അഭീഷ്, അമല്‍ മുഹമ്മദ്, ഉജ്വല്‍ ചക്രവര്‍ത്തി, നന്ദകുമാര്‍, അഭിജിത്ത്, സെയ്ദാലി, ബാഹുല്‍ കൃഷ്ണ, നൈല്‍, പി.റ്റി. അമല്‍, കൃഷ്ണകാന്ത്, ആര്.എസ്. അക്ഷയ്, എസ്.എസ്. ആദേശ്, സുനില്‍, ശംഭു, അജ്മല്‍, വിഘ്നേശ്വരന് എന്നിവരാണ് പോലീസാക്രമണ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ഒന്നു മുതല്‍ 22 വരെയുള്ള പ്രതികള്‍.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നരഹത്യാശ്രമത്തിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫഹദ്, എ.ആര്. റിയാസ്, ജോബിന് ജോസ്, ചന്ദു അശോക്, വിനേഷ് ഷാജി, അക്ബര്‍ഷാ, അമല്‍ മുഹമ്മദ്, സുനില്‍, റ്റി. ശംഭു, വിഷ്ണു, അജ്മല്‍, വിഘ്നേശ്വരന് എന്നീ 12 പേരാണ് നരഹത്യാശ്രമ കുറ്റപത്രത്തിലെ ഒന്നു മുതല്‍ പന്ത്രണ്ട് വരെ പ്രതികള്‍.
പോലീസിനെ ആക്രമിച്ച കേസിലടക്കം പ്രതികളായ ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നെങ്കിലും അസിസ്റ്റന്റ് കമ്മീഷണറടക്കമുള്ളവരുമായി സംസാരിച്ചാണ് പ്രതികള്‍ സമരം അവസാനിപ്പിച്ചത്. പോലീസാക്രമണം, നരഹത്യാശ്രമ കേസുകളില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് ഗവ. മെന്‍സ് ഹോസ്റ്റലില്‍ നിന്ന് പേരിന് അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലാണെന്ന് പോലീസ് പറയുന്ന പ്രതികള്‍ അതേ പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് തയാറായിട്ടില്ല.
പ്രതികള്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി. ഭയന്ന് പിന്‍തിരിയുന്നതിലേക്കായി ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. കെഎസ്യു പ്രസിഡന്റ് കെ.എം. അഭിജിത്തിനെ ആക്രമിച്ച് നരഹത്യക്ക് ശ്രമിച്ചുവെന്നുമാണ് കേസ്. 2019 നവംബര്‍ 29 ന് യൂണിവേഴ്സിറ്റി കോളേജിന് മുന്നിലാണ് സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: