മൂന്നാര്‍: മാട്ടുപ്പെട്ടിയിലെ ആനത്താരയില്‍ മുള്ളുവേലിക്കെട്ടി അടച്ച് കന്നുകാലി വികസന ബോര്‍ഡ് അധികൃതര്‍. കാട്ടാനകളെ പകല്‍ സമയത്ത് പോലും കാണാന്‍ കഴിയുന്ന മാട്ടുപ്പെട്ടിയിലാണ് അധികൃതരുടെ മുള്ളുവേലി പ്രയോഗം. സന്ദര്‍ശകര്‍ റോഡില്‍ നിന്ന് ആനകള്‍ക്ക് സമീപത്തേക്ക് പോകുന്നത് തടയുന്നതിനാണ് വേലി കെട്ടിയതെന്നാണ് പറയുന്നത്. എന്നാല്‍ ആനകളുടെ വഴിത്താരയാണ് ഇതോടെ തടസപ്പെട്ടത്. കാട്ടാനകളുടെ വഴിത്താരയെന്ന വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലും വേലി കെട്ടിയിട്ടുണ്ട്.
മാട്ടുപ്പെട്ടി ജലാശയം നീന്തി വരുന്ന കാട്ടാനകള്‍ മൂന്നാര്‍- ടോപ്പ് സ്റ്റേഷന് റോഡ് മറികടന്ന് അരുവിക്കാട് ഭാഗത്തേക്കും തിരിച്ചും സഞ്ചരിച്ചിരുന്നു. ഇതില്‍ കെഎല്‍ഡി ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള റോഡിന്റെ മുകള്‍ ഭാഗത്ത് നേരത്തെ വൈദ്യുതി വേലി കെട്ടിയിരുന്നു.
ഇപ്പോള്‍ മറുഭാഗത്ത് മുള്ളുവേലിയും കെട്ടി. മുള്ളുവേലി കെട്ടിയത് ആനകളെ ദോഷകരമായി ബാധിക്കുന്നുണ്ട്. മുള്ളുവേലിയില്‍ തട്ടി ആനക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്്. വൈദ്യുതി വേലി കെട്ടാന്‍ മുമ്പ് അനുമതി തേടിയപ്പോള്‍ വനം വകുപ്പ് നിഷേധിച്ചിരുന്നു. വന്യ ജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമായിരുന്നു നടപടി.
വന്യ ജീവികളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന മുള്ളുവേലി നീക്കം ചെയ്യണമെന്ന് വിവിധ പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെട്ടു. വിനോദ സഞ്ചാരികള്‍ ആനകള്‍ക്ക് സമീപത്തേക്ക് പോകാതിരിക്കാന്‍ വാച്ചര്‍മാരെ നിയോഗിക്കുകയാണ് വേണ്ടതെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: