പറവൂര്‍: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസിലെ പ്രദീപ് തോപ്പിലിനെ പറവൂര്‍ നഗരസഭ ചെയര്‍മാനായി തെരഞ്ഞെടുത്തു. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി കെ. എ. വിദ്യാനന്ദന്‍ 13ഉം, പ്രദീപ് തോപ്പിലിന് 15ഉം വോട്ട് ലഭിച്ചു. ബിജെപി അംഗം സ്വപ്ന സുരേഷ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വോട്ട് എണ്ണുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് വത്സല പ്രസന്നകുമാറിന്റെ ബാലറ്റിനെ ചൊല്ലി കൗണ്‍സില്‍ ഹാളില്‍ തര്‍ക്കം ഉണ്ടായി.
രാവിലെ 11ന് തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പായി വോട്ടു ചെയ്യുന്ന രീതികളെക്കുറിച്ച് വരണാധികാരി ജില്ലാ സപ്ലൈ ഓഫീസര്‍ ജ്യോതി കൃഷ്ണ വിശദീകരിച്ചു. സ്ഥാനാര്‍ഥിയുടെ പേരിന് നേരെ ഗുണന ചിഹ്നം മാത്രമേ അനുവദിക്കൂ എന്നും അല്ലാത്തവ അസാധു ആയിരിക്കുമെന്നും കൗണ്‍സിലര്‍മാരെ അറിയിച്ചു. ചിഹ്നത്തിന്റെ മാതൃക അവര്‍ വരച്ച് കാണിക്കുകയും ചെയ്തു. എന്നാല്‍ വത്സല പ്രസന്നകുമാറിന്റെ ബാലറ്റില്‍ നിര്‍ദിഷ്ട ചിഹ്നത്തിനു പുറമേ ഒരു വരയടയാളം കൂടി വന്നത് പ്രതിപക്ഷം ചോദ്യം ചെയ്തു.
ആദ്യം ബാലറ്റ് അസാധുവെന്ന നിലപാടു സ്വീകരിച്ച വരണാധികാരി പിന്നീട് നിലപാട് മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ വോട്ട് സാധുവാണെന്ന നിലപാട് സ്വീകരിച്ച വരണാധികാരിയുടെ നടപടിയില്‍ പ്രതിപക്ഷ നേതാവ് കെ.എ. വിദ്വാനന്ദന് പരാതി നല്കി. വിഷയത്തില്‍ കോടതിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഈ കൗണ്‍സിലിന്റെ കാലത്തെ മൂന്നാമത്തെ ചെയര്‍മാനാണ് എട്ടാം വാര്‍ഡ് കൗണ്‍സിലറായ പ്രദീപ് തോപ്പില്‍. കോണ്‍ഗ്രസിലെ ധാരണ പ്രകാരം ഡി. രാജ് കുമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: