ഇന്ത്യയുമായി എന്നും ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു ചൈന. ഊഷ്മളബന്ധമെന്ന് പുറമേ തോന്നിപ്പിക്കുകയും എന്നാല്‍ അകമേ ഇന്ത്യയോട് വൈരം പുലര്‍ത്തുകയും അവസരം ലഭിച്ചാല്‍ ചതിയ്‌ക്കുകയുമാണ് ചൈന ചെയ്തുവന്നിരുന്നത്.
മോദി സര്‍ക്കാര്‍ വന്ന ശേഷം ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വളരെയേറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. പ്രസിഡന്റ് സീ ജിന്‍പിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പലകുറി ചര്‍ച്ചകള്‍ നടത്തുകയും വ്യാപാര സാംസ്‌കാരിക, പ്രതിരോധ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. ഗുജറാത്തില്‍ വച്ചായിരുന്നു ആദ്യ സുപ്രധാന ചര്‍ച്ച. സബര്‍മതി ആശ്രമം സന്ദര്‍ശിക്കുകയും മറ്റും ചെയ്ത സീ ജിന്‍പിങിന്റെ നടപടിയും മോദി-പിങ് ചര്‍ച്ചകളും ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പിന്നീട് ചെന്നൈയിലെ മഹാബലിപുരത്താണ് അടുത്ത ചര്‍ച്ച നടന്നത്. അതും ലോക ശ്രദ്ധയാകര്‍ഷിച്ചു. ഈ ചര്‍ച്ചകളെല്ലാം നടന്നപ്പോള്‍ ബന്ധം മെച്ചപ്പെട്ടതായി തോന്നിപ്പിച്ചെങ്കിലും അത് പുറമേ തോന്നുന്നതാണെന്ന് ഇന്ത്യക്ക്, പ്രത്യേകിച്ച് കേന്ദ്രത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു.
ഇത്തരം ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുമ്പോഴാണ് അവര്‍ 2017 ല്‍ ധോക്‌ലാമില്‍ കടന്നുകയറിയത്. ഇന്ത്യയുടെയും ചൈനയുടെയും ഭൂട്ടാന്റെയും അതിര്‍ത്തികള്‍ സംഗമിക്കുന്ന ഭാഗത്തെ പ്രദേശമാണ് ധോക്‌ലാം. ചൈനയും ഭൂട്ടാനും തമ്മില്‍ ഇതിന്റെ അവകാശെത്തച്ചൊല്ലി വലിയ തര്‍ക്കമാണുള്ളത്.
2017 ജൂണ്‍ 16ന് ഇവിടെ കടന്നുകയറി ചൈന റോഡു നിര്‍മ്മിക്കുകയായിരുന്നു. ഇന്ത്യ കര്‍ശന നിലപാട് സ്വീകരിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തതോടെ ഇരു സൈന്യങ്ങളും തമ്മില്‍ മുഖാമുഖമായി. ഓപ്പറേഷന്‍ ജൂനിപ്പര്‍ എന്ന പേരിട്ട് ഇന്ത്യ ജൂണ്‍ 18നാണ് സൈനിക നീക്കം ആരംഭിച്ചത്. ഇന്ത്യയുടെ സായുധ സൈന്യം ബുള്‍ഡോസറുകള്‍ അടക്കമുള്ള ഉപകരണങ്ങളുമായി ധോക്ക്‌ലാമില്‍ എത്തി. ചൈനയുടെ റോഡു പണി തടഞ്ഞു. സംഘര്‍ഷം ആഗസ്ത് 28 വരെ( രണ്ടു മാസം 12 ദിവസം) നീണ്ടു. ഇന്ത്യ ശക്തമായ നിലപാട് തുടര്‍ന്നതോടെ ഒടുവില്‍ ചൈന വിട്ടുവീഴ്ചക്ക് തയാറായി. 28 ആഗസ്തിന് രണ്ടു സൈന്യങ്ങളും പിന്മാറി.
പുതിയ കൈയേറ്റം കൊറോണക്കാലത്ത്
അടുത്തിടെ ലോകം കൊറോണയില്‍ തകര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് ചൈന ഇന്ത്യന്‍ പ്രദേശങ്ങളില്‍ കടന്നു കയറിയത്. ലഡാക്കിലെ നാലിടങ്ങളിലും ഗാല്‍വാന്‍ താഴ്‌വരയിലെ മൂന്നിടങ്ങളിലും പാങ്‌ഗോങ് തടാകത്തിനടുത്തും. ആറായിരത്തോളം സൈനികരെയാണ് ചൈന വിന്യസിച്ചത്. അത്രത്തോളം സൈനികരെ ഇന്ത്യയും വിന്യസിച്ചു. മെയ് അഞ്ചിനാണ് കൈയേറ്റം തുടങ്ങിയത്. ഇന്ത്യയുടെ റോഡ് നിര്‍മ്മാണം ചോദ്യം ചെയ്തായിരുന്നു കടന്നു കയറ്റം.
ഇന്ത്യയും സൈന്യത്തെ വിന്യസിച്ചു. സൈന്യങ്ങള്‍ തമ്മില്‍ മുഖാമുഖം നിലയുറപ്പിച്ചു. സംഘര്‍ഷം രൂക്ഷമായി. ഒടുവില്‍ തുടര്‍ച്ചയായി നയതന്ത്രതലത്തിലും സൈനിക തലത്തിലും നടത്തിയ ചര്‍ച്ചകളില്‍, ഒരു വിട്ടു വീഴ്ചയ്‌ക്കും ഇന്ത്യ സന്നദ്ധമല്ലെന്ന് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് ചൈന പാങ്‌ഗോങ് ഒഴികെ മറ്റിടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചിരുന്നു. രണ്ടര കിലോമീറ്ററോളമാണ് പിന്നോട്ടുമാറിയത്. ഇന്ത്യയും ഒരു കിലോമീറ്ററോളം പിന്നിലേക്ക് സൈന്യത്തെ പിന്‍വലിച്ചു.
പാക്കിസ്ഥാനും നേപ്പാളിനും പിന്നില്‍ ചൈന
ഇന്ത്യക്ക് എന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചൈനയുടെ പദ്ധതി. പാക്കിസ്ഥാന് സകല സഹായങ്ങളും നല്‍കി ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്നതും പല സമയത്തും നേപ്പാളിനെ ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്നതും ചൈനയാണ്. ശ്രീലങ്ക, മാല്വദീപ് തുടങ്ങിയ രാജ്യങ്ങളെ പലപ്പോഴും ഇന്ത്യാ വിരുദ്ധ നിലപാട് കൈെക്കാള്ളാന്‍ പ്രേരിപ്പിക്കുന്നതും ചൈനയാണ്.
പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തനം ചൂണ്ടിക്കാട്ടി, അവര്‍ കൊടും ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നത് തെളിവുകളോടെ യുഎന്നില്‍ പലകുറി ഭാരതം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടിട്ടുമുണ്ട്. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും റഷ്യയും അടക്കമുള്ള വന്‍ ശക്തികളും യുഎന്‍ രക്ഷാ സമിതിയിലെ മറ്റ് അംഗങ്ങളും ഇന്ത്യയെ പിന്തുണച്ചിട്ടും പാക്കിസ്ഥാനെ രക്ഷിക്കുന്നത് ചൈനയാണ്. യുഎന്‍ രക്ഷാ സമിതിയിലെ നീക്കം ചൈന തടയും. യുദ്ധവിമാനങ്ങള്‍ അടക്കം ആയുധങ്ങള്‍ നല്‍കിയും സാമ്പത്തിക സഹായം നല്‍കിയും രാഷ്‌ട്രീയപരമായ പിന്തുണ നല്‍കിയും ഇന്ത്യക്കെതിരെ പാക്കിസ്ഥാനെ തിരിക്കുന്നതില്‍ ചൈനക്കുള്ള പങ്ക് വളരെ വലുതാണ്.
നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം
നേപ്പോള്‍ എന്നും ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിട്ടിണ്ടെങ്കിലും അവിടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഭരണത്തില്‍ വരുമ്പോള്‍ അവര്‍ പലപ്പോഴും ചൈന വിധേയത്വം കാണിക്കാറുണ്ട്. ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാരനായ കെ. പി ശര്‍മ ഒലിയാണ് പ്രധാനമന്ത്രി.
നേപ്പാളും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ 98 ശതമാനവും ഏറെക്കുറെ പരിഹരിച്ചു കഴിഞ്ഞതാണ്. ലിപുലേഖ്, കാലാപാനി എന്നീ പ്രദേശങ്ങളെച്ചൊല്ലി മാത്രമാണ് ഇപ്പോള്‍ തര്‍ക്കം. ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളായ ഈ പ്രദേശങ്ങള്‍ തങ്ങളുടെതാണെന്നാണ് നേപ്പാള്‍ പറഞ്ഞിരുന്നതെങ്കിലും വലിയ തര്‍ക്കത്തിന് മുതിരാറില്ല. അടുത്തിടെ അവര്‍ ഈ പ്രദേശങ്ങള്‍ തങ്ങളുടേതാക്കി ചിത്രീകരിക്കുന്ന ഭൂപടം തയാറാക്കി അത് പാര്‍ലമെന്റില്‍ പാസാക്കി. നേപ്പാളും ഇന്ത്യയുമായി ഉടലെടുത്ത ചില ചില്ലറ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി വഷളാക്കിയത് ചൈനയാണ്. നേപ്പാളിലെ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് പഥ്യം ചൈനയാണ് എന്നതാണ് യഥാര്‍ഥ കാരണം.
ഇന്ത്യ ആഗോള പ്രശംസ നേടുന്നതും വ്യാപാര വ്യവസായ സൈനിക രംഗത്ത് മുന്നേറ്റമുണ്ടാക്കുന്നതും ഒരു തരത്തിലും ദഹിക്കാത്ത രാജ്യമാണ് ചൈന. സാമ്പത്തിക രംഗത്ത് ഇന്ത്യ നേടിയ വളര്‍ച്ചയും ചൈനയെ അസ്വസ്ഥമാക്കിയിരുന്നു.
370-ാം വകുപ്പ്
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ാം വകുപ്പ് നീക്കിയതും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയതും പാക്കിസ്ഥാനെപ്പോലെ തീരെ ഇഷ്ടപ്പെടാത്ത രാജ്യമാണ് ചൈനയും. ഇതിന്റെ പേരില്‍ ചൈനയും ഇന്ത്യക്കെതിരെ തിരിഞ്ഞിരുന്നു. ഇതിന്റെ തിരിച്ചടിയായിട്ടാണ് ലഡാക്കില്‍ തങ്ങള്‍ കടന്നുകയറിയതെന്ന് കഴിഞ്ഞ ദിവസം ചൈനീസ് നയതന്ത്ര പ്രതിനിധി പറഞ്ഞിരുന്നു. അക്‌സായി ചിന്‍ അടക്കം ലഡാക്കിലെ പലഭാഗങ്ങളും ഇന്ന് ചൈനയുടെ കൈയിലാണെന്നും ഓര്‍ക്കുക..
ടിബറ്റിനെ അംഗീകരിക്കുകയും ദലൈലാമയെ ടിബറ്റിന്റെ അധിപനായി അംഗീകരിച്ച് അഭയം നല്‍കുകയും ചെയ്ത ഇന്ത്യയുടെ നടപടിയെയും ചൈന എതിര്‍ക്കുന്നു. അയല്‍രാജ്യമായ ഇന്ത്യ കരുത്തുറ്റ രാജ്യമായി മാറുന്നതിനെയും ചൈന ഭയക്കുന്നു.
ഏറ്റവും ഒടുവില്‍ കൊറോണ പ്രതിസന്ധിക്കാലത്ത് ചൈന വിട്ട വന്‍കിട കമ്പനികളെ ഇന്ത്യ ക്ഷണിക്കുകയും അവര്‍ക്ക് എല്ലാവിധസഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. പ്രതിസന്ധി മുതലെടുത്ത് ചൈനീസ് സ്ഥാപനങ്ങള്‍, ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ കൈവശപ്പെടുത്തുന്നത് തടയാന്‍ ഇന്ത്യ നിയമം തന്നെ ഭേദഗതി ചെയ്തിരുന്നു. അയല്‍ക്കാരനെങ്കിലും ചൈനയുടെ ദുഷ്ടലാക്കിനെപ്പറ്റി ഇന്ത്യക്ക് നല്ല ബോധ്യവുമുണ്ട്.അതിനാലാണ് ഇന്ത്യ എപ്പോഴും അതിര്‍ത്തികളില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: