ആലപ്പുഴ: കൊറോണയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിഭാഗം തയ്യാറാക്കിയ മുറികള്‍ ആവശ്യക്കാര്‍ക്ക് ഉപയോഗപ്രദമാക്കേണ്ടത് ആരോഗ്യവകുപ്പാണെന്ന വിശദീകരണവുമായി മന്ത്രി ജി. സുധാകരന്.
‘ക്വാറന്റൈന് സൗകര്യത്തിനായി പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിച്ച 1.63 ലക്ഷം കിടക്കകളെവിടെ’ എന്ന ജന്മഭൂമി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”കൊറോണ രോഗവുമായി ബന്ധപ്പെട്ട് മുന്‍കരുതലായി ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പിലെ കെട്ടിട വിഭാഗം മാര്‍ച്ച് മാസത്തില്‍ തന്നെ രാവും പകലും ജോലി ചെയ്ത് ലോക്ഡൗണ്‍ കാലയളവില്‍ ബെഡ്ഡുകള്‍ ഇടാനുള്ള സൗകര്യങ്ങള്‍ കണ്ടെത്തിയിരുന്നു. അതില്‍ 1,63,000 മുറികള്‍ അപ്പോള്‍ തന്നെ ബെഡ്ഡുകള്‍ ഇടാന്‍ സജ്ജമാക്കുകയും ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.” സുധാകരന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
”എന്നാല്‍ ഇതിപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് ജന്മഭൂമിയുടെ സ്വന്തം ലേഖകന്‍ ഒരു റിപ്പോര്‍ട്ടിലൂടെ ചോദിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറണം. മുറികള്‍ എല്ലാം തന്നെ കേരളത്തില്‍ ഉണ്ട്. ഒരു വിഭാഗം മുറികള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ ആവശ്യാനുസരണം ബെഡ്ഡുകള്‍ ഉള്‍പ്പടെ മറ്റ് ചികിത്സ സഹായം ഒരുക്കുകയെന്നത് ആരോഗ്യവകുപ്പിന്റെ ചുമതലയാണ്… താമസിക്കാന്‍ സ്ഥലമില്ലാതെ ആരും അലഞ്ഞ് തിരിയുന്നില്ല എന്നത് സര്‍ക്കാര്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. താമസം സംബന്ധിച്ച് എന്തെങ്കിലും ആശയകുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുന്നത് മരാമത്ത് വകുപ്പല്ല.” മരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്വം ഇതില്‍ ആദ്യം തന്നെ ചൂണ്ടികാണിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.
കഴിഞ്ഞ മെയ് മാസം ആദ്യമാണ് പ്രവാസികളെ ക്വാറന്റൈന് ചെയ്യാന്‍ 1,63,303 കിടക്കകള്‍ വിവിധ ജില്ലകളിലായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചത്.എന്നാല്‍ ഇപ്പോള്‍ പ്രവാസികള്‍ സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ലക്ഷങ്ങളല്ല, ഏതാനും ആയിരങ്ങള്‍ വിദേശത്തു നിന്ന് മടങ്ങിയെത്തിയതോടെ സര്‍ക്കാര്‍ സംവിധാനങ്ങളാകെ പാളി. പ്രവാസികള്‍ക്ക് ആദ്യം സര്‍ക്കാര്‍ സംവിധാനത്തില്‍ 14 ദിവസം ക്വാറന്റൈന് എന്നതായിരുന്നു വ്യവസ്ഥ. പിന്നീടിത് ഏഴാക്കി കുറച്ചു. ബാക്കി ദിവസം വീട്ടില്‍ ക്വാറന്റൈന് ചെയ്താല്‍ മതിയെന്നായി.
എന്നിട്ടുപോലും സര്‍ക്കാര്‍ സൗകര്യം മതിയായില്ല. ഇതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും പ്രവാസികളും വീടുകളില്‍ ക്വാറന്റൈന് ചെയ്താല്‍ മതിയെന്നായി സര്‍ക്കാര്‍ നിലപാട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജന്മഭൂമി വാര്‍ത്ത. ഇതിനോടായിരുന്നു മന്ത്രി ജി. സുധാകരന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: