ചാത്തന്നൂര്‍: വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് വാളന്റിയര്‍മാര്‍ ആവശ്യത്തിനില്ല. ഹോം ക്വാറന്റൈന് സംവിധാനം താളം തെറ്റുന്നു. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വീടുകളില്‍ എത്തുന്നവരെ നിരീക്ഷിക്കാന്‍ വേണ്ടിയാണ് പോലീസ് വൊളന്റിയര്‍മാരെ സജ്ജരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ നിരീക്ഷണത്തിലുള്ളവര്‍ അതേപടി പാലിക്കുന്നുന്നെന്ന് ഉറപ്പ് വരുത്താനാണ് സന്നദ്ധപ്രവര്‍ത്തകരുടെ സേവനം തേടിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ സേവനപ്രവര്‍ത്തകരെ തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം കലര്‍ത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അമിതമായി തിരുകിക്കയറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ഇപ്പോള്‍ പോലീസ് വൊളന്റിയര്‍മാര്‍ ആകുവാന്‍ യുവാക്കള്‍ ആരും തന്നെ മുന്നോട്ട് വരുന്നില്ല. ഇതുമൂലം ഈ സംവിധാനം പലയിടത്തും നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കോവിഡ് 19 വ്യാപനഭീതി നിലനില്ക്കുകയും വീടുകളില്‍ മാത്രമായി നിരീക്ഷണം ഒതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തതോടെ മുമ്പത്തേതിലും ഏറെ ജാഗ്രത പുലര്‍ത്തേണ്ട അവസ്ഥയാണ്. അതിനിടയിലാണ് സന്നദ്ധപ്രവര്‍ത്തകരുടെ അഭാവവും ഉണ്ടായത്. ഇതോടെ വീട്ടുനിരീക്ഷണം പോലീസിനെക്കൊണ്ട് മാത്രം കഴിയുമോ എന്നാണ് ആശങ്ക.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ജില്ലയില്‍ എത്തി വീടുകളില്‍ വ്യാഴാഴ്ചവരെ നിരീക്ഷണത്തിലുള്ളത് 7094 പേരാണ്. ഇതില്‍ സ്ഥാപന നിരീക്ഷണത്തില്‍ 4767 പേരും 2327 പേര് വീടുകളിലും നിരീക്ഷണത്തിലുണ്ട്. ഇവരെല്ലാം തന്നെ തദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ നിരീക്ഷണത്തിലാണ്. ഇവരുടെ സുരക്ഷയിലാണ് ആശങ്കയുയരുന്നത്.
കോവിഡുമായി ബന്ധപ്പെട്ട ജോലികള്‍ക്കും പോലീസിനെ സഹായിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. സൗജന്യ സേവനത്തിനെത്തുന്ന ഇവര്‍ക്ക് പോലീസ് മുദ്രപതിച്ച വൊളന്റിയര്‍ എന്നെഴുതിയ കടുംനീല ജാക്കറ്റ് നല്‍കുന്നുണ്ട്. ഓരോ ദിവസവും അതത് പോലീസ് സ്റ്റേഷന് പരിധികളിലെ എസ്ഐമാരുടെയോ ഇന്‍സ്പെക്ടര്‍മാരുടെയോ നിര്‍ദേശത്തിന് അനുസരിച്ച് മാത്രമേ സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. പോലീസ് നല്കുന്ന പട്ടിക മുഖേനയാണ് വൊളന്റിയര്‍മാര്‍ വീടുകളിലെത്തുക. വരുംദിവസങ്ങളില്‍ നിരീക്ഷണത്തിലുള്ളവര്‍ വര്‍ധിച്ചാല്‍ ജനമൈത്രി പോലീസിന് എല്ലായിടത്തും എത്തിപ്പെടാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. ഇത് മുന്‍കൂട്ടിക്കണ്ടാണ് പുതിയ സംവിധാനമൊരുക്കിയത്. കൂടുതല്‍ പേര് വേണമെന്ന് ജില്ലാ ഭരണകൂടത്തോട് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
സന്നദ്ധപ്രവര്‍ത്തകരെ ജില്ലാ ഭരണകൂടം തെരഞ്ഞെടുത്തത് ഓണ്‍ലൈന്‍ വഴിയാണ്. സേവാഭാരതി അടക്കമുള്ള സംഘടനകള്‍ സേവാപ്രവര്‍ത്തനത്തിന് സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നപ്പോഴും അവഗണിച്ചു കൊണ്ടാണ് ജില്ലാഭരണകൂടം യുവജന കമ്മീഷന് വഴിയും ഓണ്‍ലൈന്‍ വഴിയും ആള്‍ക്കാരെ തെരഞ്ഞെടുത്തത്. ഇതില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ വഴി കൊടുത്ത പട്ടികപ്രകാരം ആള്‍ക്കാരെ തെരഞ്ഞെടുത്തുവെങ്കിലും പലരും കുറച്ചു ദിവസങ്ങളിലെ സേവനം കഴിഞ്ഞതോടെ മടുത്തു. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: