കൊല്ലം: ബസ് ചാര്‍ജ്ജ് കുറച്ചതും നിബന്ധനകള്‍ക്ക് വിധേയമായി യാത്രക്കാരെ നിയന്ത്രിക്കുന്നതും സ്വകാര്യബസ് വ്യവസായത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് ഉടമകള്‍. ദിവസം 250 കിലോമീറ്റര്‍ ഓടുന്ന സ്വകാര്യബസിന് കുറഞ്ഞത് 75 ലിറ്റര്‍ ഡീസലെങ്കിലും വേണം. ഇപ്പോഴത്തെ വിലയില്‍ 5250 രൂപ ഇന്ധന ഇനത്തില്‍ മാത്രം ചെലവ്. ജീവനക്കാരുടെ വേതനം, ഇന്‍ഷുറന്‍സ്, നികുതി, ക്ഷേമനിധി അങ്ങനെ ചെലവുകള്‍ വേറെയും.
ഒപ്പം ഇന്ധനവില വര്‍ധനവും ചില അത്യാവശ്യ സ്പെയര്‍ പാര്‍ട്സുകളുടെ വില വ്യത്യാസവും പ്രതിദിനവരുമാനം പകുതിയില്‍ താഴെയായതോടെ ഉടമകള്‍ നിരത്തുന്നത് നഷ്ടത്തിന്റെ കണക്കുകള്‍. ഓട്ടത്തിനിടയില്‍ സംഭവിക്കുന്ന തട്ടലും മുട്ടലുകളും കാരണമുണ്ടാകുന്ന ചെലവുകള്‍ വേറേ. വര്‍ധിപ്പിച്ച ബസ് ചാര്‍ജ് വാങ്ങരുതെന്ന് ഹൈക്കോടതി ഉത്തരവ് വന്നതിനുശേഷമുള്ള ദിവസം ഭൂരിഭാഗം ബസുകള്‍ക്കും 5000 രൂപയില്‍ താഴെയാണ് വരുമാനം. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വേതനം 500 രൂപയില്‍ താഴെയാക്കി. ക്ലീനര്‍മാര്‍ക്ക് രണ്ടിലേറെ ബസുകളിലായാണ് ചുമതല. മറ്റു ചെലവുകളിലേക്കൊന്നും തുക മാറ്റിവെയ്ക്കാനില്ല. ടയര്‍, അറ്റകുറ്റപ്പണികള്‍ തുടങ്ങി വേറെയുമുണ്ട് ചെലവുകള്‍. ഇതിനുള്ള തുക എവിടെനിന്ന് കണ്ടെത്തുമെന്നും അറിയില്ല.
നേരത്തേ പമ്പുകളില്‍നിന്ന് ഡീസല്‍ കടം കിട്ടുമായിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തി. സ്പെയര്‍പാര്‍ട്സ് ഉള്‍പ്പെടെയുള്ളവ കൃത്യം പണം നല്കി വാങ്ങണം. ബസിനായി വായ്പയെടുത്തവരും ഏറെയാണ്. സര്‍വീസ് നടത്തിയാല്‍ നഷ്ടമാണെന്നു കരുതി ഓടാതിരിക്കാനുമാകില്ല. നിര്‍ത്തിയിട്ടാല്‍ ബാറ്ററിക്കും ടയറിനും മറ്റു ഭാഗങ്ങള്‍ക്കും ഉണ്ടാകുന്ന തകരാറുകളേറെയാണ്. ബസ് വീണ്ടുമിറക്കുമ്പോള് ഇവ പരിഹരിക്കേണ്ടിവരും. സ്വന്തം വണ്ടിയില്‍ പണിക്കു പോയാല്‍ വേതനമായുള്ള പണമെങ്കിലും കൈയിലെത്തുമെന്ന രീതിയിലേക്ക് ഉടമകള്‍ മാറിയിട്ടുണ്ടെന്ന് തഴുത്തല, മുഖത്തല പ്രദേശങ്ങളിലെ ബസ്സുടമകള്‍ പറഞ്ഞു.
സമൂഹവ്യാപന ഭീഷണിയില്‍ ഓരോ ദിവസവും യാത്രക്കാര്‍ കുറയുകയാണ്. ബസ്ചാര്‍ജ് വര്‍ധന വേണമെന്ന് ബസ്സുടമകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാരും തയ്യാറല്ല. മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ട് ഇപ്പോഴത്തെ പ്രതിസന്ധി അറിയിച്ച് പരിഹാരം തേടാനുള്ള ശ്രമത്തിലാണ് ഉടമകളുടെ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: