കൊല്ലം: കടയ്ക്കലില്‍ പോലീസുകാരന് മരിച്ചത് സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ചാണെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസുകാരനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞദിവസമാണ് ദുരൂഹസാഹചര്യത്തില്‍ കുഴഞ്ഞുവീണ പോലീസുകാരന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്. മലപ്പുറം റിസര്‍വ് ബറ്റാലിയനിലെ പോലീസുകാരന്, ഇട്ടിവ ചരിപ്പറമ്പ് രോഹിണിയില്‍ ചന്ദ്രന്‍പിള്ളയുടെ മകന് അഖില്‍ (കണ്ണന്-35) ആണ് മരിച്ചത്. ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം.
വെള്ളിയാഴ്ച ജോലിസ്ഥലത്തുനിന്ന് നാട്ടിലെത്തിയ അഖിലിന് ശനിയാഴ്ച ഛര്‍ദ്ദിയുണ്ടായി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ ഗിരീഷി(28)നെയും ഛര്‍ദ്ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സ്പിരിറ്റ് കലര്‍ന്ന മദ്യമാണ് ഇവര്‍ കുടിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. മൃതദേഹ പരിശോധന കഴിഞ്ഞതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായത്.
നാലു പേര് മദ്യപിച്ചതില്‍ ആരോഗ്യപ്രശ്നം ഉണ്ടാകാത്തത് വിഷ്ണുവിന് മാത്രമായിരുന്നു. നാലംഗ സംഘം കുടിച്ചത് ആശുപത്രി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്പിരിറ്റാണെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ സ്പിരിറ്റ് എത്തിച്ചത് വിഷ്ണുവാണെന്നും പോലീസ് പറയുന്നു.
സ്പിരിറ്റ് ലഭിച്ച സ്ഥലത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അതേസമയം, കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് കൊല്ലം റൂറല്‍ എസ്പി അറിയിച്ചു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലപ്പുറം ഐആര്‍ ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥന് അഖിലാണ് കഴിഞ്ഞദിവസം മദ്യപിച്ച് അവശനിലയിലായി മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: