ദോഹ: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കൊേറാണ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഉറച്ചു നില്ക്കുന്ന പിണറായി സര്‍ക്കാര്‍ നടപടിയില്‍ അമര്‍ഷം ശക്തം. ഇത് തങ്ങളോടുള്ള കൊടും ചതിയാണെന്ന് പ്രവാസികള്‍ പറയുന്നു. രോഗമുക്തരെന്നുറപ്പാക്കാന് പിസിആര്‍ ടെസ്റ്റ് തന്നെ വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. തങ്ങളെ കൊലയ്ക്കു കൊടുക്കുന്ന നടപടിയാണിതെന്നു രാഷ്ട്രീയഭേദമെന്യേ പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
യുഎഇ
യുഎഇയില്‍ നിന്ന് റാപ്പിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് ഫലം ലഭിക്കുന്നവര്‍ക്കാണ് യാത്രാനുമതി. ഇവിടെയും 20 മുതല്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. പിസിആര്‍ ടെസ്റ്റിന്റെ ഫലം ലഭിക്കാന്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ വേണം. മടങ്ങാന്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഒരു പിസിആര്‍ ടെസ്റ്റിന് 380 ദിര്‍ഹം (7891 രൂപ) ആണ് ചെലവ്, വിമാനടിക്കറ്റിന്റെ പകുതി തുക. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരുമാസത്തെ ചെലവിനുള്ള പണം. ഈ തുക മുടക്കി പരിശോധിച്ചാലും പ്രശ്നങ്ങള്‍ തീരില്ല. എല്ലാ യാത്രക്കാരേയും പരിശോധിച്ച് സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റ് നല്കാന് ഇന്ത്യന്‍ എംബസിയിലെ പരിമിത ഉദ്യോഗസ്ഥരാല്‍ സാധ്യമല്ല.
ഖത്തര്‍
ഖത്തറില്‍ രോഗലക്ഷണമില്ലാത്തവരെ പരിശോധനാവിധേയരാക്കാന് നിയമം അനുവദിക്കുന്നില്ല. കൊറോണ പരിശോധനയും ചികിത്സയും സര്‍ക്കാര്‍ ആശുപത്രികളിലേ പാടുള്ളൂ. സ്വകാര്യ ആശുപത്രികളില്‍ റാപ്പിഡ് ടെസ്റ്റിനുപോലും അനുമതിയില്ല. പിസിആര്‍ ടെസ്റ്റ് നടത്തുക അസാധ്യം. മൂന്നരലക്ഷം മലയാളികളുള്ള ഖത്തറില്‍ നിന്ന് 40,000 പേരാണ് കേരളത്തിലേക്ക് മടങ്ങാന്‍ എംബസിയിലും നോര്‍ക്കയിലും രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 3,500 പേര് മാത്രമാണ് നാടണഞ്ഞത്. പരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ ഇടതു സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ യാത്രക്കാരുടെ മടക്കം അനിശ്ചിതത്വത്തിലാകും.
സൗദി അറേബ്യ
രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്ന സൗദിയിലെ ആശുപത്രികളില്‍ സൂചികുത്താന്‍ ഇടമില്ല. കഠിനമായ ശ്വാസംമുട്ടലുള്ളവരെ പോലും തിരിച്ചയയ്ക്കുകയാണ്. ഒട്ടേറെ സംഘടനകളും കമ്പനികളും വ്യക്തികളും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി തേടിയിരുന്നതിനാല്‍ വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ സൗദിയില്‍ നിന്നു വളരെക്കുറച്ച് വിമാനങ്ങളേ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളൂ. ബന്ധുവായ സ്ത്രീ ഒപ്പമില്ലെങ്കില്‍ സൗദിയിലെ ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്കു പ്രവേശനം ലഭിക്കില്ല.
കുവൈറ്റ്
കുവൈറ്റില്‍ ഇന്ത്യയില്‍ നിന്നെത്തിയ മെഡിക്കല്‍ സംഘത്തിന്റെ കൂടി സഹായത്തോടെയാണ് പരിശോധനകളും ചികിത്സയും. ഇവിടെയും യഥാസമയം ഫലം ലഭിക്കില്ല. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോകാന്‍ യാത്രക്കാര്‍ ആദ്യം ടിക്കറ്റ് വാങ്ങണം. ഇവര്‍ക്ക് കൃത്യസമയത്തു പരിശോധനാഫലം ലഭിച്ചില്ലെങ്കില്‍ യാത്ര മുടങ്ങും, ടിക്കറ്റ് തുകയും നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: