ന്യൂദല്‍ഹി:നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ) യുടെ മാനുഷിക കേന്ദ്രീകൃത വികസനത്തിനും ഉപയോഗത്തിനും പിന്തുണ നല്‍കുന്നതിനായി വന്‍കിട സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയില്‍ ഇന്ത്യയും.
അമേരിക്ക, ബ്രിട്ടന്, യൂറോപ്യന്‍ യൂണിയന്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സിംഗപ്പൂര്‍ എന്നിവയുള്പ്പെന്ന ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ജിപിഎഐ) അഥവാ ജീപെയില് സ്ഥാപക അംഗമായി ചേര്‍ന്നു.
മനുഷ്യാവകാശം, വൈവിധ്യം, നൂതനാശയം, സാമ്പത്തിക വളര്‍ച്ച എന്നിവയില്‍ അധിഷ്ഠിതമായ നിര്‍മിത ബുദ്ധിയുടെ ഉത്തരവാദിത്ത പൂര്‍ണമായ വികസനത്തിനും ഉപയോഗത്തിനും വഴികാട്ടാനുള്ള അന്താരാഷ്ട്ര സംരംഭമാണ് ജിപിഎഐ.
പങ്കാളിത്ത രാജ്യങ്ങളുടെ മുന്‍പരിചയവും വ്യത്യസ്തയും കൈമുതലാക്കി നിര്‍മിത ബുദ്ധിയുടെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് മനസ്സിലാക്കുന്നതിനുള്ള ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്. ഇത് നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട മുന്‍ഗണനകളില്‍ അത്യാധുനിക ഗവേഷണങ്ങള്‍ക്കും പ്രായോഗികതയ്ക്കും പിന്തുണ നല്കി നിര്‍മിത ബുദ്ധിയുടെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അകലം കുറയ്ക്കും.
നിര്‍മിത ബുദ്ധിയുടെ ഉത്തരവാദിത്ത പരിണാമം പ്രോത്സാഹിപ്പിക്കുന്നതിന് പങ്കാളികളുമായും അന്തര്‍ദ്ദേശീയ സംഘടനകളുമായും സഹകരിച്ച് വ്യവസായം, പൊതുസമൂഹം, ഗവണ്മെന്റുകള്, അക്കാദമിക് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരെ ജിപിഎഐ ഒരു കുടക്കീഴില് കൊണ്ടുവരും. കൂടാതെ ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് പ്രയോജനപ്പെടുത്താനുള്ള രീതിശാസ്ത്രവും ആവിഷ്കരിക്കും.
ഇന്ത്യ അടുത്തിടെ നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സ്ട്രാറ്റജി, നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് പോര്‍ട്ടല്‍ എന്നിവ ആരംഭിക്കുകയും വിവിധ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് പ്രയോജനപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തു.
പാരീസിലെ ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്റ് ഡവലപ്മെന്റ് (ഒഇസിഡി) ആതിഥേയത്വം വഹിക്കുന്ന ഒരു സെക്രട്ടേറിയറ്റും കൂടാതെ മോണ്ട്രിയലിലും പാരീസിലും രണ്ട് കേന്ദ്രങ്ങളും ജിപിഎഐക്കൊപ്പം പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: