വെഞ്ഞാറമൂട്: പന്തപ്ലാവിക്കോണത്ത് ആർഎസ്എസ് ശാഖാ സ്ഥലം ഡിവൈഎഫ്‌ഐക്കാർ കയ്യേറി. ചോദ്യംചെയ്ത ആർഎസ്എസ്- ബിജെപി പ്രവർത്തകർക്കു നേരെ ഡിവൈഎഫ്‌ഐ ആക്രമണം. കർഷകമോർച്ച ജില്ലാ സെക്രട്ടറിയുടെ കാർ അടിച്ച് തകർത്തു. പത്ത് ആർഎസ്എസ് ബിജെപി പ്രവർത്തകർക്ക് പരിക്ക്. കാറിൽ യാത്ര ചെയ്യുകയായിരുന്ന നെല്ലനാട് ശശി, വിപിൻദേവ്, കിരൺലാൽ, ശിവപ്രസാദ് എന്നിവർക്കും പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാവിലെ 9 നാണ് സംഭവം. ആർഎസ്എസ് ശാഖ നടത്തിക്കൊണ്ടിരുന്ന ഗ്രൗണ്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഷട്ടിൽ കളിക്കാനായി കയ്യേറുകയായിരുന്നു. ലോക്ഡൗണിന് മുമ്പ് സ്ഥലം ഉടമ ആർഎസ്എസ് പ്രവർത്തകർക്ക് ശാഖ നടത്താൻ അനുമതിപത്രം നൽകി. അവിടെ ശാഖ നടത്തിവരികയുമായിരുന്നു. ലോക്ഡൗണിനെ തുടർന്ന് ശാഖാപ്രവർത്തനം നിർത്തിവച്ചു.
എന്നാൽ ഈ സ്ഥലം ഡിവൈഎഫ്‌ഐ പ്രവർത്തകർ കയ്യേറി ഷട്ടിൽ കളി തുടങ്ങി. ഇത് ചോദ്യം ചെയ്തതോടെ ഡിവൈഎഫ്‌ഐ സംഘം ആക്രമണം നടത്തുകയുമായിരുന്നു. സംഘർഷ വിവരമറിഞ്ഞ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്ന കർഷകമോർച്ച ജില്ലാ സെക്രട്ടറി നെല്ലനാട് ശശിയുടെ കാർ അടിച്ച് തകർത്തു. സൈഡിലേയും പിന്നിലേയും ഗ്ലാസുകൾ പൂർണമായും തകർന്നു. തുടർന്ന് ബിജെപിയുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ ധർണ നടത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാം എന്ന ഡിവൈഎസ്പിയുടെ ഉറപ്പിൻമേലാണ് ധർണ അവസാനിപ്പിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: