ബീജിങ് : ചൈനയില്‍ വീണ്ടും കൊറോണ വൈറസ് വ്യാപകമാകുന്നു. രാജ്യത്ത് നിന്നും വൈറസിനെ തുടച്ചു നീക്കിയെന്ന് ചൈനീസ് അധികാരികളുടെ അവകശ വാദങ്ങള്‍ക്കിടെയാണ് വീണ്ടും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ വുഹാനില്‍ ആയിരുന്നെങ്കില്‍ ഇത്തവണ തലസ്ഥാനമായ ബീജിങ്ങിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വടക്കുപടിഞ്ഞാറന്‍ ഹയ്ദിയാന്‍ ജില്ലയിലെ ഒരു മൊത്തക്കച്ചവട കേന്ദ്രത്തിലാണു പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ പ്രദേശത്തിന് ചുറ്റുമുള്ള പത്ത് നവാസകേന്ദ്രങ്ങളും, മാര്‍ക്കറ്റും സമീപത്തുള്ള സ്‌കൂളുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇവിടത്തെ ജനങ്ങളോടു വീടുകളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടു.
ഇറക്കുമതി ചെയ്ത സാല്‍മണ്‍ മത്സ്യം വില്‍ക്കുന്ന കടയിലാണു വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ബെയ്ജിങ്ങിലെ ഏറ്റവും തിരക്കുള്ള സിന്‍ഫാദി മാര്‍ക്കറ്റില്‍ ഇറക്കുമതി ചെയ്യുന്ന സാല്‍മണ്‍ മത്സ്യം വില്‍ക്കുന്ന കടയില്‍ മീന്‍ വെട്ടാന്‍ ഉപയോഗിക്കുന്ന പലകയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
രോഗബാധയുള്ള കടയുടമയില്‍നിന്നോ മീന്‍ വാങ്ങാന്‍ എത്തിയവരില്‍ നിന്നോ ആകാം വൈറസ് എത്തിയതെന്നാണ് നിഗമനം. ഇതോടെ നഗരത്തിലെ ഭക്ഷ്യവിതരണ ശൃംഖലയില്‍ പരിശോധന ശക്തമാക്കാനും അധികൃതര്‍ തീരുമാനിച്ചു. പല മാര്‍ക്കറ്റുകളും അടച്ചു.
വുഹാനില്‍ മാംസമാര്‍ക്കറ്റില്‍നിന്നു വൈറസ് പടര്‍ന്നുവെന്നു കരുതുന്നതു പോലെ ബെയ്ജിങ്ങില്‍ തെക്കന്‍ ഭാഗത്തുള്ള ഒരു മാംസ, പച്ചക്കറി മാര്‍ക്കറ്റില്‍നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്നാണു നിഗമനം. അതേസമയം നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസിനെ സ്വീകരിക്കുന്ന ഘടകങ്ങള്‍ സസ്തനികളില്‍ മാത്രമാണുള്ളത്. മത്സ്യം വഴി ഇതുണ്ടാകില്ലെന്നുമാണ് വിലയിരുത്തുന്നത്.
ഞായറാഴ്ച 57 പുതിയ കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിലിനു ശേഷം ഒറ്റ ദിവസം ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഇതില്‍ 36 എണ്ണവും ബെയ്ജിങ്ങില്‍ സമ്പര്‍ക്കത്തിലൂടെ പകര്‍ന്നതാണെന്നാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്.
മാര്‍ക്കറ്റില്‍ ഏതു വിധേനയാണ് വൈറസ് എത്തിയതെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വവ്വാലുകള്‍, വെരുകുകള്‍ എന്നിവയില്‍ വൈറസ് സംഭരിക്കപ്പെടുന്നതു പോലെ മീനുകളില്‍ ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: