പരപ്പ: കാലവര്‍ഷം തുടങ്ങിയതോടെ അന്തിയുറങ്ങാന്‍ ഒരു വീട് എന്ന സ്വപ്നവുമായി കഴിയുകയാണ് വൃദ്ധ ദമ്പതികള്‍. കോടോംബേളൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കോളിയാറില്‍ താമസിക്കുന്ന മാത്യുവും(73) ഏലിക്കുട്ടിയും(63) ആണ് സുരക്ഷിതമായി ദുരിതങ്ങളുമായി കഴിഞ്ഞുകൂടുന്നത്. ഓല മേഞ്ഞ വീടിന് മുകളില്‍ മരച്ചില്ല വീണതോടെ മേല്‍ക്കൂരയും തകര്‍ന്നു. പിന്നെ ആരുടെയൊക്കയോ സഹായത്തോടെ ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി വലിച്ചുകെട്ടി.
മണ്ണിന്റെ തറയില്‍ ചുറ്റും ഓലകൊണ്ട് മറച്ച് കഴിഞ്ഞ 19 വര്‍ഷമായി ഇവര്‍ ഇങ്ങനെ ദുരിതജീവിതം നയിക്കുന്നു. വീട് മാത്രമല്ല പ്രാഥമികാവശ്യം നിറവേറ്റാന്‍ ഒരു ശുചി മുറി പോലുമില്ല ഇവിടെ. പഞ്ചായത്തിലും ഗ്രാമസഭയിലുമൊക്കെ കുറെ അപേക്ഷിച്ചു. ആകെയുള്ളത് 22 സെന്റ് സ്ഥലമാണ്. അഞ്ച് വര്‍ഷം മുമ്പുണ്ടായ ഒരു അപകടത്തില്‍ മാത്യുവിന്റെ കൈ ഒടിഞ്ഞ് കമ്പിയിട്ടതാണ്. പിന്നീട് ഭാരപ്പെട്ട ജോലികളൊന്നുമെടുക്കാന് പറ്റാതായി.
ഇട്ട കമ്പിയെടുത്തു കളയേണ്ട സമയം കഴിഞ്ഞപ്പോള്‍ അസ്വസ്ഥതകളും തുടങ്ങി. അതിനുള്ള പണം പോലും ഇവരുടെ കൈയ്യിലില്ല. ഹൃദ്രോഗിയാണ് ഏലിക്കുട്ടി. റേഷനുള്ളതു കൊണ്ട് പട്ടിണിയില്ലാതെ പോകുന്നു. കാറ്റൊന്ന് ആഞ്ഞുവീശുമ്പോള്‍, മഴ കനക്കുമ്പോഴൊക്കെ ദമ്പതിമാര്‍ക്ക് ഉള്ളില്‍ പേടിയാണ്. ഒറ്റമുറിയുള്ളതാണെങ്കിലും അടച്ചുറപ്പുള്ള ചെറിയൊരു വീടും ഒരു ശുചി മുറിയും സ്വന്തമായി കിട്ടിയാല്‍ മതിയായിരുന്നുവെന്നാണ് ഈ ദമ്പതികളുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: