നെയ്യാറ്റിന്‍കര: എംപി ഫണ്ടില്‍ നിന്നും പണം നല്കി വാങ്ങിയ ആംബുലന്‍സ് തുരുമ്പെടുത്ത് നശിക്കുന്നു. തിരുവനന്തപുരം എംപി ശശി തരൂരിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി വാങ്ങി കളക്ടര്‍ വഴി കോണ്‍ഗ്രസ്സിന്റെ ജനശ്രീക്ക് നല്കിയ ആംബുലന്‍സാണ് നെയ്യാറ്റിന്‍കരയില്‍ രോഗികള്‍ക്ക് പ്രയോജനപ്പെടാതെ നശിക്കുന്നത്.
രണ്ടുവര്‍ഷം മുമ്പാണ് ജനശ്രീക്ക് ലക്ഷങ്ങള്‍ വിലയുള്ള ആംബുലന്‍സ് നല്‍കിയത്. ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തുന്ന മലയോര തീരപ്രദേശത്തുളള പാവപ്പെട്ട രോഗികളെ സൗജന്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ വേണ്ടിയാണ് ആംബുലന്‍സ് വാങ്ങി നല്‍കിയത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആംബുലന്‍സുകളെല്ലാം രോഗികളില്‍ നിന്നും അമിതതുക ഈടാക്കുന്നതുകൊണ്ടാണ് ഡ്രൈവര്‍ ഫീസ് മാത്രം ഈടാക്കികൊണ്ട് സേവനമനുഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആംബുലന്‍സ് പുറത്തിറക്കിയത്. എന്നാല്‍ നാളിതുവരെ ആയിട്ടും ആംബുലന്‍സില്‍ രോഗികളെ കയറ്റിയിട്ടില്ല എന്ന് മാത്രമല്ല ഈ വാഹനത്തിന് ഇന്‍ഷുറന്‍സ് തവണ മുടങ്ങുകയും ചെയ്തു.
ആധുനിക സജ്ജീകരണങ്ങളോട് കൂടി പുറത്തിറക്കിയ ആംബുലന്‍സിനുള്ളിലുള്ള വിലപിടിപ്പുള്ള പല ഉപകരണങ്ങളും ഇന്ന് കാണാനില്ല. കഴിഞ്ഞ ഒരു വര്‍ഷമായി കോണ്‍ഗ്രസ് നേതാവ് മേല്‍നോട്ടം വഹിക്കുന്ന നെയ്യാറ്റിന്‍കര കാര്‍ഷിക സഹകരണ വികസന ബാങ്കിന്റെ കോമ്പൗണ്ടിലാണ് ആംബുലന്‍സ് തുരുമ്പെടുത്ത് നശിക്കുന്നത്. തമിഴ്നാട് കേരള അതിര്‍ത്തി പ്രദേശമായ നെയ്യാറ്റിന്‍കര പാറശ്ശാല മണ്ഡലങ്ങളില്‍ കൊറോണയുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആംബുലന്‍സിന്റെ കുറവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനം തുരുമ്പിച്ച് നശിക്കുന്നത്. എത്രയും പെട്ടെന്ന് ഈ ആംബുലന്‍സ് പുറത്തിറക്കാന്‍ വേണ്ട നടപടി ജില്ലാ കളക്ടറുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന ആവശ്യം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: