പേരാമ്പ്ര: ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടികള്‍ വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ കല്പത്തൂരിലും പരിസരങ്ങളിലുമുള്ള വിദ്യാര്‍ത്ഥിക ദുരിതത്തില്‍. രാമല്ലൂര്‍, രയരോത്ത് മുക്ക്, വായനശാല, അഞ്ചാംപീടിക, കൊളോപ്പാറ, കാരയാട്, വെള്ളിലോട്, എടത്തുംഭാഗം, മമ്മിളിക്കുളം, കോഴിമുക്ക് പ്രദേശത്തുള്ള വിദ്യാര്‍ത്ഥികളാണ് കൂടുതലും പ്രയാസത്തിലായത്. വിക്ടേഴ്‌സ് ചാനലില്‍ ക്ലാസുകള്‍ സംപ്രേഷണം ഉണ്ടെങ്കിലും അത് ആ സമയത്ത് തന്നെ കാണേണ്ടതുണ്ട്. ഇല്ലെങ്കില്‍ ക്ലാസ് നഷ്ടപ്പെടും. മഴക്കാലമായതിനാല്‍ കറന്റ് പോകുന്നതും പല വീടുകളിലും ടിവിയും അനുബന്ധ ഉപകരണങ്ങള്‍ ഇല്ലാത്തതും പ്രയാസമാവുന്നു.
മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് യൂട്യൂബില്‍ ഏത് സമയത്തും ക്ലാസ് വീണ്ടും വീണ്ടും കാണാന്‍ സാധിക്കുമെന്നതിനാല്‍ കൂടുതല്‍ കുട്ടികളും ആശ്രയിക്കുന്നത് യൂട്യൂബ് ആണ്.
അത് തടസ്സമില്ലാതെ കാണണമെങ്കില്‍ മൊബൈല്‍ നെറ്റവര്‍ക്ക് വേണ്ടവിധം വേണം. നേരത്തെ നല്ല റേഞ്ച് ഉള്ള ഈ സ്ഥലങ്ങളില്‍ പലതും അടുത്ത കാലത്തായി റേഞ്ച് കുറഞ്ഞതായും ആളുകള്‍ പരാതിപ്പെടുന്നു.
സ്വകാര്യ കമ്പനികള്‍ ഈ പ്രദേശങ്ങളില്‍ ടവര്‍ നിര്‍മ്മാണത്തിന് ശ്രമം നടത്തിയപ്പോള്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിന്നുപോയിരുന്നു. കല്പത്തൂരിലെയും അഞ്ചാംപീടികയിലെയും റേഷന്‍ കടകളില്‍ നെറ്റ്‌വര്‍ക്ക് പ്രശ്നം കാരണം പലപ്പോഴും സാങ്കേതിക പ്രശ്നങ്ങള്‍ സൃഷിക്കുന്നത് റേഷന്‍ കടയില്‍ എത്തുന്നവര്‍ക്ക് സമയനഷ്ടം ഉണ്ടാവാറുണ്ടെന്ന പരാതിയും നിലവിലുണ്ട്. അധികാരികള്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളും.
















