കോവിഡ് രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒട്ടൊക്കെ പിടിച്ചുനിന്ന കേരളം ഇന്ന് രോഗവ്യാപന ഭീഷണിയുടെ നിഴലിലാണ്. പുറത്തുനിന്നുള്ളവരുടെ വരവ് ആരംഭിച്ചതോടെ രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. പ്രതിരോധ സംവിധാനങ്ങള്‍ പാളുന്നതിന്റെ സൂചനകള്‍ കൂടുതല്‍ പ്രകടമാവുന്നു. സാമൂഹ്യവ്യാപനത്തിന്റെ സാധ്യതകള്‍ പോലും ആരോഗ്യ വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. കാര്യങ്ങളെ ഇതുവരെ നിസ്സാരമായി കണ്ട് വിലയിരുത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്.
മഴക്കാലം ആരംഭിച്ചതോടെ വരാനിരിക്കുന്ന മൂന്നു മാസങ്ങള്‍ നിര്‍ണായകമായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ആഗസ്റ്റ് മാസത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിന്റെ പലമടങ്ങായി വര്‍ധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന് അകത്തും പുറത്തും നിന്ന് കേരളത്തിലേക്ക് വരുന്നവരുടെ ക്വാറന്റൈന് കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടായാല്‍ അത് ഗുരുതരമായ രോഗവ്യാപനത്തിന് ഇടയാക്കും.
കാര്യങ്ങള്‍ ഇത്രയധികം ഗുരുതരമായതോടെ സര്‍ക്കാര്‍ പ്രതിരോധ യജ്ഞത്തില്‍ നിന്ന് സ്വയം പിന്മാറുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. അനുദിനം രോഗബാധിതരുടെ എണ്ണ പെരുകിവരുമ്പോള്‍ രോഗപ്രതിരോധത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ തന്റെ സര്‍ക്കാര്‍ ഇന്ത്യക്കെന്നല്ല ലോകത്തിനുതന്നെ മാതൃകയാണെന്നാണ് അടുത്ത ദിവസംവരെ മുഖ്യമ്രന്തി തന്റെ പതിവ് വാര്‍ത്താസമ്മേളനത്തില്‍ വീമ്പിളക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സാഹചര്യം മുന്നില്‍ കണ്ടതോടെ കേരള ജനത കോവിഡിനൊപ്പം ജീവിച്ച് സ്വയം രക്ഷപ്പെട്ടുകൊള്ളുക എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മല ക്കം മറിഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ത്തന്നെ സര്‍ക്കാരിന് വന്‍ പാളിച്ചയാണുണ്ടായത്. ലോകത്താകമാനം കോവിഡ് എന്ന മഹാരോഗം പിടിമുറുക്കുന്നതറിഞ്ഞിട്ടും കേരളത്തില്‍ ഇതൊന്നും ബാധിക്കില്ലെന്ന ധാര്‍ഷ്ട്യത്തോടെ നമ്മുടെ വിമാനത്താവളങ്ങള്‍ വഴി യാെതാരു പരിശോധനയും ഇല്ലാതെയാണ് ആളുകളെ കടത്തിവിട്ടിരുന്നത്. ലോകത്ത് ആദ്യം രോഗവ്യാപനം ഉണ്ടായ ചൈനയോടൊപ്പം തന്നെ കേരളത്തിലും രോഗം വന്നതും ഇതിന്റെ ഫലമായാണ്. ഇപ്പോള്‍ കോവിഡ് രോഗ ലക്ഷണങ്ങളുമായി അനേകം പേര് ആശുപത്രികളില്‍ കഴിയുമ്പോഴും ഇവിടെ എല്ലാം ഭദ്രമാണെന്ന് വീമ്പിളക്കാനാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ശ്രദ്ധിച്ചത്.
കേരളത്തില്‍ ഇന്ന് നിലവിലുള്ള മെഡിക്കല്‍ കോളേജുകളില്‍ ബഹുഭൂരിപക്ഷവും കമ്യൂണിസ്റ്റ് ഇതര സര്‍ക്കാരുകള്‍ കൊണ്ടുവന്നതാണ്. ഇങ്ങനെ ഉണ്ടായ ചികിത്സാ സംവിധാനങ്ങളുടെ മികവുകൊണ്ടാണ് കേരളം കോവിഡ് എന്ന മഹാവ്യാധിക്കെതിരെ ഇത്രയുമെങ്കിലും പിടിച്ചുനിന്നത്. അല്ലാതെ മുഖ്യമന്ത്രി പിണറായി വിജയന് എന്നും വൈകുന്നേരങ്ങളില്‍ ഒരു മണിക്കൂര്‍ മേുടങ്ങാതെ വാര്‍ത്താസമ്മേളനം നടത്തിയതുകൊണ്ടല്ല.
മറ്റ് സംസ്ഥാനങ്ങളിലും രോഗവ്യാപനം അതിന്റെ പാരമ്യത്തില്‍ എത്തുന്നതിനു മുന്‍പ് കേന്ദ്രസഹായത്തോടെ കേരളീയരെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്നത്തെപ്പോലെ രോഗബാധിതരുടെ ഒഴുക്ക് കേരളത്തിലേക്ക് ഉണ്ടാകുമായിരുന്നില്ല. അതുപോലെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണവും ഇത്രമാത്രം വര്‍ധിക്കുമായിരുന്നില്ല. ഇതിനായി കേന്ദ്രസഹായം തേടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച ‘ഈഗോ’യാണ് ്രപശ്നങ്ങള്‍ രൂക്ഷമാക്കിയത്.
പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവാസി സംഘടനകളുടെയും ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മനസ്സില്ലാമനസ്സോടെയാണ് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചത്. അപ്പോഴേക്കും വിദേശരാജ്യങ്ങളില്‍ ഒട്ടനവധി മലയാളി സഹോദരങ്ങള്‍ രോഗം ബാധിച്ച് ആശുപത്രികളിലാവുകയോ മരണത്തിന് കീഴടങ്ങുകയോ ചെയ്തിരുന്നു.
രോഗവ്യാപനത്തിന്റെ പ്രാരംഭഘട്ടത്തില്‍ അടച്ചിട്ട ആരാധനാലയങ്ങള്‍ ഇപ്പോള്‍ തുറന്നുകൊടുക്കാനുള്ള തീരുമാനവും ഒട്ടും ഉചിതമായില്ല. ദേവസ്വം ബോര്‍ഡുകളുടെ വരുമാനം ലക്ഷ്യമിട്ട് ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ മാനിക്കാതെ ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്തത് അങ്ങേയറ്റം ബുദ്ധിശൂന്യമായ നടപടിയായിപ്പോയി. ക്രിസ്ത്യന്‍, മുസ്ലിം ആരാധനാലയങ്ങള്‍ പലതും തല്ക്കാലം തുറക്കുന്നത് അവരവര്‍തന്നെ തീരുമാനിച്ച് നീട്ടിവയ്ക്കുകയുണ്ടായി. ഖജനാവിലേക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മദ്യവില്പന കേന്ദ്രങ്ങള്‍ തുറന്നുകൊടുത്ത നടപടിയും രോഗവ്യാപനത്തിന് വഴിയൊരുക്കും.
കോവിഡ് രോഗികളെ പരിപാലിക്കുന്നതിനായി സ്വയംമറന്ന് സേവനം ചെയ്യുന്ന നമ്മുടെ ആരോഗ്യപ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ സമീപനവും ശരിയായ രീതിയിലല്ല. ആരോഗ്യ പ്രവര്‍ത്തകരെ ഡ്യൂട്ടിക്ക് ശേഷം വീടുകളിലേക്ക് വിടുന്നു. ഇവരുടെ വീടുകളിലുള്ളവര്‍ പുറത്ത് മറ്റുള്ളവരുമായി ഇടപഴകേണ്ടവരായിരിക്കും. ഇതും രോഗവ്യാപനത്തിന് കാരണമായേക്കാം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പതിനാലു ദിവസത്തെ ക്വാറന്റൈന് എന്ന മാര്‍ച്ച് 3-ലെ ഉത്തരവ് ഭേദഗതി ചെയ്ത് രോഗം ഉണ്ടാകാന്‍ ഇടയുള്ളവര്‍ക്ക് മാത്രമായി സര്‍ക്കാര്‍ ക്വാറന്റൈന് പരിമിതപ്പെടുത്തിയതിന്റെ ഉദ്ദേശ്യം വ്യക്തമല്ല.
രോഗ പരിശോധനയുടെ കാര്യത്തിലും കേരളം ബഹുദൂരം പിന്നിലാണ്. മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ജൂണ്‍ പകുതിയോടെ 6 ലക്ഷത്തിലധികം പരിശോധനകളും രാജസ്ഥാനുംകര്ണാടകവും ഏതാണ്ട് നാലര ലക്ഷത്തിനടുത്ത് പരിശോധനകളും നടത്തിയപ്പോള്‍ കേരളം ഒന്നര ലക്ഷത്തിനടുത്ത് പരിശോധനകള്‍ മാത്രമാണ് നടത്തിയത്.
ക്വാറന്റൈന് ആവശ്യത്തിനായി രണ്ടര ലക്ഷത്തിലധികം മുറികള്‍ ഒരുക്കിയിട്ടുണ്ടെന്നവകാശപ്പെട്ട് പ്രവാസികളെ മാടിവിളിച്ച സര്‍ക്കാര്‍ ഇപ്പോള്‍ എല്ലാവരും ഹോം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത് രോഗ പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് തെളിയിക്കുന്നത്.
രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞത് 5000 ല്‍പരം വെന്റിലേറ്റര്‍ സൗകര്യം ഒരുക്കണമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇപ്പോള്‍ ഏതാണ്ട് 1800 വെന്റിലേറ്റര്‍ സൗകര്യം മാത്രമേ സംസ്ഥാനത്ത് ഉള്ളൂ. യുദ്ധകാലാടിസ്ഥാനത്തില്‍ വെന്റിലേറ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കാര്യമായ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇതും രോഗപ്രതിരോധരംഗത്ത് സര്‍ക്കാരിനുണ്ടായ വീഴ്ചയാണ്.
പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമായും ആശ്രയിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ്. എന്നാല്‍ ഇപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്തതായി കാണുന്നില്ല. കമ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചതിന്റെ സാമ്പത്തിക ഭാരത്തില്‍നിന്നും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇനയും കരകയറിയിട്ടില്ല.
രോഗ വ്യാപാനം കൂടുകയാണെന്നും അതിനാല്‍ കോവിഡിനൊപ്പം ജീവിക്കുക മാത്രമാണ് പോംവഴിയെന്നും ജനമനസ്സുകളില്‍ അരക്ഷിതബോധം സൃഷ്ടിക്കുന്നത് ഒരു ഭരണകൂടത്തിന് ഭൂഷണമല്ല. ഇത്തരമൊരു അരക്ഷിത ബോധവും വ്യാപിക്കുന്ന രോഗവും സമൂഹത്തെ വല്ലാത്ത അരാജകത്വത്തിലേക്കായിരിക്കും നയിക്കുക. രോഗത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ നീങ്ങുകയാണ് വേണ്ടത്. കേരളം പോലുള്ള ഒരു പരിഷ്കൃത സമൂഹത്തില്‍ വ്യാപകമായ ബോധവല്‍ക്കരണത്തിലൂടെ ഏത് രോഗത്തെയും ചെറുത്തു തോല്‍പ്പിക്കാം. ഭരണ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കാതെ മഹാവ്യാധിക്കെതിരെയുള്ള അതിജീവന പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനാണ് സര്‍ക്കാരും ഭരണാധികാരികളും ശ്രമിക്കേണ്ടത്.
വി.എം. മോഹനന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: