തളിപ്പറമ്പ്: പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നപ്പോള്‍ പ്രതിസന്ധിയിലായത് കൂടയില്‍ ചെടികള്‍ മുളപ്പിച്ച് വില്‍പ്പന നടത്തിവന്നരവാണ്. മഴക്കാലമാകുമ്പോള്‍ ലക്ഷക്കണക്കിന് ചെടികളാണ് ഇവര്‍ കൂടയില്‍ മുളപ്പിച്ച് വില്പന നടത്തുന്നത്.
വീടുകളിലും കൂടത്തൈകള് ഉണ്ടാക്കാറുണ്ട്. ചെലവ് കുറഞ്ഞ രീതിയില്‍ പൂര്‍ണ്ണമായും ജൈവമായ കൂട നിര്‍മ്മാണം സാദ്ധ്യമാകുമെന്ന് കാണിച്ചു തരികയാണ് തളിപ്പറമ്പ് അക്കിപ്പറമ്പ് യുപി സ്ക്കൂളിലെ റിട്ടയേര്‍ഡ് പ്രഥമാദ്ധ്യാപകന് എം.ആര്. മണിബാബു. ജന്മഭൂമി തളിപ്പറമ്പ് ലേഖകന്‍ കൂടിയാണ് ഇദ്ദേഹം.
കൂട നിര്‍മ്മിക്കാനായി അദ്ദേഹം ഉപയോഗിക്കുന്നത് തേങ്ങയുടെ തൊണ്ടും ഒരല്‍പ്പം ചകരിക്കയറുമാണ്. തേങ്ങ പുറത്തെടുത്ത ശേഷമുള്ള തൊണ്ട് കയറുപയോഗിച്ച് വരിഞ്ഞുകെട്ടി മുഴുവന്‍ തേങ്ങ പോലെയാക്കുന്നു. അതിന്റെ ഒരു വശം മുറിച്ചു കളഞ്ഞാല്‍ പാത്രം പോലെയായി. തേങ്ങയിരുന്ന ഭാഗത്ത് മണ്ണ് നിറച്ച് വിത്ത് സ്ഥാപിച്ചാല്‍ മതി. പ്ലാസ്റ്റിക് കവറിലും ചട്ടികളിലും മണ്ണ് നിറച്ച് ഉപയോഗിക്കുമ്പോള്‍ വെള്ളം കെട്ടി നിന്ന് ചിലപ്പോള്‍ ചെടി ചീഞ്ഞു പോകുമായിരുന്നു.
എന്നാല്‍ തൊണ്ട് കൂടയില്‍ വെള്ളം നില്ക്കുകയേ ഇല്ല. കൂടയ്ക്കകത്ത് ഈര്‍പ്പം നിലനില്ക്കുകയും ചെയ്യും. വീട്ടിലുള്ള തൊണ്ട് ചെടിക്കൂടയാക്കാന് ഉപയോഗിച്ചാല്‍ തൊണ്ട് ഒരു പാഴ്വസ്തുവായി മാറുകയുമില്ല. പത്ത് പതിനഞ്ച് മിനിറ്റുകൊണ്ട് ഒരു കൂട നിര്‍മ്മിക്കാന്‍ സാധിക്കും. പ്ലാസ്റ്റിക്കിനോട് ബൈ പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: