പയ്യാവൂര്‍: പയ്യാവൂരിലെ പാടാന്‍കവലയില്‍ കാട്ടുമൃഗശല്യം നിമിത്തം ജനങ്ങള്‍ പൊറുതിമുട്ടുന്നു. കാട്ടുപന്നി, കുരങ്ങ്, ആന, മുള്ളന്‍പന്നി എന്നിവയുടെ ശല്യം മേഖലയില്‍ രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലി ഫോറസ്റ്റില്‍ നിന്നും ഇറങ്ങി വന്ന ആന ജനവാസ മേഖലകളിലൂടെ ഇറങ്ങി പാടാന്‍കവലയില്‍ നിന്നു കുന്നത്തുര്‍ റോഡിലൂടെ രണ്ട് കിലോമീറ്ററോളം നടന്ന് റോഡരകിലുള്ള കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പുതിയപുരയില്‍ ബാലകൃഷ്ണന്റെ കൃഷിസ്ഥലത്തെ വാഴ, തെങ്ങ്, കവുങ്ങ്, കശുമാവ്, റബ്ബര്‍ എന്നിവയും കയ്യാലകളും നശിപ്പിച്ച ശേഷമാണ് ആന കാട്ടിലേക്ക് മടങ്ങിയത്. ഇന്നലെ രാത്രിയോടെ വീണ്ടുമെത്തിയ കാട്ടാന ഈ പ്രദേശത്തുള്ള കൃഷികള്‍ നശിപ്പിച്ചു.
നാട്ടുകാര്‍ പാടാന്‍ കവലയിലുള്ള ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആനയെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയുമായിരുന്നു. രണ്ട് ദിവസം ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് തമ്പടിച്ച ആനകളെ തിരികെ കാട്ടിലേക്ക് കയറ്റിവിടാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായെങ്കിലും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാലോ എന്ന് ഭയന്ന് ശ്രമം വേണ്ടെന്ന് വെക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയോര മേഖലയിലെ ജനങ്ങള്‍ ഭയന്നാണ് കഴിയുന്നത്. കാട്ടുപന്നികളും കൂട്ടമായി ഇറങ്ങുന്ന കുരങ്ങുകളും ഭക്ഷ്യവിളകള്‍ നശിപ്പിക്കുന്നത് പതിവാണ്. കൊറോണ രോഗ ഭീതിയില്‍ ജോലിയില്ലാതായ കര്ഷകന് ഇരുട്ടടിയാണ് കാട്ടുമുഗശല്യം. ഇവയെ ഭയന്ന് കാര്‍ഷിക വൃത്തിയും നൂറ് കണക്കിന് ഏക്കര്‍ കൃഷിസ്ഥലവും ഉപേക്ഷിച്ച് ജനങ്ങള്‍ ടൗണിലേക്ക് ചേക്കേറുകയാണ്. കഴിഞ്ഞാഴ്ച പാടാന്‍ കവലയിലുള്ള സണ്ണി കിഴക്കേപുരയിടത്തില്, ശിവന് പുളിക്കത്തടത്തില്‍, അനീഷ് പള്ളിക്കുന്നേല്‍ എന്നിവരുടെ കാര്‍ഷിക വിളകള്‍ വ്യാപകമായ തോതില്‍ കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടലുണ്ടായി കാട്ടുമൃഗശല്യത്തിന് പരിഹാരമുണ്ടാക്കി ജീവനും സ്വത്തിനും സംരക്ഷണം നല്‍കമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
അതേസമയം കൊട്ടിയൂരില്‍ പട്ടാപ്പകല്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തി. ഇന്നലെ പുലര്‍ച്ചെയാണ് കൊട്ടിയൂര്‍ പാല്‍ചുരത്ത് കാട്ടാനക്കൂട്ടം ഒരു വീട്ടുമുറ്റത്ത് തമ്പടിച്ചത്. കൃഷിയിടത്തിലിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ച കാട്ടാനക്കൂട്ടം അല്‍പ്പനേരം തമ്പടിച്ചതിനു ശേഷം റോഡിലേക്കിറങ്ങി. ഇതോടെ വീടുകളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ബഹളം വെക്കുകയും ശബ്ദം കേട്ട് ഭയന്ന ആനക്കുട്ടം കൊട്ടിയൂര്‍ അമ്പായത്തോട് തലപ്പുഴ നാല്പത്തിനാലാം വഴി റോഡിലൂടെ നടന്നു പോവുകയുമായിരുന്നു. ഷിന്റോ ഒളാട്ടുപുറം എന്നയാളുടെ വീട്ടിനു മുമ്പിലാണ് കാട്ടാന തമ്പടിച്ചത്.
പകല്‍നേരങ്ങളിലും കാട്ടാനയിറങ്ങുന്നത് കൊട്ടിയൂര്‍ അമ്പായത്തോട് നിവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നെത്തുന്ന കാട്ടാനകളാണ് ജനവാസ കേന്ദ്രത്തില്‍ വിഹരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: