പോത്തൻകോട്: ലോക് ഡൗൺ കാരണം അടച്ചിട്ടിരുന്ന പൊതുചന്ത കച്ചവടക്കാർക്കായി തുറന്ന് പ്രവർത്തിച്ചു തുടങ്ങി. ചന്ത അടച്ചിട്ടതോടെ വഴിയോരത്തായിരുന്നു പച്ചക്കറി, മീൻ ഉൾപ്പെടെയുള്ളവയുടെ വിൽപ്പന നടന്നത്.
മഴയെത്തിയതോടെ കച്ചവടക്കാർ ദുരിതത്തിലായിരുന്നു. അതിനാൽ അടിയന്തിരമായി ചന്ത ശുചീകരിച്ച് കച്ചവടക്കാർക്ക് ഇരിപ്പിടം ഒരുക്കുകയായിരുന്നു. പഴയ മീൻചന്തയും താൽക്കാലിക ഷെഡുകളുമെല്ലാം പൊളിച്ചു മാറ്റിക്കഴിഞ്ഞു. മറ്റൊരു ഭാഗത്ത് മീൻ വിൽപനയ്‌ക്ക് ഇടം നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ, വാർഡംഗം സജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം ഉൾപ്പെടെ നടന്നത്. തുടർ നടപടികൾക്കായി സെക്രട്ടറി സുനിൽ അബ്ബാസ്, അസിസ്റ്റന്റ് എൻജിനീയർ പത്മചന്ദ്രൻ നായർ, ഓവർസിയർമാരായ രജു, ബിനു എന്നിവരും എത്തിയിരുന്നു.
ചന്തയ്‌ക്കുള്ളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാവുന്ന തരത്തിലാണ് കച്ചവടക്കാർക്ക് ഇരിപ്പിടങ്ങൾ നൽകിയിട്ടുള്ളതെന്നും ലംഘനങ്ങൾ കണ്ടെത്തിയാൽ വീണ്ടും അടച്ചിടേണ്ടി വരുമെന്നും വേണുഗോപാലൻ നായർ അറിയിച്ചു.
മലഞ്ചരക്കു വ്യാപാരത്തിനു പ്രശസ്തമായ പോത്തൻകോട് ചന്തയുടെ നവീകരണത്തിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. ചന്തയ്‌ക്കു പുറകിൽ നിർമ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കുന്ന സിവിൽ സ്റ്റേഷനിലേക്ക് പോകുന്നതിനായി പ്രധാന റോഡിൽ നിന്നും മാർക്കറ്റിനോട് ചേർന്ന് 8 മീറ്റർ വീതിയുള്ള പുതിയ റോഡ് വരും. ഇതിനോട് ചേർന്നുള്ള 11 സെന്റ് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ മീൻചന്തയും നിർമിക്കും.
ഇതിനായി പഞ്ചായത്ത് 20 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ചന്ത നവീകരണത്തിനായി സി.ദിവാകരൻ എംഎൽഎ 10 ലക്ഷം അനുവദിച്ചിട്ടുള്ളതായും പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: