വട്ടിയൂര്‍ക്കാവ്: നെട്ടയം ചീനിക്കോണത്ത് കലാരഞ്ജിനി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആസ്ഥാനമായി ജി.സനല്‍കുമാര്‍ സ്മാരക മന്ദിരം ഉത്ഘാടനം ചെയ്തു. ഈ മന്ദിരത്തിന്റെ കെട്ടിട നിര്‍മ്മാണ കണ്‍വീനര്‍ ആയിരുന്നു സനല്‍കുമാര്‍. എന്തിനും ആ പ്രദേശത്തെ നിറ സാന്നിധ്യമായിരുന്നു.
ചിനിക്കോണം പ്രദേശത്തെ സംഘത്തിന്റെയും പരിവാര്‍ പ്രസ്ഥാനത്തിന്റെയും ആദ്യകാലം മുതലുള്ള പ്രവര്‍ത്തകനായിരുന്നു. ഇന്ന് നെട്ടയം മണികണ്ഠേശ്വരം ചീനിക്കോണം പ്രദേശങ്ങള്‍ സംഘത്തിന്റെ ശക്തി കേന്ദ്രങ്ങളായതിന് നിര്‍ണ്ണായക പങ്കു വഹിച്ച ആളുകളില്‍ ഒരാളാണ് സനല്‍കുമാര്‍. സംഘത്തിന്റെ ബസ്തി കാര്യവാഹ് ആയും ബിജെപിയുടെ ജില്ലാ കമ്മറ്റി അംഗമായും ചുമതല വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ രാവിലെ പ്രഭാത നടത്തത്തിനിടയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് സനല്‍കുമാര്‍ അന്തരിച്ചത്.
സനല്‍കുമാറിന്റെ പേരിലുള്ള ഈ മന്ദിരം ഈ പ്രദേശത്തിന്റെ കലാകായിക രംഗത്ത് നിര്‍ണ്ണായക കാല്‍വെപ്പ് ആണ്. കൂടാതെ സനല്‍ കുമാറിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ നിലനിര്‍ത്തുമെന്നും മന്ദിരം ഉത്ഘാടനം ചെയത കലാരഞ്ജിനി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് പ്രസിഡന്റ് ഹരീഷ് കുമാര്‍ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായി ആണ് ഉത്ഘാടന ചടങ്ങ് നടത്തിയത്. മന്ദിരത്തിന്റെ നിര്‍മ്മാണ വേളയില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ക്ലബ്ബ് അംഗങ്ങളായ അനില്‍കുമാര്‍, സുനില്‍ കുമാര്‍, മധുസൂദനന് നായര്‍ എന്നിവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് രാജേന്ദ്രന് നായര്‍ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതം പറയുകയും മന്ദിര നിര്‍മാണത്തെപ്പറ്റി വിശദീകരിക്കുയും ചെയ്തു. സേവാഭാരതി വട്ടിയൂര്‍ക്കാവ് സെക്രട്ടറി ഹരി, സനല്‍കുമാറിന്റെ പിതാവ് ഗോപാലകൃഷണന്, മകന് വിഷ്ണു, കൃഷ്ണപ്രകാശ്, വത്സലകുമാരി, ശോഭന എന്നിവര്‍ ഭദ്രദീപം കൊളുത്തി ക്ലബ്ബ് ട്രഷറര്‍ പ്രവീണ്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: