കുണ്ടറ: അച്ഛനമ്മമാര്‍ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കണ്ണനല്ലൂര്‍ പോലീസ് പിടികൂടി. കൊറ്റങ്കര മേലൂട്ടുകാവിന് സമീപം താമസിക്കുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പൊടിമോന് എന്ന വിജയന്(40), മണികണ്ഠന് (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
എസ്എച്ച്ഒ വിപിന്‍കുമാര്‍, എസ്ഐമാരായ നിയാസ്സ്, സുന്ദരേശന് എന്നിവരുടെ നേതൃത്വത്തില്‍ സംഭവം നടന്ന സ്ഥലവും ഇവര്‍ കടന്നു പോയ സ്ഥലങ്ങളായ ചേരിക്കോണം കോളനി, നല്ലില, കണ്ണനല്ലൂര്‍, തൃക്കോവില്‍വട്ടം തുടങ്ങിയ പ്രദേശങ്ങളും കേന്ദ്രീകരിച്ച് 25 സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ ചേരിക്കോണം ചിറയില്‍വീട്ടില്‍ ഷഫീഖ്-ഷംന ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടു പോയത്.
ജൂണ്‍ 4ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ചിറയില്‍ കോളനിയിലെ അടച്ചുറപ്പില്ലാത്ത ചെറിയ വീട്ടില്‍ അച്ഛനമ്മമാര്‍ക്കൊപ്പം തറയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്. ബലമില്ലാത്ത കതക് തള്ളി തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. നല്ല ഉറക്കത്തിലായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയത് അച്ഛനമ്മമാര്‍ അറിഞ്ഞിരുന്നില്ല. ഈ വീടിന്റെ സമീപത്ത് ഇരുട്ടില്‍ ഒരാളിന്റെ രൂപം കണ്ട് അയല്‍വാസി നിലവിളിച്ചു ബഹളം വച്ചു. ഇതിനെ തുടര്‍ന്ന് കുഞ്ഞിനെ വീടിന് നൂറുമീറ്റര്‍ അകലെയുള്ള മറ്റൊരു വീടിന്റെ മതിലിനോട് ചേര്‍ന്ന് റോഡില്‍ ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ഉപേക്ഷിച്ചു. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ഉറക്കത്തിനിടെ ഉണര്‍ന്നു കരയുമെന്നതിനാല് വീടിനുള്ളിലെ ലൈറ്റ് ഓഫാക്കിയിരുന്നില്ല.
കുഞ്ഞില്‍ നിന്നും കവര്‍ന്ന ആഭരണങ്ങള്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചതായി കണ്ടെത്തി. കുണ്ടറ, കിളികൊല്ലൂര്‍ സ്റ്റേഷനുകളില്‍ നിരവധി അടിപിടി കേസുകളില്‍ പ്രതികളായ ഇവര്‍ ആദ്യമായാണ് മോഷണക്കേസില്‍ അറസ്റ്റിലാകുന്നത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇതില്‍ ചാത്തന്നൂര്‍ എസിപി ഷൈനു തോമസ്, കണ്ണനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍ കുമാര്‍, എസ്ഐ നിയാസ്, എസ്ഐ സുന്ദരേശന്, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ജയകുമാര്‍, സിപിഒമാരായ സന്തോഷ് ലാല്‍, മുഹമ്മദ് നജീബ്, മനു, സീനു, സജു, ബൈജു പി. ജെറോം, രതീഷ് എന്നിവര്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: