പേരാമ്പ്ര: മഴക്കാലമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൃഷി പാടെ നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വര്‍ദ്ധിക്കുന്നു.
ഈ സാഹചര്യത്തില്‍ ഇവക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കൃഷി വിജ്ഞാന്‍ കേന്ദ്ര മുന്നറിയിപ്പ് നല്‍കി. തെങ്ങ്, വാഴ, റബ്ബര്‍, പപ്പായ, കിഴങ്ങുവര്‍ഗ്ഗ വിളകള്‍, പച്ചക്കറി വിളകള്‍ തുടങ്ങി വിവിധ വിളകളെ ഇവ ആക്രമിക്കുന്നു. മതിലുകളിലും ചുമരുകളിലും പറ്റിപ്പിടിച്ച് സിമന്റ്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് തുടങ്ങിയവ ഭക്ഷിക്കുന്നു.
മഴക്കാലം കഴിയുന്നതോടെ ഇവ മണ്ണില്‍ ആഴങ്ങളിലേക്ക് പോവുകയും അടുത്ത മഴക്കാലത്ത് പുറത്ത് വന്ന് പ്രജനനം തുടരുകയും ചെയ്യുന്നു. വിളകള്‍ വളര്‍ത്തുന്ന തോട്ടത്തിനു ചുറ്റുമായി തുരിശ് ലായനി(10 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി) തളിക്കുന്നത് ഇവ വിളകളിലെത്തുന്നത് തടയും. നനഞ്ഞ ചാക്കില്‍ ചീയുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ വെച്ച് ഇവയെ ആകര്‍ഷിച്ചു
പെറുക്കി നശിപ്പിക്കാം. ഇവയെ കൂട്ടത്തോടെ ആകര്‍ഷിക്കാനായി പറമ്പില്‍ ഒരടി താഴ്‌ച്ചയില്‍ കുഴിയെടുത്ത് അതിലേക്ക് 500 ഗ്രാം ആട്ടപ്പൊടിയും 200 ഗ്രാം ശര്‍ക്കരയും യീസ്റ്റ് ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി ഒരു ദിവസം പുളിക്കാന്‍ വെച്ചതിനു ശേഷം ഈ കുഴിയില്‍ നിക്ഷേപിക്കുക.
ഇവ കൂട്ടത്തോടെ ഈ കുഴിയില്‍ ആകര്‍ഷിക്കപ്പെടുന്നതാണ്. തുരിശു ലായനിയും പുകയിലച്ചാറും തളിച്ച് ഇവയെ നിയന്തിക്കാമെന്നും കൃഷി വിജ്ഞാന്‍ കേന്ദ്ര ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: