ഒറ്റപ്പാലം: തെരുവുനായ കുറുകെ ചാടി വ്യാപാരി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനൊരുങ്ങി ഒറ്റപ്പാലം നഗരസഭ. വ്യാപാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുകയാണ് ഉചിതമെന്ന് സംസ്ഥാന സര്‍ക്കാറും, നഗരകാര്യ ഡയറക്ടറും നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
വസ്ത്ര വ്യാപാരിയായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം കുന്നത്ത് സെയ്തലവി 2011 ഫെബ്രുവരി ആറിന് പാലപ്പുറം എന്‍എസ്എസ് കോളേജിന് സമീപത്ത് വെച്ചായിരുന്നു അപകടം. തുടര്‍ന്ന് സെയ്തലവിയുടെ ഭാര്യയും നഗരസഭ മുന്‍കൗണ്‍സിലറുമായ ഫാത്തിമ സിരിജഗന് കമ്മിറ്റിയെ സമീപിച്ചു .കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാണ് സുപ്രീം കോടതി നിയോഗിച്ച സിരിജഗന് കമ്മിറ്റി ഉത്തരവിട്ടത്.
ഏകദേശം 18.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു ഉത്തരവ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിരിക്കേയാണ് തുക നല്‍കുകയാണ് ഉചിതമെന്ന നിര്‍ദേശം വന്നത്. വിഷയം അടുത്ത നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച് തീരുമാനമെടുക്കുമെന്ന് നഗരസഭ ചെയര്മാന് എന്‍.എം. നാരായണന് നമ്പൂതിരി അറിയിച്ചു.
തെരുവുനായകള്‍ മൂലമുണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയാണ് സിരിജഗന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: