തിരുവനന്തപുരം: മുന്‍ മാസങ്ങളെ അപേക്ഷിച്ച് രണ്ടിരട്ടിയിലേറെ തുക വന്ന വൈദ്യുതി ബില്ലിന്റെ പേരിലുള്ള ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് ഫലം കാണുന്നു. ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കണക്ഷനുകള്‍ വിച്ഛേദിക്കരുതെന്ന് ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടറുടെ ഓഫീസില്‍ നിന്ന് എല്ലാ സെക്ഷന്‍ ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്കി.
പല വീടുകളിലും ഒരു മാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗം വന്നതാണ് തുക വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. കെഎസ്ഇബി നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും ജനങ്ങളെ കബളിപ്പിച്ചിട്ടില്ലെന്നും ബോര്‍ഡ് വിശദീകരിക്കുന്നു. ഒരു സ്ലാബില്‍ നിന്ന് മറ്റൊരു സ്ലാബിലേക്ക് മാറിയതാണ് ഇതിന് കാരണമെന്നും അധികൃതര്‍ പറയുന്നു.
അതേസമയം, ഒരു വീട്ടില്‍ ഒരു ദിവസം ശരാശരി എട്ട് യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സംസ്ഥാനത്ത് 70 ശതമാനം വീടുകളിലും ഇതാണ് അവസ്ഥ. അതായത് ആറോ ഏഴോ യൂണിറ്റ് ഉപയോഗം മാത്രം. ഒരു ദിവസം എട്ട് യൂണിറ്റ് വച്ച് ഒരു മാസം കണക്കാക്കുമ്പോള്‍ 240 യൂണിറ്റാണ് ശരാശരി ഒരു വീട്ടുകാര്‍ ഉപയോഗിക്കുന്നത്. ഇത് 250 യൂണിറ്റ് കഴിഞ്ഞ് 251 യൂണിറ്റാകുമ്പോള്‍ നിരക്ക് ഇരട്ടിയാകും. ഇതാണ് പലയിടത്തും സംഭവിച്ചത്. നാലു മാസത്തെ ബില്‍ ഒരുമിച്ചാണ് വന്നത്. അപ്പോള്‍ ശരാശരി രണ്ട് മാസത്തെ തുകയായി 1000 രൂപ അടച്ചിരുന്ന ഉപഭോക്താവിന് നാല് മാസത്തെ ബില്‍ തുകയായി വന്നത് 6000 രൂപയ്ക്ക് മുകളിലാണ്.
കെഎസ്ഇബി അധികൃതര്‍ മീറ്റര്‍ റീഡിങ് എടുത്തിട്ടില്ല, അത് ജനങ്ങളുടെ കുറ്റമല്ല. റീഡിങ് എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് റഗുലേറ്ററി കമ്മീഷന്റെ നിര്ദ്ദേശവുമില്ല. ഇങ്ങനെയൊരു അവസ്ഥ കെഎസ്ഇബിക്ക് മുമ്പ് ഉണ്ടായിട്ടില്ല. ഇപ്പോള്‍ കെഎസ്ഇബിക്ക് ശരിക്കും ലോട്ടറി അടിച്ചു. ആയിരം രൂപയ്ക്കു പകരം മൂവായിരവും നാലായിരവും രൂപയാണ് ലഭിക്കുന്നത്. ലോക്ഡൗണിന് ശേഷം റീഡിങ് ആരംഭിക്കും മുമ്പ് കെഎസ്ഇബിക്ക് നയപരമായ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുമായിരുന്നെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അതുമുണ്ടായില്ല.
പ്രത്യേക സാഹചര്യം പരിഗണിച്ച് കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന് മുമ്പാകെ അപ്പീല്‍ നല്‍കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ പലര്‍ക്കും മൂന്നിരട്ടി പണം നല്‍കേണ്ടി വരുമായിരുന്നില്ല. ഇതിന് മുന്‍കൈയെടുക്കേണ്ട സംസ്ഥാന സര്‍ക്കാരും അറിഞ്ഞ ഭാവം നടിച്ചില്ല. എല്ലാവരും ഒത്തുകളിച്ചപ്പോള്‍ നഷ്ടം ജനങ്ങള്‍ക്ക് മാത്രമായി. കെഎസ്ഇബി അധികൃതരുടെ വിശദീകരണത്തില്‍ ഉപഭോക്താക്കള്‍ തൃപ്തരുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: