ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ പ്രഖ്യാപിച്ച,’എന്റെ ജീവിതം,എന്റെ യോഗ ‘ വീഡിയോ ബ്ലോഗിങ് മത്സരത്തിലേക്ക് എന്‍ട്രികള്‍ അയക്കാനുള്ള അവസാനതീയതി ഈ മാസം 21 ലേക്ക് നീട്ടി.ഡിജിറ്റല്‍ ഇടങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ ആഗോള തല മത്സരം,ആയുഷ് മന്ത്രാലയത്തിന്റെയും,ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് (ICCR) ന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് നടത്തുന്നത്.ആറാമത് അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ചാണ് മത്സരം .
എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 15 ആണെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിഡിയോകള്‍ തയ്യാറാക്കുന്നതിനു കൂടുതല്‍ സമയം ലഭിക്കുന്നതിനായി, തീയതിയില്‍ മാറ്റം വരുത്തണമെന്ന് രാജ്യത്തിനകത്തും പുറത്തും നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.ഇത് പരിഗണിച്ചാണ് അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21 വരെ സമയം അനുവദിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ മാസം 31 നു നടത്തിയ തന്റെ മന് കി ബാത്ത് പ്രഭാഷണത്തിനിടെയാണ്,’എന്റെ ജീവിതം എന്റെ യോഗ ‘ വീഡിയോ ബ്ലോഗിങ് മത്സരത്തില്‍ പങ്കെടുക്കാന്‍, മോദി രാജ്യത്തെ ജനങ്ങളെ ആഹ്വാനം ചെയ്തത്.വ്യക്തികളില്‍ യോഗ ഉണ്ടാക്കുന്ന മാറ്റത്തിനു ഊന്നല്‍ നല്‍കിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.ആറാമത് അന്താരാഷ്ട്രയോഗ ദിനത്തോട് ചേര്‍ന്നുള്ള ഒരു പ്രവര്‍ത്തനമായും ഇത് മാറി.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍, മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സമര്‍പ്പിക്കേണ്ടത്.ക്രിയ, ആസന,പ്രാണായാമ ,ബന്ധ,മുദ്ര എന്നിങ്ങനെ മൂന്ന് യോഗ അഭ്യാസങ്ങള്‍ ഉള്‍പ്പടുന്ന വീഡിയോ ആണ് നല്‍കേണ്ടത്.കൂടാതെ യോഗ അഭ്യാസം തങ്ങളുടെ ജീവിതത്തെ എങ്ങനെ ഗുണകരമായി ബാധിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സന്ദേശവും ഇതില്‍ ഉള്‍പ്പെടുത്തണം.#MyLifeMyYogaINDIA ,എന്ന ഹാഷ്ടാഗോടെ,ഫേസ്ബുക്,ട്വിറ്റെര്‍ ,ഇന്‍സ്റ്റാഗ്രാം,മൈഗവ് പ്ലാറ്റ് ഫോമുകളില്‍ ഇവ അപ്ലോഡ് ചെയ്യാവുന്നതാണ്.ഉചിതമായ മറ്റു ഹാഷ്ടാഗുകളും നല്‍കാവുന്നതാണ്.മത്സര പങ്കാളിത്തവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍, ആയുഷ്മാന്ത്രാലയത്തിന്റെ യോഗ പോര്‍ട്ടലില്‍ ലഭ്യമാണ്.
https://yoga.ayush.gov.in/yoga/
രണ്ടു ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഓരോ രാജ്യങ്ങളിലും നടക്കുന്ന ആദ്യ ഘട്ടത്തില്‍ വിജയിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് രണ്ടാം ഘട്ടം സംഘടിപ്പിക്കുക.ഇവരില്‍ നിന്നും അന്താരാഷ്ട്ര വിജയികളെ തിരഞ്ഞെടുക്കും.മത്സരാര്‍ഥികള്‍ സമര്‍പ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്നും, വ്യക്തികളില്‍ യോഗപരിശീലനം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് മനസിലാക്കുന്നതിനുള്ള ശ്രമമായാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
18 വയസ്സില്‍ താഴെപ്രായമുള്ളവര്‍ യുവാക്കള്‍ എന്ന വിഭാഗത്തിലും,അതിനുമുകളില്‍ പ്രായമുള്ളവര്‍ മുതിര്‍ന്നവര്‍ എന്ന വിഭാഗത്തിലുമാണ് വിഡിയോകള്‍ സമര്‍പ്പിക്കേണ്ടത്.യോഗാ വിദഗ്ദ്ധര്‍ക്കായി ഒരു പ്രത്യേക വിഭാഗം കൂടിയുണ്ട്. മൂന്നു വിഭാഗങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം മത്സരമായിരിക്കും സംഘടിപ്പിക്കുക.ഒന്നാം ഘട്ടത്തില്‍ ഒരോ വിഭാഗത്തിലും ഒന്നും രണ്ടും, മൂന്നും സ്ഥാനം നേടുന്ന ,ഇന്ത്യക്കാരായ മത്സരാര്‍ഥികള്‍ക്ക് യഥാക്രമം ഒരുലക്ഷം,അന്‍പതിനായിരം,ഇരുപത്തിഅയ്യായിരം എന്നിങ്ങനെ സമ്മാനം ലഭിക്കും.അന്താരാഷ്ട്രതലത്തില്‍ ഇത് യഥാക്രമം US$2500, US$1500, US$1,000 എന്നിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: