റഷ്യയിലെ മഹാസാഹിത്യകാരനായ ടര്‍ഗനീവ് പ്രഭാത സവാരിക്കിറങ്ങിയതാണ്. മരം കോച്ചുന്ന മഞ്ഞ്. ഒരാള്‍ ഒരു മരത്തിന് കീഴില്‍ നിന്ന് ഭിക്ഷ യാചിക്കുന്നത് അദ്ദേഹം കണ്ടു. തണുപ്പില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ ഒരു കമ്പിളി പുതപ്പ് പോലുമില്ലാത്ത നിസ്സഹായ രൂപം. ആദ്യ കാഴ്ചയില്‍ തന്നെ അലിവ് തോന്നിയ ടര്‍ഗനീവ് അയാള്‍ക്ക് ഒരു റൂബിള്‍ കൊടുക്കാമെന്ന് കരുതി തന്റെ നീളന്‍ കോട്ടിന്റെ പോക്കറ്റില്‍ തപ്പി. എന്നാല്‍ റൂബിള്‍ പോയിട്ട് ഒരു കോപ്പക് പോലും കണ്ടില്ല. ടര്‍ഗനീവ് ഭിക്ഷക്കാരന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് പറഞ്ഞു. സഹോദരാ, താങ്കള്‍ക്ക് തരാന്‍ എന്റെ കൈയില്‍ ഒരു കോപ്പക് പോലുമില്ലല്ലോ.
ഭിക്ഷക്കാരന്‍ വിതുമ്പി: അങ്ങ് എന്നെ സഹോദരാ എന്നു വിളിച്ചല്ലോ! അതിനെക്കാള്‍ വലിയ ഒരു ദാനം മറ്റൊന്നുണ്ടോ?
ആ മരത്തിന്റെ ചുവട്ടില്‍ ഇതാ നില്‍ക്കുന്നു മഞ്ഞിനെ നേരിടാന്‍ ഒരു കമ്പിളി പുതപ്പ് പോലുമില്ലാതെ ‘അതിഥി’ തൊഴിലാളികള്‍. തലയില്‍ അവഹേളനത്തിന്റെയും അവഗണനയുടെയും അപമാനത്തിന്റെയും ഭാണ്ഡക്കെട്ടുകളും ചുമന്ന് അവര്‍ നിങ്ങള്‍ക്ക് മുന്നിലൂടെ കടന്നു പോകുന്നത് കാണുന്നില്ലേ? കണ്ടു, പക്ഷേ കുറ്റക്കാര്‍ ആരാണ്? അവരെ തെരുവിലിറക്കി വിട്ടവര്‍ ആര്? അത് ഞങ്ങളല്ല നിങ്ങളാണ്. ആരൊക്കെയോ കള്ളനും പോലീസും കളിക്കുന്നു. നിങ്ങള്‍ മനഃസാക്ഷിയോട് ചോദിക്കണം. ടര്‍ഗനീവിനോട് ചോദിക്കണം.
പാപത്തിന്റെ ഫലം മരണമാണ്. കൊറോണാനന്തര കേരളത്തില്‍ സര്‍വരാജ്യ തൊഴിലാളികള്‍ സംഘടിക്കുന്നു. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നുവെന്ന് കൊറോണ അവരെ പഠിപ്പിച്ചു. അവര്‍ ശബ്ദിച്ചു തുടങ്ങി. ആ ശബ്ദത്തെ നേരിടാനുള്ള നിങ്ങളുടെ കൈയിലെ ഏക ആയുധം മാന്യമായ മൗനം മാത്രമായിരിക്കും. ചെയ്ത തെറ്റിന് മാപ്പിരക്കണം. പുതിയ തെറ്റുകള്‍ ചെയ്യാതിരിക്കണം. പാവപ്പെട്ട തൊഴിലാളികള്‍ക്ക് പുതിയ ആകാശവും പുതിയ ഭൂമിയും ഉറപ്പാക്കാന്‍ ശ്രമിക്കുക. എങ്കില്‍ ഒരുപക്ഷേ ചരിത്രം നിങ്ങളോട് ക്ഷമിച്ചു എന്നിരിക്കും.
കണ്ടില്ലേ. അവര്‍ ആ ഫ്‌ളൈഓവറിന് താഴെ തന്നെയുണ്ട്. നമുക്ക് യാത്ര ചെയ്യാനായി അവര്‍ തന്നെ പണിത ആ ഫ്‌ളൈഓവറിന് കീഴില്‍ കിടന്നുറങ്ങുന്നുണ്ട്, അല്ല നരകിക്കുന്നുണ്ട്. അവരെ നാം ഇതരസംസ്ഥാന തൊഴിലാളികളെന്നും അതിഥി തൊഴിലാളികളെന്നും വിളിക്കുന്നു. അവര്‍ ഭാണ്ഡക്കെട്ടും ചുമന്ന് മൈലുകളോളം നടക്കുന്നത് കണ്ട് നെഞ്ചുപൊട്ടുന്ന പലരും ഉണ്ട്. അവരെ ഇങ്ങനെ നടത്തിയതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? കണ്ണുകൊണ്ടു കാണാന്‍ കഴിയാത്ത കൊറോണയെ ഭയന്ന് നാം ഖജനാവ് തുറക്കുന്നു. കണ്ണു കൊണ്ട് കാണാന്‍ കഴിയുന്ന അന്യദേശ തൊഴിലാളികളെ നാം കണ്ടില്ലെന്ന് നടിക്കുന്നു. മാറിമാറി വരുന്ന ഭരണാധികാരികള്‍ ഇവര്‍ക്ക് നേരേ കണ്ണടച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്ങിന്റെ സമയത്താണ് ഉദാരവത്കരണം, ആഗോളവത്കരണം, സ്വകാര്യവത്കരണം എന്ന മന്ത്രം ഉരുവിട്ട് രാജ്യം പുതിയ സാമ്പത്തിക ക്രമത്തിലേക്ക് നടന്നു നീങ്ങിയത്. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യത്തിന്റെ റിസര്‍വ് സ്വര്‍ണ്ണവും തലയില്‍ ചുമന്ന് മറ്റ് രാജ്യങ്ങളില്‍ കൊണ്ടുപോയി ‘പണയം വയ്‌ക്കാനുണ്ടേ’ എന്ന് വിളിച്ചു കൂവിയ നാണക്കേട് ഇന്നും നാം മറന്നിട്ടില്ല. അന്ന് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ന്നു തരിപ്പണമായി. പക്ഷേ രാജ്യത്തെ കല്ലിനുമേല്‍ കല്ല് വച്ച് പണിതുയര്‍ത്തിയവരെ നാം മറന്നു. റോഡിന് പുറമേ റോഡും ഡാമിന് പുറകെ ഡാമും വിമാനത്താവളത്തിന് പുറമേ വിമാനത്താവളവും ഫാക്ടറിക്ക് പുറമേ ഫാക്ടറിയും ഐ.ടി പാര്‍ക്കിനു പിറകെ ഐ.ടി പാര്‍ക്കുമുണ്ടാക്കി ഈ രാജ്യത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത് ആരാണ്? മറക്കേണ്ട, തൊഴിലാളികള്‍. അവരെ പിന്നീടു തൊഴിലാളി പാര്‍ട്ടികളും മുതലാളി പാര്‍ട്ടികളും മറന്നു. അതുകൊണ്ടാണ് അവര്‍ റോഡിലിറങ്ങിയത്. അല്ലാതെ കൊറോണ കൊണ്ടല്ല.
നിങ്ങള്‍ അവരെ സ്‌കൂളുകളിലോ ക്യാമ്പുകളിലോ പാര്‍പ്പിച്ച് ഭക്ഷണം കൊടുക്കും. വല്ലപ്പോഴും ചില്ലറത്തുട്ടുകളും വച്ചുകൊടുക്കും. എന്നിട്ടും എന്തിനാണ് അവര്‍ ഇറങ്ങിയോടുന്നതെന്നോ. വളര്‍ത്തുമൃഗങ്ങള്‍ അല്ലാത്തതു കൊണ്ട്. മനുഷ്യര്‍ ആണെന്ന് അവര്‍ക്ക് തോന്നുന്നതുകൊണ്ട്. ആരാണ് അവരുടെ സംരക്ഷകര്‍ എന്നവര്‍ക്കറിയില്ല. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നില്ലേ? കടം കൊണ്ടാണോ? അല്ല. പണ്ടും കര്‍ഷകര്‍ കടം വാങ്ങിയിരുന്നില്ലേ? അന്നവര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല? കാരണം, അന്നവര്‍ക്കറിയാം ആരോടാണ് അവര്‍ കടപ്പെട്ടിരിക്കുന്നതെന്ന്. എവിടെയാണ് താന്‍ സമാധാനം പറയേണ്ടതെന്ന്. എവിടെയാണ് തന്റെ സാധനങ്ങള്‍ വില്‍ക്കേണ്ടതെന്ന്. ഇന്ന് അവര്‍ക്ക് ഇതൊന്നും തന്നെ അറിയില്ല. ഒന്നിനും ഒരു നിശ്ചയവുമില്ല. അവരുടെ ആത്മവിശ്വാസം നശിച്ചു. ആരാണ് രക്ഷകനെന്നും ആരാണ് ശിക്ഷകനെന്നും അവര്‍ക്കറിയില്ല. ആരോ എവിടെയോ ഇരുന്ന് അവരെ നിയന്ത്രിക്കുന്നു.
നമ്മുടെ നാട്ടിലെ എല്ലാ വിഭാഗങ്ങളും മുന്നോട്ടു നീങ്ങിയപ്പോള്‍ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ മാത്രം ഇങ്ങനെയായെങ്കില്‍ ആരാണ് ഉത്തരവാദി? ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന് ഇവരെ രക്ഷിക്കാന്‍ കഴിയുമോ? അതിന് യാഥാര്‍ത്ഥ്യബോധവും മനുഷ്യത്വവും വേണം. അല്ലാതെ തൊഴിലാളികളെ തെരുവിലേക്ക് ഇറക്കിവിട്ടിട്ട് നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തകരുടെ മേലങ്കി അണിയരുത്. ഇതൊരു പ്രത്യയശാസ്ത്ര പരിമിതിയാണ്. മാത്യു ആര്‍നോള്‍ഡ് പറഞ്ഞതുപോലെ കഴിീൃമി േമൃാശല െരഹമവെ യ്യ ിശഴവ.േ അറിവില്ലാത്ത സൈനികര്‍ ഇരുളില്‍ പടവെട്ടുന്നു, പരസ്പരം. ഒരു പ്രശ്‌നം പരിഹരിക്കണം എന്നുണ്ടെങ്കില്‍ ആ പ്രശ്‌നം ഉണ്ട് എന്ന് ആദ്യം മനസിലാക്കണം. അല്ലാതെ ഇതെന്റെ പ്രശ്‌നമല്ലെന്നും അതുണ്ടാക്കിയത് ഞാനല്ലെന്നും പറഞ്ഞാല്‍ അതിന് പരിഹാരമാകുന്നില്ല. ചിലര്‍ പ്രശ്‌നത്തിന് പരിഹാരം തേടുന്നു. ചിലര്‍ പരിഹാരത്തില്‍ പ്രശ്‌നം കണ്ടെത്തുന്നു. പ്രശ്‌നവും പരിഹാരവും തെരുവില്‍ ഏറ്റുമുട്ടുന്നു. തൊഴിലാളി എല്ലാത്തിനും മൂകസാക്ഷി. എല്ലാവരും ഉത്തരവാദികളാണ്. നമ്മുടെ രാജ്യം ഭരിച്ച എല്ലാവരും ഈ അവസ്ഥയ്‌ക്ക് ഉത്തരവാദികളാണ്.
അടുത്തു നില്‍ക്കുമൊരനുജനെ നോക്കാന്‍ അക്ഷികളില്ലാത്തോന്
അരൂപനീശ്വരന്‍ ആദൃശ്യനായാല്‍ അതിലെന്താശ്ചര്യം എന്ന് ഉള്ളൂര്‍ പറഞ്ഞത് ഓര്‍മ്മവരുന്നു. അപ്പപ്പോള്‍ ചെയ്യുന്ന പാപങ്ങള്‍ക്കൊക്കെയും ഈ പശ്ചാത്താപമേ പ്രായശ്ചിത്തം എന്ന് വള്ളത്തോള്‍ പറഞ്ഞത് ഇന്ന് നാം ഓര്‍ക്കണം. ഇന്നലെ ചെയ്‌തോരബദ്ധം നരര്‍ക്ക് ഇന്നത്തെ ആചാരമാകാം, നാളത്തെ ശാസ്ത്രമതാകാം എന്ന കുമാരനാശാന്റെ വരികളും ഓര്‍ക്കുന്നത് ദുരിതപൂര്‍ണമായ ഇന്നത്തെ ലോകത്ത് ഉചിതം തന്നെ.
സാന്ദര്‍ഭികമായി മറ്റൊരു സംഭവവും ഓര്‍ത്തു പോകുന്നു. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം ഉണ്ടായിരുന്ന ഇംഗ്ലണ്ട് തൊട്ടടുത്തുണ്ടായിരുന്ന അയര്‍ലണ്ടിനെ അവഗണിച്ചു. അയര്‍ലണ്ടിലെ സാധാരണ തൊഴിലാളികള്‍ 1916 ലെ ഈസ്റ്റര്‍ നാളില്‍ തെരുവിലിറങ്ങി സാമ്രാജ്യത്തെ തൂത്തെറിഞ്ഞു.
ടര്‍ഗനീവില്‍ തുടങ്ങിയതു കൊണ്ട് റഷ്യയില്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്. റഷ്യന്‍ മിസ്റ്റിക്കായ പി. ഡി. ഔസ്സ്‌പെന്‍സ്‌കി എഴുതിയ ഒരു നോവലുണ്ട്, ഇവാന്‍ ഒസോക്കിന്റെ വിചിത്രജീവിതം. ലോകത്തിലെ എല്ലാ പാപങ്ങളുടെയും ആകെത്തുകയാണ് ഒസോക്കിന്‍. അയാള്‍ മരിച്ച് പരലോകത്തെത്തി. ഒസോക്കിന് എന്തു ശിക്ഷ നല്‍കുമെന്ന കാര്യത്തില്‍ പരലോക വിധേതാത്ക്കള്‍ക്ക് ഒരു നിശ്ചയവുമില്ല. ഒസോക്കിനെ ഒസോക്കിനായി തന്നെ ഭൂമിയിലേക്ക് അയയ്‌ക്കാന്‍ അവര്‍ തീരുമാനിച്ചു. അയാളുടെ പാപങ്ങള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ അതു തന്നെയായിരിക്കും.
ഇപ്പോള്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന രാഷ്രീയ ഒസോക്കിന്മാരെ പാപഭൂമിയിലേക്ക് തന്നെ തിരിച്ചയയ്‌ക്കുക. തൊഴിലാളികളുടെ വിലങ്ങുകള്‍ അപ്പോള്‍ അഴിയും. പുതിയൊരു ആകാശവും ഭൂമിയും അവര്‍ക്ക് ലഭിക്കും. ടര്‍ഗനീവിനെ പോലെ സഹോദരാ എന്നു വിളിച്ച് ചേര്‍ത്തു പിടിച്ചാല്‍, അവന്റെ മനസിലെ നൊമ്പരം അവസാനിക്കും.
ഗ്രീക്ക് വീരനായ അലക്‌സാണ്ടറുടെ നേട്ടങ്ങളില്‍ പ്രധാനമായി പറയുന്ന ഒന്ന് അദ്ദേഹം ഗോര്‍ഡിയസ് എന്ന പട്ടണത്തിലുണ്ടായിരുന്ന ഊരാക്കുരുക്ക് തകര്‍ത്തു എന്നതാണ്. കെട്ട് പൊ
ട്ടിക്കുന്നവന്‍ മഹാനാകും, ഏഷ്യയുടെ ചക്രവര്‍ത്തിയാകും. അലക്‌സാണ്ടര്‍ വന്നു. കെട്ടഴിച്ചില്ല. ഒറ്റ വെട്ട്. കെട്ട് പൊ
ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടു, ഊരാക്കുരുക്കുകള്‍ പലതും തൊഴിലാളികളെ കെട്ടിയിട്ടിരിക്കുന്നു. മോദി കെട്ട് ഒറ്റ വെട്ടിനു പൊട്ടിച്ചു. കുരുക്കിട്ടവര്‍ പറഞ്ഞില്ലേ പണം എറിഞ്ഞാലെ ഈ തൊഴില്‍ക്കുരുക്ക് പൊട്ടൂ എന്ന്. മോദി പണമെറിഞ്ഞു. ഇന്നല്ല, ഇന്നലെ എറിഞ്ഞു. മോദിയുടെ ഒരു ചോദ്യം, മറു ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായി. കേന്ദ്രം മുന്‍കൂര്‍ തന്ന പണം കയ്യിലില്ലേ? സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് തന്ന പണം. അതെടുത്ത് ഇതര സംസ്ഥാന തൊഴിലാളികളെ തീറ്റിപ്പോറ്റൂ. തീര്‍ന്നില്ല. അവര്‍ക്കായി ഇടത്താവളങ്ങളൊരുക്കി. നാട്ടിലെത്തിയാല്‍ തൊഴിലുറപ്പിക്കാന്‍ 40,000 കോടി രൂപ തൊഴിലുറപ്പ് പദ്ധതിയില്‍ അധികമായി നല്‍കി. ഇവര്‍ക്ക് തൊഴില്‍ നല്‍കുന്ന പരിമിത ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് 3.7ലക്ഷം കോടി അനുവദിച്ചു. കാര്‍ഷികരംഗത്ത് തുടരാന്‍ ഒരു ലക്ഷം കോടി വേറെയും.
കുരുക്കുകള്‍ ഇനിയും ഉണ്ട്. പുതിയവ ഇട്ടുകൊണ്ടേയിരിക്കുന്നു. അകത്തു നിന്നും പുറത്തു നിന്നും. സാരമില്ല. ഓതിരവും കടകവും അല്ലേ കഴിഞ്ഞുള്ളൂ, പൂഴിക്കടകന്‍ വരാനിരിക്കുന്നതെയുള്ളൂ. ടര്‍ഗനീവ് ചിരിക്കുന്നു. മോദി ടര്‍ഗനീവ് ആയി മാറി. ഒസോക്കിന്മാര്‍ ഒസോക്കിന്മാരായി തന്നെ നില്‍ക്കട്ടെ.
(കൊറോണാനന്തര കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: