ആനന്ദമയകോശത്തെ 4 ശ്ലോകങ്ങളിലായി വിവരിക്കുന്നു.
ശ്ലോകം 207
ആനന്ദ പ്രതിബിംബ ചുംബിത തനുര്‍ വൃത്തി സ്തമോജൃംഭിതാ
സ്യാദാനന്ദമയഃ പ്രിയാദി ഗുണകഃ സ്വേഷ്ടാര്ത്ഥ ലാഭോദയ:
പുണ്യസ്യാനുഭവേ വിഭാതി കൃതിനാമാനന്ദരൂപഃ സ്വയം
ഭൂത്വാ നന്ദതി യത്ര സാധുതനുഭൃന്മാത്ര: പ്രയത്നം വിനാ
ആനന്ദസ്വരൂപമായ ആത്മാവിന്റെ പ്രതിബിംബം തട്ടിപുളകമണിഞ്ഞതും അവിദ്യയുടെ പരിണാമ രൂപവുമായ വൃത്തിയാണ് ആനന്ദമയകോശം. പ്രിയം മുതലായ ഗുണങ്ങളോടുകൂടിയ ഇത് ഇഷ്ട വസ്തു ലാഭത്തില്‍ പ്രകടമാകും.പുണ്യഫലത്തെ അനുഭവിക്കുന്ന ഭാഗ്യവാന്മാര്ക്ക് ഇത് സ്വയം ആനന്ദരൂപമായി വിളങ്ങും എല്ലാ ജീവികളും പ്രയത്നമില്ലാതെ ആനന്ദമനുഭവിക്കുന്നത് ഈ ആനന്ദമയകോശത്തിലാണ്.
ആനന്ദത്തെ അനുഭവിപ്പിക്കുന്നതാണ് ആനന്ദമയകോശം.ഇത് കാരണ ശരീരവുമായും സുഷുപ്തി അവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നു.
ആനന്ദമയ കോശത്തെ മറ്റ് കോശങ്ങളെ പറഞ്ഞതു പോലെ പ്രകടമായി പറയാനാവില്ല. തത്സമയം അനുഭവിക്കുകയും പറയുകയും ചെയ്യാനാവില്ല.
ജാഗ്രദവസ്ഥയില്‍ ഇതിന് പ്രത്യേകിച്ച് പ്രകടനമൊന്നും പുറമേയ്ക്ക് കാണാനാവില്ല.എന്നാല്‍ നാം ആനന്ദമനുഭവിക്കുന്നുണ്ട് താനും. സ്വപ്നത്തിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. എന്നാല്‍ സുഷുപ്തിയില്‍ ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ ഒന്നും പ്രവര്‍ത്തിക്കാത്ത സമയത്തും നാം അനന്ദം അനുഭവിക്കുന്നുണ്ട്.
ആനന്ദമയകോശം ഒരു വൃത്തി അഥവാ ചിന്താ തരംഗമാണ്. നല്ല ഉറക്കത്തിലും ഇത് പ്രകടമാകുന്നു. സമാധിയിലാണ് ആനന്ദം നന്നായി അനുഭവിക്കുന്നത് എന്ന് പറയാം. അത്രയൊന്നും ഇല്ലെങ്കിലും ഉറക്കത്തിലെ ആനന്ദം വളരെ വലുതാണ്. അവിടെ ദുഃഖത്തിന്റെ അഭാവമാണ് ആനന്ദത്തെ ഉണ്ടാക്കുന്നത്.
ആനന്ദവൃത്തികള് ഉണര്‍ന്നിരിക്കുന്ന സമയത്ത് ഉണ്ടെങ്കിലും മനസ്സിലെ വിക്ഷേപം മൂലം വേണ്ടതു പോലെ അറിയാനാവില്ല. ജാഗ്രത്തില്‍ ചിന്താ പ്രവാഹത്തിന്റെ തള്ളലില്‍ ആനന്ദം ഒതുങ്ങും. എങ്കിലും നമ്മുടെ ഉള്ളിലെ ആനന്ദം നമുക്ക് വിഷയവസ്തുക്കളിലെ ആനന്ദത്തെ അനുഭവിക്കും. വിഷയാനന്ദം ഉള്ളിലെ ആനന്ദത്തെ ആശ്രയിച്ചിരിക്കും.
നമ്മള് ഉള്ളില്‍ സന്തോഷിച്ചിരിക്കുമ്പോള്‍ ലോകം ആനന്ദത്തിലും സുഖത്തിലുമെന്ന് തോന്നും.അല്ലെങ്കില്‍ നേരെ തിരിച്ചും.
സ്വപ്ന ലോകത്തും ആനന്ദമുണ്ട് അത് വെറും താല്ക്കാലികമാണ്. നാം ഓരോരുത്തരും ഉറക്കത്തിലാണ് ആനന്ദത്തിന്റെ ശരിയായ അവസ്ഥയെ അറിയുന്നത് എന്ന് മാത്രം.
ഞാന്‍ സുഖമായി ഉറങ്ങി… ഒന്നുമറിഞ്ഞില്ല എന്ന് നല്ല ഉറക്കം കഴിഞ്ഞു വരുന്ന എല്ലാവരും പറയാറുണ്ട്.ഇത് സൂചിപ്പിക്കുന്നത് ആനന്ദം അഥവാ ആനന്ദമയകോശം അവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
ആനന്ദസ്വരൂപനായ ആത്മാവ് തന്നെ കലര്‍പ്പായ സത്വമായി അവിദ്യയില്‍ പ്രതിബിംബിക്കുന്നതാണ് ആനന്ദമയകോശം. അവിദ്യയുടെ പരിണാമ വൃത്തിയാണിത്. യഥാര്‍ത്ഥ ആനന്ദത്തെയല്ല ഇവിടെ അനുഭവിക്കുന്നത്. എന്നിരുന്നാലും ആനന്ദമുണ്ട്. പ്രിയം ,മോദം പ്രമോദം എന്നീ നിലകളിലുള്ള ആനന്ദമാണ് ആനന്ദമയകോശം അനുഭവമാക്കുന്നത്. പുണ്യഫലത്തെ അനുഭവിക്കുന്നവര്‍ക്ക് ഇത് ആനന്ദസ്വരൂപം തന്നെയാണ് എല്ലാ ജീവികളുടേയും ആനന്ദം ഇത് മൂലമാണ്. ഉറക്കത്തില്‍ ഈ ആനന്ദാനുഭവം ഒരു പ്രയത്നവും കൂടാതെ അവയ്ക്കെല്ലാം ലഭിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: