അങ്ങേക്കര ഇങ്ങേക്കര
കണ്ണാന്തളി മുറ്റത്തൊരു
തുമ്പ മുളച്ചു…
തുമ്പേടെ തലപ്പത്തൊരാലു മുളച്ചു…
ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു…
ഉണ്ണിക്ക് കൊട്ടാനും പാടാനും
പറ പറക്കോലും തുടി തുടിക്കോലും..
പൂവേ പൊലി പൂവേ പൊലി..
ഉത്രാട ദിവസം പുലര്‍ച്ചെ നാലുമണിക്കു തന്നെ അയ്യപ്പനും കുറുമ്പയും തുയിലുണര്‍ത്തുമായി വീടുവീടാന്തരം കയറിയിറങ്ങും. തറവാടിന്റെ മുറ്റത്തെത്തുമ്പോള്‍ ഒരാര്പ്പുവിളിയുണ്ട്.
‘ഓണോ ഹോ… ആര്‍പ്പോ ഹോ… കിളിയോക്കോ കുറുകോണ്ടൂ… ഉറക്കത്തില്‍ നിന്ന് ചാടിപ്പിടഞ്ഞെഴുന്നേറ്റ് ചാരുപടിയില്‍ പോയി ചമ്രം പടിഞ്ഞിരിക്കും. ഉടുക്കു കൊട്ടിക്കൊണ്ടുള്ള അയ്യപ്പന്റെ ഓണപ്പാട്ടിനു മുന്‍പെ കുറുമ്പ കുശലാന്വേഷണം നടത്തും. ഗൗരിക്കുഞ്ഞ് പത്തൂ സം സ്കൂള്‍ പൂട്ട്യപ്പോ കുട്ട്യോളേം കൊണ്ട് പോന്നത് നന്നായി ന്ന് പ്രശംസിക്കും.വിമലക്കുഞ്ഞേ. പാടുന്നതിനിടയില്‍ ആരേലും വിട്ടു പോയാ ഒന്ന് ആംഗ്യം കാട്ടണേന്ന് വിമലമേമയെ ചട്ടം കെട്ടും. ഗൗരിക്കുഞ്ഞ് കല്യാണം കഴിഞ്ഞു പോയേ പിന്നെ ഇതൊക്കെ മറന്ന പോലാന്ന് പറഞ്ഞ് അയ്യപ്പന് അമ്മയെ കുറ്റപ്പെടുത്തും. ഇതിനിടയില്‍ പേരു ചൊല്ലി വിളിക്കുന്നതില്‍ തന്റെ പേരു നഷ്ടപ്പെടരുതേ. കുറുമ്പയ്ക്ക് ഓര്‍മ്മ വരേണമേ എന്ന് പ്രാര്‍ത്ഥിച്ച് കണ്ണടച്ചിരിക്കും. കുറുമ്പയും അയ്യപ്പനും സംഘവും ചാണകം മെഴുകിയ തറയില്‍ ഇരുന്നുകൊണ്ട് കണ്ഠശുദ്ധി വരുത്തും. അയ്യപ്പന് ഉച്ചസ്ഥായിയില്‍ തുയിലുണര്‍ത്തുപാട്ട് ആരംഭിക്കും.
‘തെക്കുനിന്ന് വടക്കോട്ടേയ്ക്കൊരു മാതേവരുടെ വരവുണ്ടെന്നേ…’ കുറുമ്പയും സംഘവും ഏറ്റുപിടിക്കും. ദൈവേ… ഓണപ്പാട്ടാരംഭിച്ചു. ഇനി ജലജക്കുഞ്ഞിന്റെ പേരു ചൊല്ലീട്ടുവേണം ശ്യാമളക്കുട്ടീടെ പേരു ചൊല്ലി വിളിക്കാന്‍. അതിനിടയില്‍ ശ്യാമളക്കുട്ടിയെ അയ്യപ്പന് മറക്കോ. ഇന്നലെ പടിപ്പുറത്ത് കണ്ടപ്പോഴും ചോദിച്ചത് ശ്യാമളക്കുട്ടി എപ്പൊ എത്തീന്നാ. അപ്പൊ മറക്കുവാന്‍ വഴീല്യ. അമ്മ ഗൗരിക്കുഞ്ഞ് എവിടേന്നും അന്വേഷിച്ചു. കുറുമ്പ മറന്നാലും അയ്യപ്പന് ഓര്‍ക്കും. അമ്മാവന്റെ മകള്‍ ജലജേച്ചിയുടെ പേരു കഴിഞ്ഞു വേണം തന്റെ പേരു ചൊല്ലാന്‍…
‘ലക്ഷ്മിക്കുട്ട്യേമ്മടെ പേരു പാടീട്ടല്ലോ..
പാറുക്കുട്ട്യേമ്മടെ പേര് പാടുന്നേ….
പാറുക്കുട്ട്യേമ്മടെ പേരു പാടീട്ടല്ലോ
സേതു തമ്പ്രാന്റെ പേര് പാടുന്നേ.’ ‘അയ്യപ്പനും കുറുമ്പയും തറവാട്ടിലെ ഓരോ അംഗത്തിന്റെ പേരും വയസ്സിന്റെ ക്രമത്തില്‍ തുടങ്ങി വച്ചിരിക്കയാണ്. ഇളയ ആളുടെ പേരു ചൊല്ലുമ്പോഴേക്കും സമയം ഇത്തിരി കൂടുമെന്ന് കുറുമ്പ വിമലമേമയെ ഇടയ്ക്കിടയ്ക്ക് ധരിപ്പിക്കുന്നുമുണ്ട്. അംഗവിക്ഷേപങ്ങള്‍ കൊണ്ട് വിമലമേമ ഓരോ ഏട്ടന്മാരുടെ മക്കളെയും ചേച്ചിമാരുടെ മക്കളെയും അവരുടെ പേരുകളും കുറുമ്പയെ പറഞ്ഞു മനസ്സിലാക്കുന്നുമുണ്ട്. ജലജേച്ചിയുടെ പേരു ചൊല്ലിക്കഴിഞ്ഞപ്പോള്‍ ഹൃദയത്തിനകത്ത് ദുന്ദുഭി നാദം…മറക്കുമോ ഈ ശ്യാമളക്കുട്ടിയെ..? അതാ, അയ്യപ്പന് തൊണ്ട തുറന്നു പാടുന്നു.
‘ ജലജക്കുട്ടീടെ പേരു ചൊല്ലീട്ടല്ലോ ..
ചുന്ദരി ശ്യാമളക്കുട്ടീടെ പേര് ചൊല്ലുന്നേ… ‘
ദൈവമേ… ഇതില്‍പ്പരം സൗഭാഗ്യം ലഭിക്കുവാനുണ്ടോ? ആര്‍ക്കും നല്‍കാത്ത വിശേഷണമാണ് അയ്യപ്പന് എല്ലാവരും കേള്‍ക്കെ പാടിയത്. അതും സുന്ദരീന്ന്.
തറവാട്ടിലെ അവസാനത്തെ കണ്ണിയുടെ പേരുവരെ ചൊല്ലി അയ്യപ്പനും കുറുമ്പയും ഓണപ്പാട്ട് അവസാനിപ്പിച്ചപ്പോള്‍ ചെറ്യേമ്മമ്മ നെല്ലും അരിയും വേഷ്ടിയും മുണ്ടും പണവും എല്ലാം കൈ നിറയെ നല്കി. കുറുമ്പയും അയ്യപ്പനും സംതൃപ്തിയോടെ മടങ്ങി. പുലര്‍ച്ചെ ആറു മണിക്കുതന്നെ ചാണകം മെഴുകിയ നടുമുറ്റത്ത് അപ്പുമാമ അരിമാവുകൊണ്ട് മനോഹരമായി അണിഞ്ഞിടും. കിഴക്കേപ്പുറത്തിരുന്ന് ചാത്തിയും അപ്പുമാമയും കൂടി നാലഞ്ചു ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ മാതേവരെ ഉണ്ടാക്കി വച്ചിട്ടുണ്ട്. പീഠത്തില്‍ ആ മാതേവരെ വച്ച് കുട്ടി മാതേരുകള്‍ വാഴയിലയില്‍ ചുറ്റും ക്രമീകരിക്കും. അതിനു മീതെ അരിമാവൊഴിച്ച് ഈര്‍ക്കിലിയില്‍ ചെമ്പരത്തി പൂ കോര്‍ത്ത് മാതേരിനു ചുറ്റും പൂക്കുടകള്‍ തീര്‍ക്കും.
മനോഹരമായ നടുമുറ്റവും നടുവില്‍ മാതേവരും. കോലം അണിഞ്ഞ് ഓണത്തപ്പനെ വരവേല്‍ക്കുന്ന പ്രക്രിയയില്‍ ഗ്രാമത്തിലെ ഓരോരോ വീടുകളും മത്സരിക്കും. ചിലപ്പോള്‍ ചെറുതായി മഴ ചാറിയാലോ എന്ന് നിരീച്ച് അപ്പുമാമ മാതേവര്ക്ക് ഓലക്കുട ചൂടും. പ്രതീക്ഷിക്കാതെയാണ് തറവാട്ടില്‍ നിന്ന് ചെറുപ്പത്തിലേ പടിയിറങ്ങിപ്പോയ അമ്മമ്മയുടെ ആങ്ങള ഗോവിന്ദമാമ ആ ഓണക്കാലത്ത് ഗ്രാമത്തില്‍ തിരിച്ചെത്തിയത്. ലക്ഷ്മിക്കുട്ടി അമ്മമ്മ മുന്നില്‍ വന്നു നില്ക്കുന്ന ആളെ ഒന്ന് സൂക്ഷിച്ചു നോക്കി. പാറുക്കുട്ട്യേന്ന് നീട്ടി വിളിച്ചു. പാറുക്കുട്ടി അമ്മമ്മ അടുക്കളേന്ന് വന്നു നോക്കുമ്പോള്‍ ലക്ഷ്മിക്കുട്ട്യമ്മമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതാണ് കണ്ടത്. മാതേവരുടെ പിന്നിലായി മുറ്റത്തു നില്ക്കുന്ന ആളെ പാറുക്കുട്ട്യമ്മമ്മ സൂക്ഷിച്ചു നോക്കി. ഇത് ഇത് നമ്മടെ ഗോവിന്ദനല്ലേന്ന് പറഞ്ഞ് ചേച്ചിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
കരച്ചിലിനൊടുവില്‍ വല്യമ്മമ്മയും ചെറ്യേമ്മമ്മയും ചേര്‍ന്ന് ഗോവിന്ദമാമയുടെ അടുത്തു പോയി സ്നേഹത്തലോടലുകളുമായി തെളിവെടുപ്പുകളാരംഭിച്ചു.
‘തെന്തൊരു കോലം ..കണ്ടില്യേ..താടീം മുടീം നീട്ടി… പട്ടിണി കെടന്ന് മെലിഞ്ഞൊട്ടി…’ ലക്ഷ്മിക്കുട്ട്യമ്മമ്മ തുടങ്ങിവെച്ചു. ‘നീ എവിടേര്ന്നു ഗോവിന്ദാ… ഇത്രേം കാലം. ഒറ്റയ്ക്കേള്ളു… കല്യാണോം ഒന്നും കഴിച്ചില്യേ…’ പാറുക്കുട്ടി അമ്മമ്മ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലേക്കു കടന്നു. സഞ്ചി തോളത്തു നിന്നിറക്കി തറവാടിനുളളിലേയ്ക്കു നടക്കുന്നതിനിടയില്‍ ഗോവിന്ദ മാമ പറഞ്ഞു. ‘കഴിഞ്ഞകാലമൊന്നും ഏട്ടത്തിമാര് ചോദിക്കരുത്… അതൊക്കെക്കഴിഞ്ഞു. ഇപ്പൊ തിരിച്ചെത്തീല്യേ… വേണ്ടാന്നുണ്ടോ… എങ്കില്‍ വന്നവഴിയെ പോകാം.’
‘എന്താദ് ഗോവിന്ദാ… നിന്റെ മുന്ശുണ്ഠിയ്ക്കൊരു കുറവൂല്യേ… ഈ ഉത്രാട നാളില്‍ ഞങ്ങള്‍ക്ക് ആനന്ദിക്കാന്‍ ഒരു വക്യായല്ലോ… എത്രയോ കാലായീട്ട് ഞങ്ങളെ വിട്ടുപോയ അനിയനെ തിരിച്ചു കിട്ടീല്യേ…’ചെറ്യേമ്മമ്മ പറഞ്ഞതു കേട്ട് ഗോവിന്ദ മാമ സന്തോഷത്തോടെ തറവാട്ടിലെ പടിഞ്ഞാറ്റയിലേയ്ക്ക് നടന്നു നീങ്ങി. ‘അവന്റെരോര്മ്മ കണ്ടില്യേ ഏട്ടത്തി… ചെറുപ്പത്തിലേ പടിഞ്ഞാറ്റ അവന്റെ സ്വന്താ…’ ചെറ്യേമ്മമ്മ ഇഷ്ടത്തോടെ പടിഞ്ഞാറ്റ തുറന്ന് ഗോവിന്ദമാമയുടെ തുണി സഞ്ചി കട്ടിലിന്റെ കാലില്‍ തൂക്കിയിട്ടു.
‘ഈ സഞ്ചീലെന്താ ഗോവിന്ദാ…’ ചെറ്യേമ്മമ്മ ചോദിച്ചു .
‘അതൊക്കെ വഴിയെ പറയാം ചെറ്യേടത്യേ.. ഞാനൊന്ന് കുളിച്ച് ചായ കുടിക്കട്ടെ.’
ഗോവിന്ദമാമ ചായ കുടിക്കുവാന്‍ ഊണ് തളത്തില്‍ പോയപ്പോള്‍ ഗോവിന്ദമാമയുടെ തുണി സഞ്ചിയില്‍ എന്തെന്നറിയുവാന്‍ ആകാംക്ഷയോടെ തപ്പി നോക്കുന്ന ചെറ്യേമ്മമ്മയെ കണ്ടു.
ഒരു ശിവലിംഗം… കുറച്ചു വെള്ളാരം കല്ലുകള്‍ .. രണ്ടു മുഷിഞ്ഞു നാറിയ മുണ്ട്… മുണ്ടിനിടയില്‍ ചളി പിടിച്ചു ദ്രവിച്ച വണ്ണത്തിലുള്ള രണ്ടു മരക്കോലുകള്‍… ഒപ്പം കീറിപ്പറിഞ്ഞ ഒരു കടലാസും.
ചെറ്യേമ്മമ്മ കടലാസു നിവര്‍ത്തി നോക്കി.. വായിച്ചു: ‘പാറുക്കുട്ട്യേടത്തി എനിക്കു സ്നേഹപൂര്‍വ്വം സമ്മാനിച്ച പറ പറക്കോലും തുടി തുടിക്കോലും.. കൈവിടാതെ കാത്തോളണേ മാതേവരെ .. ഓണത്തപ്പാ…’
പഴകി ദ്രവിച്ച രണ്ടു മരക്കോലുകളും കെട്ടിപ്പിടിച്ച് പാറുക്കുട്ട്യേമ്മമ്മ വിങ്ങിക്കരഞ്ഞു. ‘എന്തിനാ അമ്മമ്മ കരയണത്?’ എന്ന ചോദ്യത്തിനുത്തരമായി അമ്മമ്മ തന്നെ മാറോടണച്ച് ആശ്ലേഷിച്ചു. എന്നിട്ടു പറഞ്ഞു: ‘ശ്യാമളക്കുട്ടി കുറുമ്പേം അയ്യപ്പനും ഓണപ്പാട്ട് പാടുവാന്‍ വന്നപ്പൊ ചോദിച്ചില്യേ…’ ഈ അയ്യപ്പന് പറയുന്ന പറ പറക്കോലും തുടി തുടിക്കോലും എന്താന്ന്? അന്ന്, അന്ന്, പണ്ടൊരിക്കല്‍ ഗോവിന്ദനും ചോദിച്ചിരുന്നു ഇതേ ചോദ്യം തന്നെ. അവനു കൊടുത്തതാ ഈ ഏട്ടത്തി. തുടി കൊട്ടിപ്പാടി വരുന്ന അയ്യപ്പന്റെ അമ്മാവന് ഷണ്മുഖന് നമ്മുടെ തറവാട്ടിലെ കൊട്ടിലില്‍ ഉപേക്ഷിച്ചു പോയ തുടിക്കോല്… തുയിലുണര്ത്തുകോല്… പറ പറക്കോലും തുടി തുടിക്കോലും.’
പടിഞ്ഞാറ്റയുടെ ഉമ്മറപ്പടിയില്‍ നിന്നിരുന്ന ഗോവിന്ദമാമ പൊട്ടിച്ചിരിച്ചുകൊണ്ട് ഉള്ളിലേയ്ക്കു വന്നു.
ഇനി ഈ പറ പറക്കോലും തുടി തുടിക്കോലും ശ്യാമളക്കുട്ടിക്ക് ഇരിക്കട്ടെന്ന് പറയുമ്പോള്‍ ചെറ്യേമ്മമ്മ ഗോവിന്ദമാമയെ സ്നേഹപൂര്‍വ്വം തഴുകുകയായിരുന്നു.
രജനി സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: