1987 ആഗസ്റ്റ് 26-ന് ഉച്ചയ്ക്ക് 12 മണിക്ക് ചേന്ദമംഗലം പാലിയത്തു കൂടിയ ആചാര്യസദസ്സ് പ്രഖ്യാപിച്ച പാലിയം വിളംബരം:
”സനാതന ധര്‍മം വേദതത്വങ്ങളില്‍ അധിഷ്ഠിതമാണെന്നും, ആ തത്വങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുന്നതിനുവേണ്ടി നിര്‍മിച്ച ആചാരസംഹിതകളാണ് സ്മൃതികളെന്നും, ദേശകാലാവസ്ഥകള്‍ അനുസരിച്ച് ആചാരങ്ങള്‍ക്കു വ്യത്യാസം വരുത്തിയിരുന്നുവെന്ന് സ്മൃതികളുടെ വൈവിധ്യംകൊണ്ടുമാത്രം മനസ്സിലാക്കാമെന്നും, വളരെക്കാലമായി ഇപ്രകാരം ആവശ്യമായ ഭേദഗതികള്‍ ആചാരങ്ങള്‍ക്കു വരുത്താതിരുന്നതുമൂലം ജനനാടിസ്ഥാനത്തില്‍ ഉറച്ച ജാതി സമ്പ്രദായം ഇന്നത്തെ ജീവിത നീതിക്ക് യോജിക്കാത്തവിധം സമുദായ സംഘടനകള്‍ ദുഷിച്ച് നമ്മുടെ മൂലതത്വങ്ങളെത്തന്നെ ചോദ്യം ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നുവെന്നും, ഹൈന്ദവജനതയുടെ താല്പര്യമനുസരിച്ച് കൂടിയിരിക്കുന്ന വൈദിക-താന്ത്രിക-ശാസ്ത്ര പാണ്ഡിത്യവും പാരമ്പര്യവുമുള്ളവരുടേതായ ഈ ആചാര്യ സദസ്സിനു ബോധ്യപ്പെട്ടിരിക്കയാല്‍, നമ്മുടെ മതത്തിന്റെ മൗലിക തത്വങ്ങളില്‍ അടിയുറച്ച ഒരു സാമൂഹ്യ ജീവിതം കേരളത്തില്‍ തുടര്‍ന്നു നിലനിര്‍ത്തുന്നതിനുവേണ്ടി, കര്‍മങ്ങളെക്കൊണ്ട് ബ്രാഹ്മണ്യം നേടാമെന്ന തത്വം അംഗീകരിച്ചുകൊണ്ട് സംസ്കാര കര്‍മങ്ങള്‍ക്ക് ജനനം ഉപാധിയല്ലെന്നും കര്‍മങ്ങള്‍ മൂലം ആര്‍ക്കും ബ്രാഹ്മണ്യം നേടാനാവുന്നതാണെന്നും, അപ്രകാരം ബ്രാഹ്മണ്യം നേടിയ ആര്‍ക്കും ക്ഷേത്ര പൗരോഹിത്യമുള്പ്പെടെ പൗരോഹിത്യത്തിന് അര്‍ഹതയുണ്ടെന്നും നാം ഇതിനാല്‍ വിളംബരം ചെയ്തു കൊള്ളുന്നു.”
വിളംബരം ഐകകണ്ഠ്യേന അംഗീകരിച്ചശേഷം താഴെ കാണുന്നവിധം ഒരു പ്രഖ്യാപനവും ഏകകണ്ഠമായിത്തന്നെ നടത്തി.
”ഷോഡശ സംസ്കാര കര്‍മങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കും ആകാവുന്നതാണെങ്കിലും പൗരോഹിത്യ പരിശീലന യോഗ്യത സമാവര്‍ത്തന പര്യന്തമുള്ള കര്‍മങ്ങള്‍ ആയിരിക്കുമെന്നും അവ ആശ്വലായന ഗൃഹ്യസൂത്രമനുസരിച്ചു മതിയെന്നും ഈ ആചാരസദസ്സ് പ്രഖ്യാപനം ചെയ്യുന്നു.”
1938ലെ തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം, അതിന്റെ അടുത്ത പടിയെന്നോണം സമ്പന്നമാക്കപ്പെട്ട ഈ വിളംബരം സംഘപ്രചാരകനായിരുന്ന പി. മാധവന് എന്ന മാധവജിയുടെ ജീവിതോദ്ദേശ്യമായിരുന്നെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. തിരുവിതാംകൂര്‍ വിളംബരത്തിനു പിന്നില്‍ പ്രബുദ്ധമായ രാജശക്തിയും, മഹാപണ്ഡിതനായിരുന്ന ദിവാന് സി.പി രാമസ്വാമി അയ്യരുടെ ഉപദേശവുമുണ്ടായിരുന്നു. പാലിയം വിളംബരം നടത്തിയവരില്‍ വൈദികരും അല്ലാത്തവരുമായ ബ്രാഹ്മണരും ക്ഷത്രിയ വൈശ്യശൂദ്രരുമായ മഹാപണ്ഡിതന്മാരുമുള്പ്പെട്ടിരുന്നു. അവരെയും മറ്റു പണ്ഡിതന്മാരെയും സാധാരണ ഹിന്ദു മനോഭാവക്കാരെയും ഇതിന് തയ്യാറാക്കാന്‍ മാധവജി നടത്തിയ ഭഗീരഥ പ്രയത്നം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
സംഘപ്രചാരകനായിരുന്നതിനാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ ആദ്യം സംഘാധികാരിമാരുടെ സമ്മതി നേടി. ഹൈന്ദവ ആത്മീയതത്വങ്ങളനുസരിച്ചുള്ള കേരളാചാരങ്ങളെക്കുറിച്ച് അവഗാഹം നേടാനുള്ള പ്രയത്നം 1950കളില്‍ത്തന്നെ നടന്നുവന്നു. 1954 മുതല്‍ നാലഞ്ചുകൊല്ലം തിരുവനന്തപുരം കേന്ദ്രമായി പ്രചാരകനായിരുന്നപ്പോള്‍ അവിടത്തെ പ്രമുഖ ആധ്യാത്മിക ചിന്തകരുമായി ആശയവിനിമയം നടത്താന്‍ സാധിച്ചു. തലസ്ഥാനത്തെ പ്രമുഖ ഗ്രന്ഥാലയങ്ങളെല്ലാം-ശ്രീചിത്രാ ഹിന്ദുമത ഗ്രന്ഥശാല, യൂണിവേഴ്സിറ്റി ലൈബ്രറി, പബ്ലിക് ലൈബ്രറി, ഹസ്തലിഖിത ഗ്രന്ഥശാല എന്നിവയൊക്കെ-ഉപകരിച്ചു. അധ്യാത്മ ശാസ്ത്രത്തിന്റെ അഗാധതയിലിറങ്ങി അവയുടെ സാരാംശങ്ങള്‍ ഗ്രഹിച്ചു. ക്രമേണ തന്റെ അഭിലാഷങ്ങള്‍ക്ക് വ്യക്തത വന്നുതുടങ്ങി. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവക്കാലത്ത് അവിടെ വിവിധ വിഭാഗക്കാരുടെ വകയായി നടന്നുവന്ന കലാപരിപാടികളിലെ ദൈവികവും താത്വികവുമായ അംശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. വിവിധ പ്രദേശങ്ങളിലെ സവിശേഷമായ നാടോടിക്കലകളുടെ പഠനവും നടത്തി.
1960കളില്‍ മലബാര്‍ ഭാഗത്തെ പ്രവര്‍ത്തനം നോക്കിയപ്പോള്‍, അവിടെ നിലവിലുള്ള തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാനങ്ങള്‍ ശ്രദ്ധിച്ചു. അതിലെ കലാകാരന്മാരെ നേരിട്ടുകണ്ട് ഓരോ വേഷം ധരിക്കുമ്പോള്‍ അവരിലുണ്ടാകുന്ന അനുഭൂതി ഭിന്നതകള്‍ നേരിട്ടു ചോദിച്ചറിഞ്ഞു. താന്ത്രികോപാസനകള് ആദ്യം താത്വികമായി പഠിച്ചു പാണ്ഡിത്യം നേടി. ഒരു ഗുരുവിനെ തേടിയും കുറെ സഞ്ചരിച്ചു. യാദൃച്ഛികമായാണ് പയ്യന്നൂരിലെ പള്ളത്ത് നാരായണന് നമ്പൂതിരിയെന്ന സിദ്ധി കൈവരിച്ച ആളെ കണ്ടെത്തിയത്. അദ്ദേഹത്തില്‍നിന്ന് ഉപദേശം നേടി ശിഷ്യത്വം വരിച്ചു.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ട നിരവധി മഹാക്ഷേത്രങ്ങള്‍ മലബാറിലുണ്ടായിരുന്നു. ജനകീയം വന്നപ്പോള്‍ പ്രചരിച്ച നിരീശ്വര രാഷ്ട്രീയവും ഭൂപരിഷ്കരണ നിയമങ്ങളും ക്ഷേത്രങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും ആദ്ധ്യാത്മികാചാരങ്ങളെയും കെടുത്തിക്കളഞ്ഞു. അന്തിത്തിരിപോലും കത്തിക്കാത്ത അമ്പലങ്ങള്‍ അനവധിയായിരുന്നു.
ജാതിഭേദമെന്യേ ഹിന്ദുക്കള്‍ക്ക് പൗരോഹിത്യ വൃത്തി ചെയ്യാറാകണമെന്ന ആശയം മാധവജിക്കു നേരെത്തെയുണ്ടായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ശ്രമഫലമായി ഈ രംഗത്തുണ്ടായ മാറ്റങ്ങള്‍ അദ്ദേഹം ഉള്‍ക്കൊണ്ടു. കേരളത്തിലെ പരമ്പരാഗത തന്ത്രി കുടുംബങ്ങളുമായി ബന്ധം പുലര്‍ത്തി. പൂജനീയ ഗുരുജിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു ഉപദേശവും അനുഗ്രഹവും തേടി. ഒട്ടേറെ പ്രമുഖ പണ്ഡിതന്മാരും വൈദികരും തന്ത്രിമാരും അദ്ദേഹത്തെ സമീപിച്ചു. അങ്ങനെയുള്ള അവസരങ്ങളില്‍ പൗരോഹിത്യ വൃത്തിയിലേര്പ്പെടുന്നവരെ ഗുരുവിന്റെ ഗോത്രക്കാരായി കരുതണമെന്ന് ഗുരുജി നിര്‍ദ്ദേശിച്ചു. അതിനു സാധിക്കുന്നില്ലെങ്കില്‍ ‘കശ്യപ’ഗോത്രമാവാം എന്നു നിര്‍ദ്ദേശിച്ചു. സ്മൃതി പാരിജാത് എന്ന പുസ്തകത്തില്‍ ആര്. ഹരി ആ വിവരങ്ങള്‍ മുഴുവന്‍ നല്‍കിയിട്ടുണ്ട്.
നാനാജാതികളില്‍പ്പെട്ട പ്രമുഖ വ്യക്തികളെ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തി ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിന് മാധവജി നടത്തിയ ശ്രമങ്ങള്‍ അഖണ്ഡമായ ജ്ഞാനയജ്ഞം തന്നെയായിരുന്നു. അതില്‍ പങ്കെടുത്ത് സ്വയം ധന്യത നേടിയവര്‍ ആയിരക്കണക്കിനുണ്ടാവും. പത്രപ്രവര്‍ത്തകര്‍, പ്രൊഫസര്‍മാര്‍, ശാസ്ത്രജ്ഞര്‍, ആധ്യാത്മിക ചിന്തകര്‍, പുരോഹിതര്‍, വൈദികര്‍, നാടോടി കലാകാരന്മാര് എന്നിവരെയൊക്കെ അദ്ദേഹം സമീപിച്ചിരുന്നു. തന്റെ ദൗത്യത്തെപ്പറ്റി കാഞ്ചികാമകോടി പീഠത്തിലെ മഹാ സ്വാമി ചന്ദ്രശേഖരേന്ദ്ര സരസ്വതിയെയും ജയേന്ദ്ര സരസ്വതിയെയും ധരിപ്പിച്ചു. ജയേന്ദ്ര സരസ്വതി സ്വാമികള്‍ ഇക്കാര്യത്തില്‍ മാധവജിയുടെ പ്രയത്നങ്ങള്‍ക്ക് സകല അനുഗ്രഹങ്ങളും നല്കി. ഗുരുവായൂരില്‍ ചേര്‍ന്ന ആചാര്യ സമ്മേളനത്തില്‍ ശങ്കരാചാര്യ സ്വാമികള്‍തന്നെ അബ്രാഹ്മണരായ അര്ച്ചകര്ക്ക് പരിശീലനം നല്കാന് നിര്‍ദ്ദേശിച്ചു. ആചാര്യ സ്വാമികള്‍തന്നെ ആലുവ അദൈ്വതാശ്രമത്തില്‍ നടത്തപ്പെട്ട പരിശീലനത്തില്‍ ഉപദേശം നല്കി. എറണാകുളം അയ്യപ്പന്‍കാവില്‍ അവര്‍ക്ക് ബ്രാഹ്മണ പത്രവും സ്വാമികളുടെ തൃക്കൈകള്‍കൊണ്ടുതന്നെ നല്കി.
എറണാകുളത്ത് 1982ല്‍ നടത്തപ്പെട്ട വിശാലഹിന്ദു സമ്മേളനത്തില്‍ ആധ്യാത്മികവശം മാധവജി നോക്കി. ശ്രീനാരായണ പരമ്പരയിലെ പറവൂര്‍ ശ്രീധരന് തന്ത്രി മുഖ്യകര്മിയായും പരമ്പരാഗത തന്ത്രിയായ സൂര്യകാലടി ഭട്ടതിരി പരികര്‍മിയായും നടത്തപ്പെട്ട സുദര്‍ശനഹോമം സാമൂഹ്യ വിപ്ലവം തന്നെയായിരുന്നു.
മാധവജിയുടെ ഈദൃശ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായോഗിക രൂപം നല്‍കാനായി ആരംഭിച്ച തന്ത്രവിദ്യാപീഠം ആലുവയ്ക്കടുത്തു വെളിയത്തുനാട്ടില്‍ പ്രവര്‍ത്തിക്കുന്നു. വിശ്വഹിന്ദുപരിഷത്തിന്റെ സംസ്ഥാന കാര്യദര്‍ശിയായിരുന്ന ഇരവി നമ്പൂതിരിപ്പാട് തന്റെ ഊരാണ്മയിലുണ്ടായിരുന്ന ചെറിയത്ത് ക്ഷേത്രവും പരിസരങ്ങളും അതിനായി നല്‍കിയതോടെ ആ സ്ഥാപനം ഐശ്വര്യപ്രാപ്തിയിലായി. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ ശാന്തിമാര്‍ അവിടെ പരിശീലനം നേടിയവരായുണ്ട്. മാധവജിയുടെ സ്വപ്നങ്ങള്‍ക്ക് തികഞ്ഞ സാക്ഷാത്കാരം കൈവരിക്കാന്‍ ഇനിയും ഏറെ അതിന് മുന്നോട്ടുപോകേണ്ടതുണ്ട്.
കേളപ്പജിയുടെയും മറ്റും ഉത്സാഹത്തില്‍ രൂപീകൃതമായ മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി കേരള വ്യാപകമാക്കുന്നതിന് അദ്ദേഹം മാധവജിയുടെ സഹകരണം തേടി. സംഘവും അതിന് വ്യാപകമായി മുന്നിട്ടിറങ്ങി. കേരളമാകെ ചിതറിക്കിടന്ന ആയിരക്കണക്കിന് ‘പൊളിഞ്ഞമ്പല’ങ്ങള്, ഭക്തജനസമൃദ്ധികൊണ്ടും പുനരുദ്ധാരണശ്രമങ്ങള്കൊണ്ടും പുതിയ ചൈതന്യം ഉണര്‍ത്തിയതിനു പിന്നില്‍ മാധവജിയുടെ തപസ്സാണുള്ളത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കു മാത്രമായി നടന്നുവന്ന പ്രാതലിന് എല്ലാ ഹിന്ദുക്കളെയും അര്‍ഹരാക്കാന്‍ കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട യാത്രയ്ക്കു വഴിനീളെ സ്വീകരണങ്ങള്‍ കൊടുക്കാന്‍ മാധവജിയും പ്രാന്തപ്രചാരക് ഭാസ്കര്‍ റാവുവും ആഹ്വാനം നല്‍കിയതിന്റെ ഫലമായി യാത്ര ഗുരുവായൂരില്‍ എത്തിയപ്പോഴേക്കും അന്തര്ജനങ്ങളടക്കം ആയിരക്കണക്കിനാളുകള്‍ അവരെ സ്വീകരിക്കാനെത്തിയിരുന്നു.
തന്ത്രവിദ്യാപീഠവും പാലിയം വിളംബരവും മാധവജിയുടെ സ്വയംസേവകത്വത്തിന് മാതൃകാപരമായ പരിപൂര്ത്തിയാണെന്നു ഞാന്‍ കരുതുന്നു. പ്രബുദ്ധമായ ഹൈന്ദവതയുടെ ആ സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ പ്രബുദ്ധത നേടേണ്ടതുണ്ട്. എറണാകുളത്തെ പാവക്കുളം ക്ഷേത്രത്തില്‍ പ്രവേശിക്കല്‍ ഷര്‍ട്ട് ധരിച്ചുകൊണ്ടുമാവാമെന്നും, ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന ഏതു മതത്തില്‍ ജനിച്ചവനുമാകാമെന്നും നിഷ്കര്‍ഷിച്ചത് മാധവജിതന്നെയായിരുന്നു. പ്രബുദ്ധമായ ആ പാരമ്പര്യത്തെ നാം മുന്നോട്ട് നയിക്കണം. മാധവജി തന്റെ മനശ്ശക്തിയും മസ്തിഷ്ക ശക്തിയും കൊണ്ടെത്തിച്ചിടത്തുനിന്ന് കൂടുതല്‍ ചൈതന്യത്തോടെ മുന്നേറാന്‍ നമുക്ക് സാധിക്കട്ടെ എന്ന് അദ്ദേഹത്തിന്ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: