ഇരിട്ടി: കോവിഡ് രോഗപ്പകർച്ചയിൽ ഇരിട്ടി ടൗൺ ഉൾപ്പെടുന്ന മലയോര മേഖല കടുത്ത ആശങ്കയിലായി. രണ്ടാഴ്‌ച്ചക്കിടയില്‍ പന്ത്രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . അതില്‍ ഒരാള്‍ മരിക്കുകയും ചെയ്തതോടെയാണ് ഇരിട്ടി, തില്ലങ്കേരി -മുഴക്കുന്ന് പ്രദേശങ്ങള്‍ കടുത്ത ആശങ്കയിലായത് . രോഗബാധിതരില്‍ അഞ്ചു പേര്‍ വിദേശങ്ങളില്‍ നിന്നു വന്നവരും രണ്ട് പേര്‍ വിമാന ജീവനക്കാരും അഞ്ച് പേര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗബാധയുണ്ടായിരിക്കുന്നത്.
ഇരിട്ടി പയഞ്ചേരിയില്‍ വിദേശത്തു നിന്നും എത്തിയ കുടുംബത്തിലെ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള 70കാരനാണ് മരിച്ചത്. സമ്പര്‍ക്കം വഴി മൂന്ന് പേരിലേക്ക് രോഗം പകര്‍ന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. രോഗവ്യാപനം തടയുന്നതില്‍ ആരോഗ്യ വകുപ്പിനുണ്ടായ വീഴ്‌ച്ചയും മേഖലയില്‍ ചര്‍ച്ചയാവുകയാണ്.
എടക്കാനത്ത് രോഗം സ്ഥിരീകരിച്ച യുവതിക്ക് ഗള്‍ഫില്‍ നിന്നും രോഗബാധയുണ്ടായിരുന്നു. ഇവരുടെ ആദ്യ പരിശോധന ഫലം പോസിറ്റീവ് ആവുകയും തുടര്‍ന്നുള്ള പരിശോധനയില്‍ നെഗറ്റീവ് അവുകയും ചെയ്തു. ഇവരുടെ മെഡിക്കല്‍ രേഖകളെല്ലാം ബന്ധപ്പെട്ടവരെ അറിയിക്കുകയും 14 ദിവസം വീട്ടില്‍ നിരീക്ഷണ ത്തില്‍ കഴിയുകയും ചെയ്തിരുന്നു . നിരീക്ഷണ കാലയളവില്‍ ഇവരുടെ സ്രവം പരിശോധനയ്‌ക്ക് വയ്‌ക്കണമെന്ന് വിട്ടു കാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. നിരീക്ഷണ കാലാവധി കഴിയുന്ന ദിവസമാണ് സ്രവം പരിശോധനയ്‌ക്ക് എടുത്തത്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാഞ്ഞതിനാല്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരോട് ചോദിച്ച് ഇവർ പുറത്തിറങ്ങുകയും ചെയ്തു . ഇവരുടെ കുടുംബക്കാരും പുറത്തിറങ്ങി പലരുമായി സമ്പര്‍ക്കം പുലർത്തുകയുണ്ടായി . വൈകിട്ടോടെയാണ് ഇവര്‍ക്ക് പോസറ്റീവാണെന്ന സ്ഥിരീകരണം വരുന്നത് .
രോഗ ബാധയുണ്ടായ യുവതിയും അവരുടെ ബന്ധുക്കളും പലരുമായി ബന്ധം പുലര്‍ത്തിയതോടെ ഇരിട്ടി നഗരസഭയിലെ എടക്കാനത്തെ രണ്ട് വാര്‍ഡുകള്‍ ഹോട്ട് സ്പോര്‍ട്ടാക്കി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പയഞ്ചേരിയില്‍ നാലംഗ പ്രവാസി കുടുംബത്തിലെ യുവാവിന് രോഗലക്ഷണം ഉണ്ടായിട്ടും ഇയാക്കൊപ്പം യാത്രചെയ്ത് എത്തിയ പ്രായമായ രണ്ട് പേരെ നിരീക്ഷിക്കുന്നതിലും അവരുടെ സ്രവം പരിശോധനയ്‌ക്ക് അയക്കുന്നതിലും വന്‍ വീഴ്‌ച്ചയുണ്ടായി. ഇവര്‍ കൂത്തുപറമ്പിലെ തറവാട് വീട്ടിലേക്ക് താമസം മാറ്റിയത് പോലും വളരെ വൈകിയാണ് ബന്ധപ്പെട്ടവര്‍ അറിയുന്നത്. 70കാരന്‍ രോഗം സ്ഥിരീകരിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ മരിക്കുകയും ചെയ്തു. ഇയാളുടെ പ്രയമായ ഭാര്യക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇവര്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
തില്ലങ്കേരിയിലും മുഴക്കുന്നിലും രണ്ട് പേര്‍ക്ക് വീതമാണ് ഇന്നലെ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. തില്ലങ്കേരി കാവുംമ്പടിയില്‍ രണ്ടാഴ്‌ച്ച മുമ്പ് രോഗം സ്ഥിരികരിച്ച വിമാനജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങളായ എണ്‍പത്കാരിക്കും സഹോദരനുമാണ് ശനിയാഴ്ച രോഗം സ്ഥിരികരിച്ചത്. വിമാന ജീവനക്കാരന്റെ പിതാവിന് നേരത്തെ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരികരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന മുഴക്കുന്ന് ആയിച്ചോത്ത് സ്വദേശിയായ യുവാവിനും രോഗം സ്ഥിരികരിച്ചു.
മുഴക്കുന്ന് തളിപൊയിലിലെ കെ എസ് ആര്‍ ടി സി ജീവനക്കാരനും സ്മ്പര്‍ക്കം മൂലം ശനിയാഴ്‌ച്ച രോഗം സ്ഥിരികരിച്ചിട്ടുണ്ട്. ഇന്നലെ സമ്പര്‍ക്കം മൂലം രോഗം സ്ഥിരികരിച്ചയാള്‍ ഇരിട്ടി പട്ടണവുമായി അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെട്ടിരുന്നു. ഇതും മേഖലയിലുള്ളവര്‍ക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: