തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ കോവിഡ് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന നിബന്ധനയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെ വിവാദത്തില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വിമാന യാത്രയ്ക്ക് മുമ്പായി ആന്റി ബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ തീരുമാനം.
ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ കൊറോണ രോഗ പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കിയെങ്കില്‍ മാത്രമേ ടിക്കറ്റ് ബുക്കിങ്ങിന് അനുവദിക്കൂവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിബന്ധന പുറത്തിറക്കിയത്. ഈ മാസം 20 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
വന്ദേഭാരത് മിഷനിലൂടെ രാജ്യത്തെത്തുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പോലും ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിരുന്നില്ല. അപ്പോഴാണ് സംസ്ഥാനം പുതിയ നിബന്ധന കൊണ്ടുവരുന്നത്. 48 മണിക്കൂറിന് മുന്നില്‍ കൊറോണ പരിശോധന റിപ്പോര്‍ട്ട് ലഭിക്കുക പ്രയാസമാണ്. യുഎഇയില്‍ ഒഴിച്ച് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലൊന്നും സ്വകാര്യ ലാബുകളില്‍ കൊറോണ രോഗ പരിശോധന നടത്തുന്നില്ല. അങ്ങിനെയിരിക്കേ ഇത്രയും അധികം ആളുകള്‍ക്ക് പരിശോധന നടത്തി ഫലം കൃത്യസമയത്ത് നല്കാന് ചിലപ്പോള്‍ സാധിച്ചെന്നിരിക്കില്ല. ഇതും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാകും.
സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. നാട്ടിലേക്ക് തിരിച്ചെത്തുന്ന മലയാളികളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടിയെന്നും അവര്‍ കുറ്റപ്പെടുത്തി. ഇത് കൂടാതെ പല രാജ്യങ്ങളിലും വലിയ തുകയാണ് പരിശോധനയ്ക്ക് വേണ്ടിവരിക. നിലവിലെ സാഹചര്യത്തില്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് പരിശോധന നടത്താന്‍ സാധിക്കില്ലെന്നും പ്രവാസികള്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ ഈ നടപടി നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും വിമര്‍ശിച്ചു. പ്രവാസികളെ സ്വീകരിക്കാനുള്ള തയ്യാറെടെപ്പുകളെല്ലാം പൂര്‍ത്തിയായതായാണ് കേരളം കേന്ദ്രത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനായി സംസ്ഥാനം മനപ്പൂര്‍വ്വം കൊണ്ടുവന്നതാണ് ഈ നിബന്ധനയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: