ന്യൂദല്‍ഹി: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. മകനായ കാസിം ഗിലാനിയാണ് വിവരം ട്വിറ്ററിലൂടെ പുറ്ത്തുവിട്ടത്. വിഷയത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെയും സര്ക്കാരിെതിരെയും രൂക്ഷ വിമര്‍ശനമാണ് കാസിം നടത്തിയിരിക്കുന്നത്.
ഇമ്രാന് ഖാന്റെ സര്‍ക്കാരിനും നാഷണല്‍ അക്കൗണ്ടിബിലിറ്റി ബ്യൂറോയ്ക്കും നന്ദി. നിങ്ങള്‍ വിജയകരമായി എന്റെ പിതാവിനെ അപകടത്തിലാക്കിയിരിക്കുന്നു. അദേത്തിന്റെ കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു. കാസിം ഗിലാനി ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി ആയിരിക്കെ വിദേശത്തേക്ക് നടത്തിയ യാത്രകളില്‍ നിന്നും ലഭിച്ച പാരിതോഷികങ്ങളില്‍ നടത്തിയ തിരിമറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗിലാനിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയും കൊറോണ ബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്.
ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലധികം കൊറോണ കേസുകളാണ് പാക്കിസ്ഥാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടായിരത്തി അഞ്ഞൂറിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: